താൾ:Ramarajabahadoor.djvu/428

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നുദേവകി: "അകത്തു അമൃതം നിറയുമ്പോൾ എനിക്കു വേറൊന്ന് എന്തിന്? എന്റെ ഭഗവാന്റെ തൃക്കൈകൾ അതിനെ എന്റെ തലയിൽ നിറച്ചിട്ടുപോയി."

ലക്ഷ്മിഅമ്മ സ്വപുത്രിയുടെ നിരപരാധിത്വം പരമമായുള്ള നീതിപീഠത്തിന്റെ നിർധാരണത്തിൽ പാപകളങ്കിതമല്ലെന്നു നിരീക്ഷിക്കപ്പെടുന്നതുപോലെ തന്റെ പ്രാരബ്ധവലയിതമായുള്ള ദുരിതങ്ങൾ ക്ഷന്തവ്യങ്ങളാകുന്നില്ലല്ലോ എന്നു വ്യസനിച്ചു ദൈവഗതിയുടെ പക്ഷപാതപ്രകൃതിയെ ചിന്തിച്ചു നിലകൊണ്ടു.

ദേവകി: "അമ്മേ, ഇതെവിടത്തെ സംഗീതം ഞാൻ കേൾക്കുന്നു?"

ലക്ഷ്മിഅമ്മ: "നീ സ്വപ്നം കാണുകയാണ് ദേവൂ."

ദേവകി: "അമ്മേ! ഭഗവാനേ! അതാ - ആ - ഈ പോന്നു പോലുള്ള നിലാവ്! ഏതു ചൻ - ന്ദ്രൻ - ഉദിച്ചു - ഉണ്ടാകുന്നു അമ്മേ?"

ലക്ഷ്മിഅമ്മ: "പേ പറഞ്ഞ് അമ്മയെ കരയിക്കാതെ കുഞ്ഞേ. ഇതെന്തു കഷ്ടം!"

ദേവകി: "അഷ്ടഗന്ധം - എന്തു - എന്തു - വാസന! അമ്മ എന്തു പൂവു ചൂടിയിരിക്കുന്നു."

ലക്ഷ്മിഅമ്മ: "നീ എന്നെ വിളിച്ചു കിടപ്പിലാക്കാൻ നോക്കാതെ. വല്ല ഇളനീർവെള്ളമെങ്കിലും തൊട്ടുതെറിപ്പാൻ ഞാൻ മാത്രമേയുള്ളൂ."

ദേവകി: "അല്ലമ്മേ, അമ്മയെപ്പോലെ - അത് - ആ - നോക്കൂ. എത്രയോ അമ്മമാര് - എന്നെ തലോടുന്നു! സുഖം - അമ്മേ - സുഖം, സുഖം. രാത്രി - രാത്രി - എന്നും ആ തളത്തിൽ വരുന്ന കാലൻ - അവർ ഇങ്ങോട്ടു - വിടില്ല."

ലക്ഷ്മി അമ്മ: "കാലനോ? ശ്ശേ,ശ്ശേ! അങ്ങനെ ഒന്നും പറയാതെ."

ദേവകി: (അവസാനത്തെ ബോധാവർത്തനത്തിലുള്ള സ്വരധാടിയോടെ) "യുദ്ധം കഴിഞ്ഞു തിരുമേനി ജയിച്ചല്ലോ. അച്ഛൻ വരാത്തതെന്ത്?"

ലക്ഷ്മിഅമ്മ: "ജയിച്ചെന്നാരു പറഞ്ഞു? അച്ഛൻ സാവധാനത്തിൽ വരും. അടങ്ങിക്കിടക്ക്."

ദേവകി: "അച്ഛനോടു പറയണം, ആരെയും ദ്രോഹിക്കരുതെന്ന്. എന്തു സുഖമായ തണുപ്പമ്മേ! ലോകത്തിലെ കഷ്ടത എന്തോന്ന്? ഈ സുഖവും എന്റെ ഭഗവാൻ തരുന്നതാണല്ലോ. അച്ഛനോടു പ്രത്യേകം പറയണം, ആ കൊച്ചു കപ്പിത്താനദ്ദേഹത്തെ അമ്മ പ്രസവിച്ചതുപോലെ വിചാരിച്ചുകൊൾവാൻ. (വീണ്ടും ബോധം ക്ഷയിച്ച്) അടുത്തു വരിക - അമ്മമാർ - എ - എന്നെ - വിളിക്കുന്നു. ഞാ - ഞാൻ അങ്ങോട്ടു ചെല്ലട്ടെ. എന്റെ - ഭഗവാൻ - അതാ നില്ക്കുന്നു. (ബദ്ധാഞ്ജലിയായി) വിളിക്കുന്നമ്മേ. കൈ നീട്ടുന്നു. ആ - അം - ഏ - പൂക്കള് എന്തു ചൊരിയുന്നു! - അതാ വിളിക്കുന് - നൂ. (അവസാനമായുള്ള പ്രാണായാമസ്വരത്തിൽ) നാ - രാ - യ - ണാ - നാ - രാ - യണാ."

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/428&oldid=168292" എന്ന താളിൽനിന്ന് ശേഖരിച്ചത്