താൾ:Ramarajabahadoor.djvu/48

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കണ്ണുകൾ മുമ്പത്തേതിലും ജൃംഭിച്ചു ചുവന്നു. പൂതനയുടെ മോക്ഷഗതിയോടടുക്കുന്ന അയാളുടെ കൈകൾ ആകാശത്തും തന്റെ ചല്ലടത്തിന്മേലും മാന്തിത്തുടങ്ങി. കാലുകൾ അടുപ്പിച്ചുറപ്പിച്ചിരിക്കുന്ന അഴകൻപിള്ളയുടെ ഉടലും ശ്വാസപ്പെരുക്കത്താൽ ആഞ്ഞുപോകുന്നത് പിടിമുറുകുന്നതിന്റെ ലക്ഷണമായി കാണുന്നു. രായർമല്ലൻ സൂകരത്തെപ്പോലെ അമറിത്തുടങ്ങി. ഈ വിവശസ്വരം കേട്ട് അസ്തവിവേകന്മാരായ രായരുടെ അനുചരന്മാർ മല്ലനിയമങ്ങളെ മറന്ന് തങ്ങളുടെ നാഥനെ സഹായിപ്പാൻ മുന്നോട്ടു നീങ്ങി. ഇങ്ങനെയുള്ള വല്ല അപനയപ്രയോഗവും ഉണ്ടാകുമെന്നു സംശയിച്ച് കാവലായി നിറുത്തിയിരുന്ന പദാതിസംഘവും യുദ്ധരംഗത്തെ ചുറ്റി ഒരു വ്യൂഹബന്ധം ചമച്ചു. അഴകൻപിള്ള "എക്കിനി എന്റെ തള്ളേടെ വയറ്റിൽ പോണ്ട" എന്നു സഭ മറന്ന് അലറിക്കൊണ്ടു നിവർന്ന് ആകാശം ഭേദിച്ചുനിന്നപ്പോൾ അയാളുടെ ശിരസ്സിനു മുകളിൽ മൃതപ്രായനായ കണ്ഠീരവരായർ തവളപോലെ പിടയ്ക്കുന്നതു കാണുമാറായി. ആ മല്ലപ്രവീണൻ പന്തുകണക്കെ മുന്നോട്ടർ എറിയപ്പെട്ടപ്പോൾ പരിതഃസ്ഥിതരിൽനിന്ന് ഒരു വിജയാട്ടഹാസം പൊങ്ങി നഗരത്തെയും ഇളക്കി.

അഴകൻ ആ രംഗസംഭവങ്ങളെല്ലാം മറന്ന് അരയിലെ മുണ്ടു കുടഞ്ഞുടുത്തും രണ്ടാംമുണ്ടിനെ തലയിൽ ചുറ്റിയും തന്റെ യജമാനനായ കല്ലറയ്ക്കൽപിള്ളയുടെ മുമ്പിൽ ചെന്നുവീണ് അന്നത്തെ സാഹസത്തിനു ക്ഷമായാചനം ചെയ്‌വാൻ പുറപ്പാടുവട്ടം തുടങ്ങി. മഹാരാജാവിന്റെ തൃക്കൈകളിൽനിന്നുണ്ടാകുന്ന സമ്മാനങ്ങൾ വാങ്ങിപ്പാൻ രാജഭടന്മാർ അയാളെ പിടികൂടിയപ്പോൾ, "ഇതെന്തര് ചെമ്മച്ചനി?" എന്നു പുലമ്പിക്കൊണ്ടൾ അഴകൻപിള്ള മണ്ഡപംവരെ നടന്നു. അതിനടുത്തുനിന്നിരുന്ന സേവകന്മാർ ആ ഭാഗത്തുള്ള യവനികയെ നീക്കി. മഹാരാജാവ് മണ്ഡപത്തിനകത്തുണ്ടായിരുന്നുവെന്ന് അപ്പോൾ ഊഹിച്ച അഴകൻപിള്ളയുടെ ജീവാത്മാവ് പാൽക്കടലിലോ പാൽപായസക്കടലിലോ നീരാടി. അയാൾ ക്ഷണത്തിൽ മുണ്ടൊതുക്കി ഒരു കൈകെട്ടി മറുകൈകൊണ്ട് വാപൊതിഞ്ഞു തനിക്കും രാജ്യത്തിനും സർവരക്ഷിതാവായുള്ള കണ്ണിനു കാണും ദൈവത്തെ വന്ദിപ്പാനായി യഥാചാരം സമകോണാകാരനായി വട്ടക്കാലേൽ നിന്ന് ദക്ഷിണദിക്കിലെ പൂർവ്വരീതിയനുസരിച്ച് മദ്ധ്യാംഗുലികളുടെ അഗ്രത്തെ അതതു തോളോടു ചേർത്തു തൊഴുന്നതിനായി, രാജകളേബരത്തെ നല്ലോണം കാണുവാൻ ഒന്നുകൂടി കുനിഞ്ഞു. മണ്ഡപത്തിനുള്ളിലെ സജീവപ്രതിഷ്ഠയെ കണ്ടപ്പോൾ അഴകൻപിള്ള അന്നു മൃഷ്ടമായി ഉണ്ടതും ഉദരത്തിൽ തങ്ങിയിരുന്ന നാളികേരാദിസാരങ്ങളും പാദംമുതൽ കത്തിപ്പൊങ്ങിയ ഭയമഹാഗ്നിശിഖയിൽ നിശ്ശേഷം ദഹിച്ചുകൂടി. രായരുടെ മുസലക്കൈകൊണ്ടുള്ള പ്രഹരങ്ങൾ തലയ്ക്കും കണ്ണിനും "മന്തമുണ്ടാക്കിയിരിക്കുവാര്" എന്നു ശങ്കിച്ച് അയാൾ കണ്ണൂകളെ നല്ലപോലെ തിരുമ്മി ശരിയായിട്ടു വെളിയടയ്ക്കകത്തെ മന്ദപ്രഭയ്ക്കിടയിൽ നില്ക്കുന്ന വിഗ്രഹത്തെ സൂക്ഷിച്ചുനോക്കി. പ്രേക്ഷകലോകത്തെ കൃപാധോരണിയാൽ നിരുദ്ധവീര്യമാക്കുന്ന മന്ദാ

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/48&oldid=168306" എന്ന താളിൽനിന്ന് ശേഖരിച്ചത്