Jump to content

താൾ:Ramarajabahadoor.djvu/425

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വീണു രക്ഷ തേടുന്നതിനും കഴിവില്ലാതായിത്തീർന്നു. പാണ്ടയോ, ഇന്നു ചോഴമണ്ഡലത്തെ ഭസ്മീകരിച്ചിട്ട് അടുത്ത രാത്രി പഞ്ചനദങ്ങളെ രക്തസിന്ധുക്കളാക്കി, മൂന്നാം ദിവസം രാത്രിയിൽ ഭൂമിയെ അമാഗധമാക്കുന്നു. ഇങ്ങനെ ദക്ഷിണതിരുവിതാംകൂറിലെ ഓരോ ഖണ്ഡത്തിലെയും നിശാകാശങ്ങൾ രക്തത്തിന്റെയോ അഗ്നിയുടെയോ ക്രൂരശോണിമകൊണ്ടു ഉദ്ദൂതതിമിരമായി കഴിയുന്നതിനിടയിൽ ഏതോ ശോണിതപുരത്തിൽ കാരാഗാരസ്ഥനാക്കപ്പെട്ടിരിക്കുന്ന കല്ലറയ്ക്കൽപിള്ളയുടെ മോചനത്തിനുള്ള പ്രാർത്ഥനകളും അനന്തശയനദ്വാരകയിൽ എത്തിത്തുടങ്ങി. സാംക്രമികരോഗഭീതിയാൽ എന്നപോലെ ദക്ഷിണതിരുവിതാംകൂറിലെ ധനപ്രതാപസങ്കേതങ്ങളിൽനിന്നു പ്രതിനിമിഷം മുക്തങ്ങളായ ഭയപ്രലപനങ്ങൾ മഹാരാജകർണ്ണങ്ങളിൽ എത്തി അവിടുത്തെ സന്ധ്യാസമാധികളെ വികലമാക്കി. തിരുമനസ്സുകൊണ്ടു തന്റെ ചര്യാനുഷ്ഠാനത്തിനുള്ള വിഘാതങ്ങളെ ദുരീകരിപ്പാൻ സ്വാശ്രിതപ്രധാനനായ മന്ത്രിവര്യനെ വരുത്തി ജനസങ്കടനിവർത്തനത്തിനുള്ള പ്രതിബന്ധം എന്തെന്നു ചോദ്യം ചെയ്തു.

ദിവാൻജി: "അതെല്ലാം ഇപ്പോൾ ഒതുങ്ങിയിരിക്കും. വിക്രമനെ അങ്ങോട്ടയച്ചിട്ടുണ്ട്. പാണ്ട തിരുമനസ്സിലെ ദാക്ഷിണ്യത്തിൽ കുറെ മുതിർന്നുപോയി. അതവസാനിച്ചു."

മാഹാരാജാവ്: (വിനോദകാപട്യത്തിന്റെ സൂചകമായി ഭ്രൂക്കളെ സങ്കോചിപ്പിച്ച്) "പാണ്ടയോ? എന്റെ കേശവാ, വല്ലാത്തൊരു വർഗ്ഗം തന്നെ! ആ പെരിഞ്ചക്കോടൻ മഹാരാക്ഷസൻ. നിന്റെ കഥയോ പോകട്ടെ. ആ കുട്ടി ത്രിവിക്രമൻ - അവൻ ഒരു കൊടുംകൂറ്റൻ. അഴിക്കോട്ടയിലെ ജയത്തിന് അവനെ ഇനിയും സമ്മാനിക്കണം, കേട്ടോ. എന്താ, ആ കുറു - ഓ - കുറുങ്ങോടൻ എന്ന ഭീമന്റെ രസികത്തങ്ങൾ വിക്രമൻ പറഞ്ഞുകേട്ടു. അയാളെ വരുത്തി ഒരു വിരുന്നൂട്ടി ഒരു കങ്കണവും ധരിപ്പിച്ചയയ്ക്കണം. അതൊന്നുമല്ല ഞാൻ പറയുവാൻ തുടങ്ങിയത്." (ഗണ്ഡങ്ങളിൽ കൈകൊടുത്തു തലതാഴ്ത്തി ഒരു മഹാമന്ത്രത്തിന് ഒരുങ്ങുന്നതുപോലുള്ള സുശാന്താദരത്തോടെ) "നിനക്ക് ഒരു രൂപവും ഇല്ലേ, ആ കാര്യക്കാർ എങ്ങോട്ടു പോയി എന്ന്? നിങ്ങൾ ഒന്നല്ലേ? അതിനെ മനസ്സിൽ കിടന്നു കഷ്ടപ്പെടുത്തുന്നു. ഒന്നും ഒളിക്കേണ്ട; പറഞ്ഞേക്ക്."

ദിവാൻജിയുടെ ശരീരം വിറച്ചു. "തിരുമുമ്പിൽവച്ച് അടിയന്റെ പഴമനസ്സ് ഇളകരുതെന്നു കരുതി ഒന്നും തിരുമനസ്സറിയിക്കാത്തതാണ്. എങ്ങോട്ടു മാഞ്ഞോ? എന്തു കഥയോ!" എന്ന് അദ്ദേഹം ഉണർത്തിച്ചു.

മഹാരാജാവ്: "ഞാൻ ചിലത് ആലോചിപ്പാൻ വിളിച്ചുനിറുത്തിയപ്പോൾ ഇങ്ങട്ടു വട്ടംകറക്കിത്തുടങ്ങി. അവനോ, ഒരു ശരവും ഏൽക്കാത്ത ലക്ഷകവചനും. എന്തു സൃഷ്ടിയോ, എന്ത് അഭ്യാസമോ! ഭഗവാനറിയാം. നിന്നെ ഒന്നു പഴിച്ചു അവനെ നോവിക്കാൻ ഞാൻ നോക്കി. ആ ക്ഷണത്തിൽ ഇവിടന്നു പറന്നവനെ ഇനി കാണണം. കേട്ടോ കേശവാ, ആ വലിയ വെള്ളക്കുത്തുണ്ടായത് വന്മഴ കഴിഞ്ഞിട്ടല്ലേ?"

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/425&oldid=168289" എന്ന താളിൽനിന്ന് ശേഖരിച്ചത്