താൾ:Ramarajabahadoor.djvu/433

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ബന്ധനമോചനം കിട്ടിയ ആ ഗൃഹസ്ഥൻ, പാണ്ടസംഘത്തിന്റെ യഥാർത്ഥസ്ഥിതി അറിയാതെ അനന്തരകാലത്തെ അഭയത്തിനായി വേലുത്തമ്പിയെ ശരണംപ്രാപിച്ചതായിരുന്നു. കുളിയും ഊണും കഴിപ്പിച്ചതിന്റെശേഷം, ത്രിവിക്രമൻ പരമാർത്ഥങ്ങൾ ആ ഗൃഹസ്ഥനെ ധരിപ്പിച്ച് ഒരു ദുഃഖപ്രകടനത്തിന്റെ സന്ദർശനകഷ്ടതയെ അനുഭവിച്ചു.

ഭൂമിയുടെ ഒരു ഭാഗം അന്ധകാരനിബിഡമായിരിക്കുമ്പോൾ, മറ്റൊരുഭാഗം സൂര്യപ്രകാശിതമായി സ്ഥിതിചെയ്യുന്നു. പെരിഞ്ചക്കോടനാൽ ആരാധിതരായ അബലകളിൽ, പുത്രിയായ പരിപാവനരത്നം പരമപദത്തിലും വിധവയായ സുമംഗലി ദുഃഖപാരാവാരത്തിലും അസ്തമിച്ചു; എന്നാൽ ഭാഗ്യദിവാകരന്റെ ഉദയവും പ്രകാശവും ചന്ത്രക്കാരനായ ദുഷ്‌പ്രതാപവാന്റെ മണ്ഡലത്തെ അനുഗ്രഹിച്ചു. സാവിത്രിയെ ബാധിച്ച ശീതജ്വരം വിശ്രുതവിദഗ്ദ്ധന്മാരായ വൈദ്യന്മാരുടെ ചികിത്സയ്ക്കു നമനംചയ്തപ്പോൾ, ആ കന്യകയിൽനിന്ന് ചന്ത്രക്കാരന്റെ മഹൽചരമവൃത്താന്തം ധരിപ്പാൻ ഉണ്ണിത്താന് സന്ദർഭമുണ്ടായി. ആചാരാനുസാരമുള്ള അനുഷ്ഠാനങ്ങൾകൊണ്ടു ചരമപ്രാപ്തനു ലബ്ധമാകാവുന്ന മോക്ഷത്തിനുള്ള പദ്ധതികൾ ഉണ്ണിത്താൻ യഥാക്രമം നിർവഹിച്ചു. ചിലമ്പിനഴിയത്തെ ധനസംഗ്രഹങ്ങളിൽ ഒരു സാരമായ ഭാഗം രാജ്യസംരക്ഷണത്തിനായി പല വിധത്തിലും വിനിയോഗിക്കപ്പെട്ടു. ദിവാൻജിയും ഉണ്ണിത്താനും തമ്മിലുള്ള നീരസം നീങ്ങാൻ മഹാരാജാവിന്റെ നിയോഗങ്ങൾ സഫലമായത് അവിടുന്ന് അപാരമായി സന്തോഷിച്ചു. ഉണ്ണിത്താൻ കോശകാര്യാധിപത്യത്തെ കല്പനാനുസാരം വീണ്ടും കൈയേറ്റു. സാവിത്രിയുടെ വിവാഹം കോലാഹലംകൂടാതെ ആഘോഷിക്കപ്പെട്ടു. ഈ സംഭവങ്ങൾ കഴിഞ്ഞ് ഒരു അനദ്ധ്യായവേളയിൽ ഉണ്ണിത്താൻ ചിലമ്പിനഴിയത്തേക്കു പുറപ്പെടാനായി കല്പനാനുവാദത്തിനു മുഖംകാണിച്ച ദിവസം, മഹാരാജാവിന് ഒരു മഹാസുദിനമായിരുന്നു. രാജഗൗരവം തൽക്കാലം സിംഹാസനഭൂഷണമായി നീക്കിവച്ചിട്ട് അവിടുന്ന് ഒരു പ്രബുദ്ധന്റെ നില മാത്രം അവലംബിച്ചു, തുല്യപണ്ഡിതനോട് തിരുവുള്ളത്തിൽ സന്തുഷ്ടിവരുമാറ് വിനോദസംഭാഷണം തുടങ്ങി. ഉണ്ണിത്താൻ ബഹുഗീതകളെയും യോഗവാസിഷ്ഠങ്ങളെയും ഉദ്ധരിച്ചു വിജയസമരം ചെയ്തുകൊണ്ട് ചിലമ്പിനേത്തേക്കു രണ്ടുകൈയിലും വീരശൃംഖലയോടും സവിത്രിക്ക് ഒരു ഭാണ്ഡം രാജസമ്മാനങ്ങളോടും മടങ്ങി. തനിക്കു രാജസമ്മാനമൊന്നുമില്ലാത്തതിനെപ്പറ്റി മീനാക്ഷിഅമ്മ പരുഷംപറഞ്ഞു.

ഉണ്ണിത്താൻ: "അതേതെ, ദിവാൻജിയജമാനന്റെ കർമ്മം അവിടുന്നാണു നല്ലപോലെ അറിഞ്ഞത്, അതുകൊണ്ട് കേശവനുണ്ണിത്താന്റെ കളത്രത്തെ മനസാ വാചാ കർമ്മണാ ആരെങ്കിലും സമ്മാനിക്കാനോ പൂജിക്കാനോ ഒരുങ്ങുകയില്ല."

മീനാക്ഷിഅമ്മ: "എനിക്ക് ആഗ്രഹമുള്ളത് (ഭർത്താവിന്റെ വദനബിംബത്തിന്റെ നേർക്കു സ്വനേത്രഝഷങ്ങളെ കളിയാടിച്ചുകൊണ്ടു) കല്പി

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/433&oldid=168298" എന്ന താളിൽനിന്ന് ശേഖരിച്ചത്