താൾ:Ramarajabahadoor.djvu/45

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കൻപിള്ള ആഗതസംഘത്തെ നോക്കി ചുണ്ടു മലർത്തിക്കാട്ടിയും വിരൽ തെറിച്ചും പുച്ഛരസങ്ങളെ അഭിനയിച്ചുകൊണ്ട് മഹാരാജാവിന്റെ എഴുന്നള്ളത്തറിയിക്കുന്ന വാദ്യഘോഷങ്ങൾ കേൾപ്പാൻ ചെവികൊടുത്തു നിന്നു. മണ്ഡപത്തിലെ യവനികകൾക്കുള്ളിൽ എഴുന്നള്ളി നിന്നിരുന്ന മഹാരാജാവ് കണ്ഠീരവരായരായ മൃഗേന്ദ്രനേയും അഴകൻപിള്ളയായ നെടുംകോലത്തെയും പരസ്പരാഭിമുഖസ്ഥിതിയിൽ കണ്ടപ്പോൾ, അവിടുത്തെ കൃപാക്ഷേത്രങ്ങളായ നേത്രങ്ങളിൽ ചുടുജലം നിറഞ്ഞ്, സ്വാത്മധർമ്മപ്രേരണയാൽ പൊടുന്നനവെ അടഞ്ഞു. ആ ബാഹ്യേന്ദ്രിയങ്ങളുടെ പ്രവർത്തനം നിലകൊണ്ടപ്പോൾ ധർമ്മാനുരക്തിയാൽ സമ്പാദിതങ്ങളായുള്ള അന്തർനേത്രങ്ങൾ ക്രിയാരംഭംചെയ്തു, സമസ്ത ചരാചരാന്തർഭൂതമായ ശക്തിയെ അവിടുത്തെ ഹൃദയവേദിയിൽ സർവ്വഭയഭിക്ഷക്കായി ഉദയംചെയ്യിച്ചു.

മല്ലസംഘത്തിന്റെ നായകനായി കാണപ്പെട്ട രായർ ദണ്ഡകരാട്ടുകളായുള്ള ഖരദൂഷണത്രിശിരസ്സുകളുടെ ത്രിമിശ്രകകല്ക്കംതന്നെ ആയിരുന്നു. ആ 'കാളമേഘനിറമാണ്ട ദാനവ'ന്റെ ശിരസ്സ് പ്രതിയോഗികൾക്കു പിടികൂടാൻ പാടില്ലാത്തവിധത്തിൽ കത്രികക്കർമ്മംകൊണ്ടു ക്ഷൗരംചെയ്യപ്പെട്ടിരിക്കുന്നു. ആ കൂശ്മാണ്ഡത്തലയും ഉരുണ്ട നെറ്റിയും ഉന്തിനിൽക്കുന്നവയും ഗഞ്ജാപ്പുക വിസർജ്ജിക്കുന്നുവോ എന്നു തോന്നിപ്പിക്കുന്നവയും ആയുള്ള ഉണ്ടക്കണ്ണുകളും ചകോരച്ചിറകുകൾ പോലെ കോതി മുനയിൽ അവസാനിപ്പിച്ചു നിറുത്തീട്ടുള്ള ഭയങ്കര മീശകളും ഉപവീതം അരയിലേക്കു താഴ്ത്തീട്ടുള്ള വക്ഷസ്സായ ലോഹതളിമവും കരിപിടിച്ചുള്ള വെങ്കലവാർപ്പിന്റെ ആകൃതിയിലുള്ള ഉദരത്തിന്റെ മടിവും കസവുപണികൾ ചെയ്തുള്ള ചല്ലടവും അരക്കച്ചയിന്മേൽ ഉറപ്പിച്ചിട്ടുള്ള തുകൽപ്പട്ടയും എല്ലാറ്റിലും പ്രധാനമായി നാലുവരി കറുത്ത ദംഷ്ട്രങ്ങളും ഗണ്ഡങ്ങളിലെയും വക്ഷസ്സിലെയും 'ശംഖചക്രഗദാസരോരുഹ' മുദ്രകളും ആ ഭീമാകാരൻ സാക്ഷാൽ ഒരു ബ്രഹ്മരക്ഷസ്സാണെന്നു കാണികൾക്കു തോന്നിപ്പിക്കുന്നു. സ്വസംക്ഷത്തിൽനിന്നു പിരിഞ്ഞ് ആ മല്ലൻ തെരുതെരെ മുന്നോട്ടു നടന്നു. പാദങ്ങളിന്മേൽ ഒന്നു കറങ്ങി ഭൂമിയെ തൊട്ടു കണ്ണിൽവെച്ച് വിഘ്നേശ്വരനെയും ഗുരുവിനെയും സഭയെയും ഒന്നു വന്ദിച്ചു. അനന്തരം കാൽപ്പെരുവിരലുകളും ഉള്ളംകൈകളും ഊന്നി അനായാസേന നിലത്തു വീണ് ആ ഭീമശരീരത്തിനുള്ള അതിലാഘവത്തെ അത്ഭുതതരമായി പ്രത്യക്ഷമാക്കുമാറ് ഓരോ കൈകാലുകൾ മാത്രം ഊന്നി ഓരോ വശത്തോട്ടു ചരിഞ്ഞും അസ്ഥിശൂന്യനെന്നപോലെ ഞെളിഞ്ഞും വളഞ്ഞും പുളഞ്ഞും തലയെ ഭ്രമണം ചെയ്യിച്ചും കസർത്തുളെടുത്തു. ഈ വിശേഷതര 'വേല'യുടെ അവസാനത്തിൽ ശ്വാസവേഗംകൊണ്ടു പൊങ്ങി പാദങ്ങളിന്മേൽ നിന്നുകൊണ്ടു രണ്ടു മപ്പുകൾ താക്കിയത് ചുറ്റും മതിലോടുകൂടിയ കരിങ്കൽക്കെട്ടുനീരാഴിയിലെ വാഴ്ചക്കാരനായ മുഷ്കരമത്സ്യത്തിന്റെ തുടിപ്പുപോലെ ആ പ്രദേശത്തെല്ലാം മാറ്റൊലിക്കൊണ്ടു. ഒറ്റക്കാൽ ഉയർത്തി പുറകോട്ടും വ്യാഘ്രമുഖത്തെ

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/45&oldid=168303" എന്ന താളിൽനിന്ന് ശേഖരിച്ചത്