Jump to content

താൾ:Ramarajabahadoor.djvu/46

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മു‌മ്പോട്ടും നീട്ടി മറ്റേക്കാലിന്മേൽ നിന്നു നിലംവരെ പതിഞ്ഞു ചില സലാങ്ങൾ ചെയ്തുകൊണ്ട് ഉയരുന്നതിനിടയിൽ കണ്ഠീരവരായർ അഴകൻപിള്ളയെ തെല്ലൊന്നു നോക്കി "പഞ്ചാക്കുടൂ" എന്നു ഗർജ്ജനം ചെയ്തു. സ്വഹസ്തത്തെ ഗ്രഹിച്ചുകൊണ്ടു ഗുസ്തിക്രിയയിലെ പ്രഥമകർമ്മം ആരംഭിപ്പാൻ അപേക്ഷിച്ചു നില്ക്കുന്ന രായരുടെ വായ്ക്കകത്തു ശേഷിച്ചിരുന്ന ലവംഗപഞ്ചകത്തെ അയാളുടെ ദന്തപംക്തികൾ ചർവണം തുടങ്ങിയതിന്റെ രൂക്ഷതയും കാണികളെ നടുങ്ങിച്ചു. ക്ഷാമകേതുപോലെ നില്ക്കുന്ന അഴകൻപിള്ളയ്ക്ക് കണ്ഠീരവരായരുടെ ക്ഷണം നിരർത്ഥപദങ്ങളായിരുന്നതിനാൽ ബഹുജനമാകുന്ന നിഘണ്ടുവിന്റെ സഹായത്തെ അപേക്ഷിക്കുംവണ്ണം അയാൾ വട്ടമിട്ട് ഒരു സരസനോട്ടം തുടങ്ങി. അരക്കെട്ടിന്മേൽ തിളച്ചുകാണുന്ന നാരസിംഹത്വം ബഹുജനങ്ങളുടെ ഹൃദയങ്ങളിൽ ഭയോദ്വേഗത്തെ ഉത്പാദിപ്പിക്കുകയാൽ അഴകശ്ശാരുടെ ചോദ്യചേഷ്ടയെ ആരും ഗണിച്ചില്ല. കണ്ഠീരവരായർ കസർത്തുകളും പോർക്കുവിളികളും മപ്പടികളും കൊണ്ടു കളം തകർത്തു.

ഇനിയും താമസിക്കുന്നതു പന്തിയല്ലെന്നു ചിന്തിച്ച് അഴകൻപിള്ള രണ്ടു കാലിന്മേൽ നടക്കുന്ന കുരങ്ങനെപ്പോലെ മുന്നോട്ടുനീങ്ങി ആകാശചാരികളുടെ പ്രസാദത്തിനെന്നപോലെ മേല്പ്പോട്ടു നോക്കി, ഭുജത്തിന്മേൽ ചില താളങ്ങൾ മേളിച്ചു, കണ്ഠീരവന്റെ മപ്പടിക്ക് എതിർമപ്പുകൾ ഘോഷിച്ചു. ഈ വികൃതക്രിയകൾ കണ്ട് കണ്ഠീരവരായർ വിജയനിശ്ചയത്തോടെ ചില കൊടുക്കുത്തുകളും കൈ നിലത്തു തൊടാതുള്ള മുൻപിൻ അടിർപ്പുകളും നിന്നിടത്തു നിന്നു പ്രയോഗിച്ചു. അഴകൻപിള്ള അതു കണ്ടു കോപിച്ചു, "ഛേ! ഇതെന്തരു ചെവിത്താൻ? തന്റെ രാവണാട്ടങ്ങൾ കൊണ്ടു ചുട്!" എന്ന് അപഹസിച്ചപ്പോൾ, കണ്ഠീരവരായർ കുതിച്ചു സിംഹംപോലെ മു‌മ്പോട്ടു ചാടി അയാളുടെ ശരീരത്തെ ലക്ഷ്യമാക്കി ഒന്നു മർദ്ദിച്ചു. അതു ഫലിച്ചില്ലെന്നു കണ്ട്, ആ മല്ലപ്രവീണൻ മുഷ്ടികൾ ചുരുട്ടി അഴകൻപിള്ളയുടെ ഇടതും വലതും വശങ്ങളും തലയും നാഭിയും നോക്കി തെരുതെരെ കുത്തിത്തകർത്തപ്പോൾ ആ ഉഗ്രമായ കരഘട്ടങ്ങൾ ദണ്ഡിപ്പിച്ചതു നിരപരാധിയായ വായുഭഗവാനെ ആയിരുന്നു. അഴകൻപിള്ള രായരുടെ ചീന്തിവരുന്ന കരമുസലങ്ങളെ ഒഴിഞ്ഞ് അകലത്തോട്ടു ചാടി സഭാഡംബരത്തെയും തന്റെ സാമർത്ഥ്യത്തെയും കാന്മാൻ "എന്റമ്മച്ചീ ഇതെന്തര് പാടെന്നു പാര്" എന്നു തന്റെ അമ്മയെ ക്ഷണിച്ചു. മുഷ്ടിയുദ്ധക്രമങ്ങളിൽ അനഭ്യസ്തനായുള്ള ഒരു ബീഭത്സനോടു നേർക്കാൻ മഹാരാജാവു നിയോഗിച്ചത് തന്നെ അപമാനിച്ചതായിരുന്നു എന്നു ശങ്കിച്ച കണ്ഠീരവരായർ കോപാന്ധനായി പല ഭാഷകളിലും എതിരാളിയെ ഭർത്സിച്ചുകൊണ്ട് അയാളെ പിടിപ്പാനായി ചാടിയും കൈവീശിയും വട്ടമിട്ടോടിച്ചും പല സാഹസങ്ങൾ ചെയ്തു. കൈക്കുള്ളിൽ ഒന്നു കിട്ടിയാൽ ഒരു വെട്ടിവലിപ്പുകൊണ്ടു പ്രതിയോഗിയെ അറുതിപ്പെടുത്താമെന്ന ധൈര്യത്താൽ ആ വിദഗ്ദ്ധമല്ലൻ കൈകൾ വിടുർത്തിപ്പാഞ്ഞും തക്കംനോക്കി കുതിച്ചും തരംകണ്ടു പല തട എതിർത്തും

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/46&oldid=168304" എന്ന താളിൽനിന്ന് ശേഖരിച്ചത്