Jump to content

താൾ:Ramarajabahadoor.djvu/432

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആ വ്യസനത്തെ ദുസ്സഹതരമാക്കാൻ ഒരു സംഭവംകൂടി ഉണ്ടായി. പുത്രിയെ ശുശ്രൂഷിപ്പാൻ പാൽക്കിണ്ടിയുംകൊണ്ടെത്തിയ ലക്ഷ്മിഅമ്മ തന്റെ ശിരസ്സിന്മേൽ പതിച്ചുപോയ ബ്രഹ്മഗദയുടെ കാഠിന്യത്തെ ഗ്രഹിച്ചു. പാണ്ടയെത്തുടർന്നുള്ള ഭടജനങ്ങളുടെ ഉദ്യമത്തിന്റെ പര്യവസാനം സംഭവിപ്പിച്ചേക്കാവുന്ന അവസ്ഥയെയും അവർ സ്മരിച്ചു. ജീവിതാനന്ദം പുനരനവാപ്തം; ജീവിതാവലംബം സന്ദിഗ്ദ്ധം. പുത്രീശരീരത്തിന്റെ രക്ഷയ്ക്കായി വാതിൽ ബന്ധിച്ചുകൊണ്ട് പാണ്ടയുടെ പരമാർത്ഥം അറിഞ്ഞിരുന്ന ലക്ഷ്മിഅമ്മ, ഓടിയവരെത്തുടർന്നു പാഞ്ഞ് രണ്ടാമത്തെ ചരമരംഗത്തെയും അവസാനകർമ്മത്തിനെന്നപോലെ പ്രാപിച്ചു. അവസ്ഥകൾ കണ്ടപ്പോൾ, ആ സാധ്വി ഭർത്തൃശിരസ്സിനെ മടിയിലാക്കി താലോലിച്ച് അത്യാതുരയായി കരഞ്ഞുതുടങ്ങി. "ഭഗവാനേ! എവിടെക്കിടന്നു! എങ്ങോട്ടിഴുത്തു! ഇതും കാണാൻ സംഗതിവന്നല്ലോ! മഹാദേവീ! ഭഗവതീ!" എന്ന് ഉറക്കെ വിലപിച്ചപ്പോൾ, പെരിഞ്ചക്കോടൻ കണ്ണുകൾ തുറന്നു. സ്വപ്രണയിനിയെ തലോടുവാൻ സദീനം കൈകൾ ഉയർത്തിയപ്പോൾ അവ പാർശ്വത്തിൽ വീണുപോയി. ത്രിവിക്രമനും അഴകൻപിള്ളയും ഭടജനവും വലയംചെയ്തു നിൽക്കയും ആ സാധ്വി സ്വകാന്തശിരസ്സിനെ മാറോടണച്ചു. ആ ബൃഹൽകായത്തിൽ ആവാസംചെയ്തിരുന്ന ദേഹി, പ്രേമനിശ്വാസങ്ങളാൽ വിജിതമായി, എങ്ങോട്ടോ നിർഗ്ഗമനവും ചെയ്തു. ലക്ഷ്മിഅമ്മയുടെ രോദനങ്ങൾ നിലകൊണ്ടു. ഭർത്തൃപാദങ്ങളെ കണ്ണോടണച്ചു നമസ്കരിച്ചിട്ട് ആ സാധ്വി ത്രിവിക്രമനോട് ഇങ്ങനെ പ്രാർത്ഥിച്ചു: "അച്ഛനും മകൾക്കും ഒരേ മുഹൂർത്തംതന്നെ. അങ്ങോട്ടു കൊണ്ടുവന്നു എന്റെ മകനായി സകലതും നടത്തി രക്ഷിക്കുക. എനിക്കു ഭഗവാനൊഴികെ നിങ്ങൾതന്നെയാണ് ആധാരം. പരമാർത്ഥമെല്ലാം പറയാം. അങ്ങോട്ടു കൊണ്ടുവരിക. മറ്റേ ജഡം-" വാവിട്ടു കരഞ്ഞും തലയറഞ്ഞും ആ സ്ത്രീ നടതുടങ്ങി. യുവാവിന്റെ ആംഗ്യത്താൽ നിയുക്തനായ അഴകൻപിള്ള അവരെ പിന്തുടർന്നു. ഭടജനോപചാരത്തോടെ വീരചരമംപ്രാപിച്ച ദശകണ്ഠനായ പെരിഞ്ചക്കോടൻ, തന്റെ പ്രണയസങ്കേതത്തിലെ അവസാനവാസത്തിൽ അമരാൻ ത്രിവിക്രമനാൽ സഹായിതരായ ഏതാനും പദാതിയുടെ കണ്ഠങ്ങളിൽ ആരൂഢനായി.

ദേവകിയുടെ ജഡദർശനവും ലക്ഷ്മിഅമ്മയാൽ വിലപിതങ്ങളായ അവളുടെ പ്രേമകഥയും ത്രിവിക്രമകുമാരനെ വല്ലാതെ തളർത്തി. രണ്ടു ശവശരീരങ്ങളുടെയും സംസ്കരണം കഴിച്ചിട്ട് ആ യുവാവ് അച്ഛനെ സന്ദർശിച്ച് ലക്ഷ്മിഅമ്മയുടെ സംരക്ഷണത്തിനു വേണ്ട വ്യവസ്ഥകൾ ചെയ്യിച്ചു. എന്നാൽ പിതൃഗൃഹം വിടുന്നതിനു മുമ്പിൽ, കേശമീശകൾ വളർന്ന് അത്യന്തം മലിനങ്ങളായ വസ്ത്രങ്ങളും ധരിച്ച് എല്ലും തൊലിയും മാത്രമായുള്ള ഒരു പ്രാകൃതസ്വരൂപം അവിടെ എത്തി, കാരണവപ്പാട്ടിലെ തൊഴുത് താൻ കല്ലറയ്ക്കൽപിള്ളയാണെന്നു ധരിപ്പിച്ചു. പെരിഞ്ചക്കോടൻ മരിച്ചു എന്നു കേട്ടപ്പോൾത്തന്നെ അദ്ദേഹത്തിന്റെ അനുചരസംഘം ഭിന്നമായി. ഓരോരുത്തരും അവരവരുടെ വഴിനോക്കിപ്പിരിഞ്ഞതിനാൽ

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/432&oldid=168297" എന്ന താളിൽനിന്ന് ശേഖരിച്ചത്