Jump to content

താൾ:Ramarajabahadoor.djvu/427

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ളാൽ പരിതുഷ്ടരാക്കപ്പെടുന്നുവെങ്കിലും ആ പത്രാവലി ആ കിരണങ്ങളുടെ പ്രവേശത്തെ കൃപണമാത്സര്യത്തോടെ നിരോധിക്കുന്നു. തെക്കുള്ള വനവൈതരണിയിലെ വൃക്ഷശാഖകളെല്ലാം പാദാഘാത്താൽ ചാഞ്ഞും ഒടിഞ്ഞും തീർന്നു മനോഹാരിത്വത്തെ കൈവെടിഞ്ഞിരിക്കുന്നു. ആ അഗ്രഹാരത്തിലെ ഗായകദ്വിജങ്ങളും കിരാതദർശനത്തിലെന്നപോലെ ആ സങ്കേതത്തെ ഉപേക്ഷിച്ചിരിക്കുന്നു. നിശാകാലങ്ങളിൽ മാത്രം വേതാളാകൃതികളായ ചില സത്വങ്ങൾ ആ വൃക്ഷനിരകളെ ഭേദിച്ച് അതിലെ അന്തർവ്വാസിയെ സമാരാധിച്ചു പിരിയുന്നു.

ദേവകിയോ, കനകമൃണാളമെന്നപോലെ കൃശഗാത്രിയായി, സമസ്താർത്ഥസമ്പ്രാപ്തയായ സന്യാസിനിയായി, പീഡാചേഷ്ടകളിലും ഗോഷ്ടികളിലും നിന്നു മുക്തയായി ശയനംചെയ്യുന്നു. അശനപാനങ്ങൾക്ക് ആ യുവതേജോവതി കൗതുകയാകുന്നില്ല. അമ്മേ എന്നുള്ള പദം കേവലം കൃതജ്ഞതയെ അവകാശപ്പെടുന്ന ശുശ്രൂഷകി എന്നതിന്റെ പര്യായമായി മാത്രം ആ കന്യക ഉച്ചരിക്കുന്നു. പ്രാപഞ്ചികബന്ധങ്ങളെ ഖണ്ഡിച്ചുള്ള ഈ നിലയിൽ ആ 'കോകില' കന്യകയുടെ ഹൃദയത്തിൽനിന്നു ജനകപദത്തിൽ സമ്പൂജിക്കപ്പെട്ടിരുന്ന പെരിഞ്ചക്കോടന്റെ 'കാക'ലാളനങ്ങൾ ജലരേഖകൾപോലെ മാഞ്ഞുപോയിരിക്കുന്നു. തനിക്കു പരമാനന്ദസമുദ്രത്തിൽ പരിശുദ്ധസ്നാനവും അന്തഃകായത്തിനു നിഗഹമാഗമതത്ത്വജ്ഞരായ സിദ്ധന്മാർക്കും ദുർലഭമായുള്ള മോഹനസുഷുപ്തിയും സന്ധാനംചെയ്ത് ഒരു നാരായണസ്വരൂപം അവൾക്കു നിതാന്തദർശനം നല്കുന്നതുപോലെ സംസാരിച്ചും ചിരിച്ചും രസിച്ചും ദിവസങ്ങൾ കഴിക്കുന്നു. ആ സംസാരവിച്ഛേദകമായ വൈദ്യുതസ്വരൂപത്തെ നിതാന്തം ധ്യാനിച്ചും ആ പരിപാവനാത്മിക ജന്മജന്മാന്തരസിദ്ധമായുള്ള തപഃഫലത്താൽ പ്രശാന്തധീമതിയായും പരമഗതിലബ്ധിയിലുള്ള നിശ്ചലവിശ്വാസത്തോടും സ്വച്ഛന്ദമൃത്യുത്വം സംസദ്ധമായുള്ള മഹാത്മികമായി ചിലപ്പോൾ സുക്ഷുപ്തിക്ഷീരാബ്ധിയിൽ ആമഗ്നയാവുകയും ചെയ്യുന്നു. ലക്ഷ്മിഅമ്മ പുത്രിയുടെ ശയ്യയ്ക്കടുത്തുനിന്ന് അശ്രുസേചിതമുഖത്തോടും കൃപാമൃദുലതയോടും ദുരാപത്തിന്റെ സമീപദർശനത്തിൽ ആധിവശയായും രോഗിണീഹിതങ്ങളറിവാൻ യത്നിക്കുന്നു.

ദേവകി: "എല്ലാം നിറഞ്ഞ് അമ്മേ, ഒന്നും വേണ്ട. അമ്മ ഇങ്ങനെ ഒരുവൾ ഉണ്ടായി എന്നു വ്യസനിക്കരുത്. ഇവിടെ എഴുന്നള്ളിയിരുന്ന ആ ഭഗവാനെ ഒന്നുകൂടി പ്രത്യക്ഷമാക്കാമോ?"

ലക്ഷ്മിഅമ്മ: "സ്വപ്നമാണതു മകളേ."

ദേവകി: "മരിക്കുന്നവർക്കു പരമാർത്ഥം കാണാം. അമ്മേ തൊടാൻ സാധിക്കുന്നില്ല. അമ്മയുടെ രഹസ്യങ്ങൾ എന്തെന്ന് ഇനി ചോദിക്കുന്നില്ല. ബാധകൾ നീങ്ങട്ടെ. ഞാൻ പോകുന്നതാണ് അമ്മയ്ക്കും സുഖം."

ലക്ഷ്മിഅമ്മ: "നീ അല്പമെന്തെങ്കിലും കഴിക്ക്. പട്ടിണികിടക്കുന്നതു കണ്ട് എനിക്കു സഹിപ്പാൻ മേല."

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/427&oldid=168291" എന്ന താളിൽനിന്ന് ശേഖരിച്ചത്