താൾ:Ramarajabahadoor.djvu/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഭട്ടൻ പുച്ഛം മുറിഞ്ഞ മുതലപോലെ മണിയറത്തറയിൽത്തന്നെ മലർന്നു വീണു.

നിദ്രയും ഭട്ടനും തമ്മിൽ ഒരു സൈരന്ധ്രീ-കീചകക്കളി നടക്കുന്നതിനിടയിൽ താഴത്തെ നിലയിലുള്ള ഒരു വാതിലിന്റെ ഓടാമ്പൽ സാവധാനത്തിൽ നീക്കപ്പെടുന്ന ശബ്ദം അദ്ദേഹത്തിന്റെ കർണ്ണത്തിൽ പതിച്ചു. വിശ്രമതന്ദ്രിയിൽ ആമഗ്നനായ യോദ്ധാവു ശത്രുവിന്റെ ജ്യാനാദം കേട്ടു സമരത്തിനു സന്നദ്ധനാകുന്ന ശീഘ്രതയോടെ ഭട്ടൻ ചാടി എഴുന്നേറ്റു ചെവി വട്ടംപിടിച്ചു. ഭട്ടന്റെ വികൃതമുഖം പൈശാചരൂക്ഷതയാൽ വികസിക്കയും പുരികവീർപ്പുകളുടെ താഴത്തുള്ള രണ്ടു വൈഡൂര്യമണികൾ വ്യാഘ്രനേത്രങ്ങൾപോലെ പ്രജ്വലിക്കയുംചെയ്തു. ആ സന്ദർഭത്തിൽ അനുഷ്ഠേയം എന്തെന്നു നിശ്ചയമുള്ളവന്റെ സാമർത്ഥ്യവേഗത്തിൽ ചില ആയുധങ്ങൾ എടുത്ത് ഉടുസോമന്റെ ഇടയിൽ തിരുകി. ഒരു ഉത്തരീയംകൊണ്ട് ആ ആയുധങ്ങളെ അരയോടു മുറുക്കി ബന്ധിച്ചും കണ്ണുകളുടെ നേർക്കു മാത്രം സുഷിരങ്ങളുള്ള ഒരു കറുത്ത നിലയങ്കികൊണ്ടു ശരീരത്തെ വേഷ്ടനം ചെയ്തു. ഒരു നൂലേണി എടുത്തു പടിഞ്ഞാറോട്ടുള്ള ജനലിന്റെ നടുക്കാലിന്മേലുള്ള ഒരു വലയത്തിൽ ബന്ധിച്ചുകൊണ്ടു വാതിലിനെ മന്ദമായി തുറന്നു. അനന്തമായുള്ള നിബിഡാന്ധകാരം ഭട്ടനേത്രങ്ങളിൽ സംഘട്ടനം ചെയ്തപ്പോൾ ആ ഭൂതത്തിൽ നിസർഗ്ഗരൂഢമായി ആവാസം ചെയ്തിരുന്ന ദ്രോഹവാസനയും ദൗഷ്ട്യവും അതുകളുടെ സമഗ്രരൂക്ഷതയോടെ ഉണർന്നു. തന്റെ ആത്മനേത്രങ്ങൾ ദർശിച്ച വിശ്വാവസാനമൂർത്തിയെ മനസാ പ്രണാമം ചെയ്യുന്ന നാട്യത്തിൽ ഭട്ടൻ തന്റെ ശിരഃപിണ്ഡത്തെ ചാഞ്ചാടിച്ചുകൊണ്ട് കരടിയുടെ സമ്പ്രദായത്തിൽ നൂലേണിവഴി കീഴ്പോട്ടിറങ്ങി നിലത്തെത്തി. അല്പം വടക്കോട്ടു നീങ്ങി നോക്കിയപ്പോൾ, സത്രത്തിന്റെ വടക്കുഭാഗത്തുള്ള വഴിയമ്പലത്തിലേക്കു ചില ദീർഘകായന്മാർ പ്രൗഢഗമനം ചെയ്യുന്നതു കണ്ടു. കൗടില്യനയജ്ഞനായ ഭട്ടപാദർ കാര്യസിദ്ധിക്കുള്ള ഉപായമായി ദണ്ഡനമസ്കാരത്താൽ നിലംപതിച്ചു. മണ്ഡപത്തിലേക്കു പുറപ്പെടുന്ന തന്ത്രകുശലന്മാർ തന്റെ യാത്രയെ കണ്ടുപോകാതിരിപ്പാൻ അനുഷ്ഠിച്ച അനന്തരയാത്ര മുതലയുടെ ഭൂസഞ്ചാരംപോലെ ആയിരുന്നതിനാൽ ആഗ്രഹം അനുസരിച്ചുള്ള വേഗത്തിലും ലഘുശ്രമമായും ഭട്ടനു സാധിച്ചില്ല. ഉരസ്സുകൊണ്ടു നീന്തിയും കൈകാലുകളാൽ തുഴഞ്ഞും ദേഹത്തിന്റെ അലഘുത്വത്താൽ ഉണ്ടായ കിതപ്പുകളെ നീക്കിയും ഇടയ്ക്കിടെ നേരിട്ട വേദനകളെ ശുശ്രൂഷിച്ച് വഴിയമ്പലത്തളിമത്തിന്റെ മറവിൽ ഭട്ടൻ എത്തിയപ്പോൾ സമാഗതന്മാർ തമ്മിലുള്ള ഉപചാരഭാഷണങ്ങളും കാര്യാലോചനയിലെ ഉപക്രമഭാഗവും അവസാനിച്ചിരുന്നു.

ആ ഗൂഢസഭയിൽ ചില രാജസിംഹന്മാരുടെയും, പരിവാരശക്തികൊണ്ടു വിഖ്യാതന്മാരായ ഏതാനും ഇടപ്രഭുക്കന്മാരുടെയും സാർവ്വഭൗമത്വം സ്ഥാനപതികൾ മുഖേന സംയോജിച്ചിരുന്നു. സഭാദ്ധ്യക്ഷം വഹിക്കുന്നത് ദക്ഷിണഇന്ത്യയിൽനിന്നു പാശ്ചാത്യന്മാരായ വ്യവസായ

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/9&oldid=168352" എന്ന താളിൽനിന്ന് ശേഖരിച്ചത്