താൾ:Ramarajabahadoor.djvu/435

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സാവിത്രി: "സ്ഥിതി മറന്ന് എന്റടുത്തു കളിച്ചാലുണ്ടല്ലോ, ചേട്ടാ."

സാവിത്രിയുടെ സംബോധനപദം കേട്ട് ത്രിവിക്രമൻ പൊട്ടിച്ചിരിച്ചു. തന്റെ അബദ്ധത്തിൽ ലജ്ജിതയായ യുവതി തോൽക്കാൻ മനസ്സില്ലാതെ ശൈശവവിഹാരരീതിയിൽ ചില ദ്വ്വന്ദ്വയുദ്ധമർദ്ദനങ്ങൾ പ്രയോഗിച്ചു. ത്രിവിക്രമൻ കുതിച്ചുചാടി, "ഇനി കുത്തുന്നത് നടുനെഞ്ചിലാക്കണേ" എന്ന് സാവിത്രിക്കു കഠാരയുടെ ലാക്കു തെറ്റിയതിനെ പരിഹസിച്ചു.

സാവിത്രി: "അപ്പോൾ, എന്റെ കൈക്കുപോലും മര്യാദ അറിയാം. കണ്ടോ കാട്ടുമനുഷ്യനെപ്പോലെ കൊടുക്കാതെ കൊന്നത്?"

ത്രിവിക്രമൻ: "അല്ലേ, കുത്തിക്കൊല്ലാൻ മടിക്കാത്തവരെ ആരും പേടിക്കൂല്ലേ?"

സാവിത്രി: "കുത്തിനും കൊലയ്ക്കും വലിയ പേടിതന്നെ! ചാടിക്കയറി ആ പാളയത്തിൽ വന്നപ്പോൾ അവർ അമുക്കിക്കൊണ്ടെങ്കിൽ എന്തു ചെയ്യുമായിരുന്നു?"

ത്രിവിക്രമൻ: "ഹെയ്! ഇതാരു പറഞ്ഞു. പാളയത്തിൽ വന്നു എന്ന്? വന്നെങ്കിൽ അതു പടക്കൗശലങ്ങളിൽ ഒന്ന്."

സാവിത്രി: "പൊണ്ണത്തനങ്ങൾ നടിക്കരുത്. അവർ തരത്തിനു പിടിച്ചുകൊണ്ടെങ്കിൽ ഒരു കപ്പിത്താൻ സാഹേബ് മങ്ങച്ചാരാടുന്നതു കാണാമായിരുന്നു."

ത്രിവിക്രമൻ: "അല്ലല്ല, ചന്ത്രക്കാരനമ്മാവനെ രക്ഷിച്ച സാവിത്രിയുടെ സരസ്വതീദേവി ഹിന്ദുസ്ഥാനിയിൽ വിളങ്ങുന്നതു കേൾക്കാമായിരുന്നു."

ഗൃഹനായകനായ വസിഷ്ഠന്റെ ഗൗരവഹിതത്തിനു വിരുദ്ധമായുള്ളവിധത്തിൽ ഈ മത്സരം മുറുകിയപ്പോൾ, ആ തളത്തിന്റെ കിഴക്കുള്ള വാതുക്കൽ രണ്ട് ആദരണീയവിഗ്രഹങ്ങൾ പ്രത്യക്ഷരായി. അങ്ങനെ സംഘടിച്ച ദമ്പതീയുഗ്മങ്ങളുടെ മുഖചതുഷ്കത്തിലും പ്രകാശിച്ച ആനന്ദസ്തോഭങ്ങൾ, ചന്ത്രക്കാരന്റെ ജീവിതത്താൽ ആ മഹാഭവനത്തിനു സമ്പാദിതമായ ദുരിതതിമിരത്തെ അപാകരിച്ച് ആ മണ്ഡലപ്രാഭവത്തെ വിദ്യോതമാനമാക്കി.

അല്പകാലം മുമ്പുതന്നെ അപൗരുഷനും നിസ്തേജനും ആക്കിത്തീർത്തിരുന്ന മനോവ്യാധിയും വിഭ്രാന്തിയും നീക്കാനായിട്ടു മാത്രം ടിപ്പുവിന്റെ അക്രമണം ഉണ്ടായി എന്നു സ്വയം വാദിച്ച് അവിതർക്കിതാനുമാനമായി തീർച്ചപ്പെടുത്തിയിരുന്ന ഉണ്ണിത്താൻ, ഭാര്യാസഹിതം താൻ വിദ്വേഷിച്ചിരുന്ന പുത്രിയെയും ഗൃഹപ്രവേശനിരോധനത്താൽപ്പോലും നിസ്സൗജന്യമായി അവമാനിച്ച ജാമാതാവിനെയും പ്രമോദസമുൽക്കർഷത്തോടെ കണ്ടപ്പോൾ, ഒരു ചാരിതാർത്ഥ്യഹിമം അദ്ദേഹത്തിന്റെ ഹൃദയത്തിനു ശീതളാനുഭൂതിയെ പ്രദാനംചെയ്തു. ഗൗരവത്തോടെ യുവദമ്പതിമാർ നില്ക്കുന്ന തളത്തിലോട്ടു പ്രവേശിച്ചു. അവരോട് പിതൃമാതുലഗുരുസ്ഥാനങ്ങൾ സംയോജിച്ച ഒരു അഭിവന്ദ്യമഹോപദേഷ്ടാവായി, ഇങ്ങനെ ഒരു അനുഷ്ഠാനപദ്ധതിയുടെ ഉപദേശം ആ സന്ദർഭത്തിൽ

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/435&oldid=168300" എന്ന താളിൽനിന്ന് ശേഖരിച്ചത്