Jump to content

താൾ:Ramarajabahadoor.djvu/424

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
അദ്ധ്യായം മുപ്പത്തിആറ്

"ബാലി മരിച്ചതു കേട്ടൊരു താരയു-
മാലോല വീഴുന്ന കണ്ണുനീരും വാർത്ത്
ദുഃഖേന വക്ഷസി താഡിച്ചുതാഡിച്ചു
ഗദ്ഗദവാചം പറഞ്ഞു പലതരം
.................................................
കല്യാണമാശു ഭവിക്കും തവ
ചൊല്ലേറും വീരമഹാത്മൻ!"


കാർത്തികതിരുനാൾ രാമവർമ്മരാജാവിന്റെ കാലത്ത് മൈസൂർവിഷയങ്ങളുടെ വിസ്തൃതിയെ വഞ്ചിരാജ്യത്തിലോട്ടു നീട്ടുവാൻ രാജ്യാപഹരണവ്യാപാരത്തിൽ വിക്രമഭുജന്മാരായ ഒരു അച്ഛനും മകനും ചെയ്ത സാഹസങ്ങൾ, സൂചികുത്തുവാനുള്ള സ്ഥലംപോലും സ്വാധീനമാക്കാതെ ഇങ്ങനെ പരാജയത്തിൽ അവസാനിച്ചു. ലോകസ്വഭാവം അനുസരിച്ചു വഞ്ചിഭൂവാസികൾ തങ്ങളുടെ മഹാരാജാവിന്റെ ഭാഗ്യമഹസ്സിനെ രാജസൂയതുല്യങ്ങളായ സപര്യകളും സമ്മേളനങ്ങളുംകൊണ്ട് സമാരാധിച്ചു. ജനധനനഷ്ടങ്ങളെ പ്രാപഞ്ചിക'ച്ചുങ്ക'ങ്ങളായി പരിഗണിച്ച് അഹർന്നിശമായുള്ള ആഘോഷങ്ങൾ കൊണ്ടാടി മഹാരാജാവിനെ പുളകാങ്കിതനാക്കുന്നതിനിടയിൽ, ടിപ്പുവിന്റെ സേനായാത്രയെ ശശ്വത്സ്മരണീയമാക്കിയ നരബലികളും ഹോമങ്ങളും ദക്ഷിണതിരുവിതാംകൂറിൽ ആവർത്തിതമാകുന്നു എന്നു ബഹുജനസങ്കടം കാര്യാലയങ്ങളിൽ ദിവസംപ്രതി എത്തിത്തുടങ്ങി. ഖഡ്ഗാഗ്നിപ്രയോഗങ്ങൾ അതിദുസ്സഹങ്ങളാവുകയാൽ ജനങ്ങൾ മഹാക്ഷോഭസ്ഥിതിയിലായി. ഉത്തരതിരുവിതാംകൂറിനെ വ്യഥിപ്പിച്ച ദുഷ്കാലവൈഭവം ഇങ്ങോട്ടു സംക്രമിച്ചിരിക്കുന്നു എന്നു ദാക്ഷിണാത്യർ മാറത്തലച്ചു. ഈ അക്രമങ്ങൾ പാണ്ട എന്ന പറയനാൽ നിർവ്വഹിതമെന്നു പല ലക്ഷ്യങ്ങൾകൊണ്ടും ജനങ്ങൾക്കു ബോദ്ധ്യമായി. പെരിഞ്ചക്കോട്ടുസങ്കേതാധിപൻ ആയ കുഞ്ചുമായിറ്റിപ്പിള്ള മരിച്ചുപോയിരിക്കുന്ന സ്ഥിതിക്ക് അദ്ദേഹത്തിന്റെ കാൽക്കൽ

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/424&oldid=168288" എന്ന താളിൽനിന്ന് ശേഖരിച്ചത്