താൾ:Ramarajabahadoor.djvu/434

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


ച്ചുതന്നു കഴിഞ്ഞു. ഞാൻ ചാകാത്തത് അവിടുത്തെ അനുഗ്രഹവും ഇവിടുത്തെ മനോഗുണവുംകൊണ്ടാണെന്നു ഞാൻ വിചാരിക്കുന്നു. 'ആരെയും വ്യസനിപ്പിക്കരുതെ'ന്ന് ഇങ്ങോട്ടുതന്നെ കല്പിച്ചത് എനിക്ക് ഒരു രാജ്യം തന്നതുപോലുള്ള വിലമതിപ്പാണ്. തിരുവുള്ളംകൊണ്ട് അങ്ങനെ അരുളിച്ചെയ്‌വാൻ തോന്നിയതു ധർമ്മനിഷ്ഠകൾ അറിവാനുള്ള ദിവ്യനേത്രം അവിടത്തേക്കുള്ളതുകൊണ്ടാണ്."

ഉണ്ണിത്താൻ: "മതിമതി. അച്ഛനാകട്ടെ, സാംബശാസ്ത്രിസ്വാമികളാട്ടെ, എന്നെ ഇങ്ങനെ തല്ലീട്ടില്ല. എനിക്കു ദിവ്യചക്ഷുസ്സില്ലെന്നല്ല, ഞാൻ അന്ധനുമായിപ്പോയി. (വാത്സല്യത്തോടെ) എന്റെ മീനാക്ഷി അതെല്ലാം മറക്കണമെന്ന് എത്ര തട അപേക്ഷിച്ചു! അധികവും കുഴിയിൽ ചാടിച്ചതെല്ലാം ആ ദ്രോഹി കൊടന്തയല്ലേ? അവൻ എല്ലും തൊലിയും തകർന്നു, കീറമുണ്ടും ഉടുത്ത് കോഴിയെ അടിച്ചു നടക്കുന്നു. കലികാലത്തു ചെയ്യുന്നതുടനെ അനുഭവിക്കും. ഏതെങ്കിലും എന്റെ മീനാക്ഷി ഇനിയും എന്നെ ഇളിഭ്യനാക്കരുത്. ദിവാൻജിയജമാനനെ കണ്ടു പഠിക്കൂ. അദ്ദേഹം അങ്ങനെ ഒരു കാലമോ സംഭവമോ ഉണ്ടായി എന്ന് ഒരു വാക്കാലാകട്ടെ, നോക്കാലാകട്ടെ സൂചിപ്പിക്കുന്നില്ല. മഹാശയൻ എന്നു പറയണമെങ്കിൽ അദ്ദേഹത്തെ വേണം. മഹതി എന്നുള്ള സ്ഥാനം വേണമെങ്കിൽ-"

മീനാക്ഷിഅമ്മ: "ഓ, ഇതെന്തബദ്ധം1 എനിക്കു ശാസ്ത്രജ്ഞന്മാരുടെ വ്യാപ്തിഗ്രഹണവും മറ്റുമില്ല. ഞാൻ തിരുമനസ്സിലെ മഹത്ത്വത്തെ സ്തുതിച്ചതേയുള്ളു. ഇങ്ങോട്ടു കൊള്ളണമെന്നേ ഞാൻ വിചാരിച്ചില്ല."

ഈ സംവാദകയുഗ്മത്തെ, ആ മഹാഭവനത്തിലെ മറ്റൊരു കെട്ടിൽ അഭിനീതമായിക്കൊണ്ടിരുന്ന ഒരു പ്രണയരംഗത്തിലെ അഥവാ സമരരംഗത്തിലെ കോലാഹലം അങ്ങോട്ടേക്ക് ആകർഷിച്ചു.

പരിപന്ഥികൾ ത്രിവിക്രമകുമാരനും സാവിത്രിയും ആയ നവദമ്പതിമാർതന്നെ ആയിരുന്നു.

സാവിത്രി: "ഈ മൂപ്പുകൾ പറയുന്നതാണെനിക്കു സഹിച്ചുകൂടാത്തത്. അദ്ദേഹത്തെ ദഹിപ്പിച്ചു. ഭാര്യയുടെ പൊറുതിക്കു വേണ്ട ഏർപ്പാടുചെയ്തു. അതെല്ലാം ശരി. മറ്റേ ആ പരമസാധുവിനെ എന്തിനു ചാകാൻവിട്ടു?"

ത്രിവിക്രമൻ: "എന്റെ സാവിത്രിപ്പിള്ളേ, താൻ കാര്യക്കാരമ്മാവെനെപ്പോലെ വലിയ ത്യാഗം അഭ്യസിച്ചുകളയരുത്. ഭംഗി പറഞ്ഞാലും അതു വിശ്വസിക്കത്തക്കതായിരിക്കണം."

സാവിത്രി: "ഭംഗിയും മറ്റുമല്ല. സത്യമായി ഞാൻ അറിഞ്ഞിരുന്നു എങ്കിൽ ആ പാവത്തിനെ അങ്ങനെ വിടൂല്ലായിരുന്നു; എങ്ങനെയും രക്ഷിച്ചുകൊള്ളുമായിരുന്നു. അതു ചെയ്തില്ലെങ്കിൽ നമ്മുടെ മനുഷ്യത്വം എന്തിന്?"

ത്രിവിക്രമൻ: "എന്നാൽ എന്റെ കുഞ്ഞമ്മ പോയി ടിപ്പുവിന്റെ അരമനയിലെ ബീഗം സാഹിബ്ബാ ആയിക്കളഞ്ഞാൽ - ധർമ്മം ആ വഴിയെയും പോണമല്ലോ."

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/434&oldid=168299" എന്ന താളിൽനിന്ന് ശേഖരിച്ചത്