താൾ:Ramarajabahadoor.djvu/47

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മറുത്തും തന്റെ മുഖത്തും വക്ഷസ്സിലും ധരിച്ചിരുന്ന ശംഖുചക്രാദിമുദ്രകളെ വിയപ്പുമാർഗ്ഗമായി ഒഴുകിച്ചു. അഴകൻപിള്ള മത്സ്യംപോലെ പുളഞ്ഞും കുരങ്ങിനെപ്പോലെ കുതിച്ചുചാടിയും കിതയ്ക്കാതെയും വിയർക്കാതെയും പിടികൊടുക്കാതെ സാധിച്ചു.

ഇങ്ങനെയുള്ള അടവുകൾക്ക് അവസാനം കാണായ്കയാൽ കണ്ഠീരവന്റെ അനുചരന്മാർ അവരുടെ ഭാഷയിൽ ഒരു വിജയമാർഗ്ഗത്തെ തങ്ങളുടെ നാഥനോട് ഉപദേശിച്ചു. രായർ അടവൊന്നു മാറ്റി. ബാഹുദണ്ഡങ്ങളെ ആകാശത്തുയർത്തിപ്പിടിച്ചും ഉഗ്രമായി ഞെളിഞ്ഞും അമ്പഴക്കണ്ണുകളാൽ അരയെക്കാട്ടിക്കൊണ്ടും "അടേ പുള്ളായ്, ഇന്താ പുടിച്ചുക്കോ" എന്നു കോപാട്ടഹാസത്തിൽ അഴകൻപിള്ളയെ ക്ഷണിച്ചു. ചതുരന്മാരായ ഗുസ്തിക്കാരുടെ അരയ്ക്ക് അഭ്യാസശൂന്യന്മാർ പിടിയിട്ടാൽ അഭ്യാസക്കാരൻ ശ്വാസമ്പിടിച്ചു കുനിഞ്ഞു ഒന്നുവെട്ടി ഉയരുമ്പോൾ, അനഭ്യസ്തൻ പിടിവിട്ട് അഭ്യാസക്കാരന്റെ തലയ്ക്കുമീതെ കരണംമറിഞ്ഞു നിലത്തു വീണ് കാലനഗരം പ്രാപിക്കും. ഈ സംഭാവ്യതയെ ഗ്രഹിച്ചിരുന്ന രാജമന്ദിരത്തിലെ ഭീഷ്മശല്യപ്രഭൃതികൾ "അരുതരുത്" എന്ന് ആക്രോശിക്കയും "മതി മതി രായർ ജയിച്ചു എന്നു സമ്മതിച്ചേക്കാം. നില്ക്കട്ടെ" എന്നു യവനികയ്ക്കുള്ളിൽ നിന്നിരുന്ന മഹാരാജാവ് അരുളിച്ചെയ്കയും ചെയ്യുന്നതിനിടയിൽ അഴകൻപിള്ളയുടെ കബന്ധഹസ്തങ്ങൾ രണ്ടും രായരുടെ ഉദരബ്രഹ്മാണ്ഡത്തെ വലയം ചെയ്തുകഴിഞ്ഞു.

രായർ സന്തുഷ്ടമദംകൊണ്ട് ജൃംഭിതവീര്യനായി. അയാളുടെ ജംഘകളുടെ മാംസബന്ധങ്ങൾ തിമിർത്തു ശ്വാസബന്ധാരംഭത്തെ പ്രത്യക്ഷപ്പെടുത്തി. അഴകൻപിള്ള ഞാണിന്മേൽക്കളിക്കുള്ള കത്രികപ്പൂട്ടുമുളകൾപോലെ കാലുകൾ വിടുർത്തി ഉറപ്പിച്ചുകൊണ്ട് ഒരു ഭുജക്കോണിനെ രായരുടെ വയറ്റിൽ ഇറക്കി, കൈകളാലുള്ള വലയത്തെ മുറുക്കിത്തുടങ്ങി. "ആയ്യബ്ബാ! അങ്ങനെ ഇരുത്ത്! ബ്ലാഛ് എന്നു അമർത്തട്ടെ" എന്നിങ്ങനെ ചില ഉപദേശങ്ങൾ കൈകൾക്കും തോളിനും നല്കിക്കൊണ്ട് ആ കരിമ്പനക്കൂറ്റൻ തല നമിച്ചു ശ്വാസം മുറുക്കി രായർക്ക് ആയം സഞ്ചയിക്കുന്നതിനു ശ്വാസോച്ഛ്വാസഗതികൾക്കുള്ള ശക്തി ഉത്ഭവിക്കേണ്ടതായ ഉദരസഞ്ചികയ്ക്കുള്ളിൽ സ്ഥലമില്ലാതാക്കി. ആ പ്രാണഭീതൻ കൈകൾ താഴ്ത്തി അഴകൻപിള്ളയുടെ കൈകൾക്കിടയിൽ കടത്താൻ സാഹസപ്പെട്ടൂ. ആ ലോഹവലയത്തിനുള്ളിൽ ഒരു രോമതന്തുവിനുപോലും കടക്കാൻ സ്ഥലം കിട്ടാത്തതിനാൽ രായർ ഘോരമായ ചില താഡനങ്ങൾ അഴകൻപിള്ളയുടെ ശിരസ്സിലും ഭുജത്തിലും മുതുകിലും ഏല്പിച്ചു. നാളികേരസാലങ്ങളുടെ നീരസാരത്താൽ പരിപുഷ്ടമായിട്ടുള്ള അഴകൻപിള്ളയുടെ അവയവങ്ങൾ ആ മുഷ്ടിപ്രഹരങ്ങൾക്കു നിശ്ചേതനങ്ങളായിരുന്നു. പെരുമ്പാമ്പിന്റെ ചുരുളുകളിൽ അകപ്പെട്ട ജന്തുക്കൾ തകരുംവണ്ണം രായരുടെ നട്ടെല്ലു ഞെരിഞ്ഞു തുടങ്ങി. അയാളുടെ വക്ഷസ്സ് ശ്വാസബന്ധത്താൽ പിളർക്കും എന്നുള്ള മട്ടിലാവുകയാൽ അയാൾ പല്ലു ഞെരിച്ചുകൊണ്ട് ആയം പെരുക്കി പിടഞ്ഞുകുടഞ്ഞു.

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/47&oldid=168305" എന്ന താളിൽനിന്ന് ശേഖരിച്ചത്