താൾ:Ramarajabahadoor.djvu/423

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


മുഖമായി നീട്ടി, സാനുപ്രദേശത്തും ചരിവിലോട്ടും ചാഞ്ഞ് കാഷ്ഠാവശ്യങ്ങൾ നിറവേറ്റാൻ പടുക്കുന്നു. വൃക്ഷനിബിഡതകൊണ്ടുള്ള തിമിരത നീങ്ങി ആ പ്രദേശം ആസകലം ഒരു നവപ്രകാശത്താൽ ആവൃതമായി കാണപ്പെടുന്നു. ആ ഭവനത്തിന്റെ പ്രാധാന്യദശയിൽ അവിടെ പരിസേവനം ചെയ്തുപോന്നിരുന്ന ജനബഹുലതയുടെ സോല്ലാസപ്രവർത്തനങ്ങളെ ഇപ്പോൾ അവിടെ വ്യാപരിച്ചിരിക്കുന്ന ജലാശയത്തിൽ സഞ്ചയിച്ചുള്ള മത്സ്യങ്ങളും വിവിധ ജീവികളും ഇളകിച്ചലിച്ച് തങ്ങളിലിടഞ്ഞു നിവർത്തിക്കുന്നു.

മാധവമേനോൻ പാണിതലങ്ങൾ പിണച്ച് നെഞ്ഞോടു ചേർത്തു നഗരവീഥി പരിപാലകത്വം അപ്പോഴത്തെ മനോവേദനയ്ക്കിടയിൽ അസ്തമിച്ചു. അയാളെ വലയംചെയ്യുന്ന കൃപാർദ്രമനസ്കന്മാരോട് "എന്താ കഥ?" എന്ന് ആർത്തനായി ചോദ്യംചെയ്യുന്ന ഭാവത്തിൽ വട്ടമിട്ടു നോക്കി. എല്ലാവരും വീണ്ടും അശ്രുവർഷം ചെയ്തു. മാധവമേനോന്റെ കണ്ണുകൾ സഹതാപാർത്ഥനം ചെയ്യുന്നതുപോലെ ഓരോരുത്തന്റെയും മുഖത്തിൽ പതിച്ചു. അനുകമ്പാശീലന്മാർ ദീർഘശ്വാസം ചെയ്തു. ചിലർ വിധികല്പിതങ്ങളുടെ അലംഘ്യതയെക്കുറിച്ചു പ്രമാണോദ്ധാരണത്താൽ അയാളെ സാന്ത്വനം ചെയ്‌വാൻ യത്നിച്ചു. തൂക്കായുള്ള കരകൾ കയങ്ങളിലോട്ട് ഇടിഞ്ഞു തൂർന്നു കാണുന്നു. ഭവനവാസികൾ-!

ആ മഹാഭവനത്തെയും അവ്യാഖ്യേയമായുള്ള ഭഗവന്മതം അനുസരിച്ച് ആ ജലപ്രവാഹം അതിന്റെ പ്രതിഷ്ഠാകുട്ടിമത്തിൽനിന്ന് ഉദ്വാഹം ചെയ്ത് ആഹരിച്ചിരിക്കുന്നു എന്ന് മാധവമേനോൻ മനസ്സിലാക്കി. സ്വജനനിയോ? ആജ്ഞബീജമായി ജനിച്ച് ഒരു വികൃതാത്മാവാൽ ലാളിക്കപ്പെട്ടു വികൃതിത്വത്തിന്റെ മഹൽചര്യകൾക്ക് അഭ്യസ്തനായി, നാടും ഗൃഹവും എന്നുള്ള അഭിമാനാശയങ്ങളോടു വിദൂരിതനായി വളർന്നിട്ടുള്ള ആ ജളൻ, ഗൃഹത്തിന്റെ നിർമ്മൂലനത്തിൽ തന്റെ മാതാവും അവസാനപദം ചേർന്നിരിക്കാമെന്നുള്ള ആത്മോദയത്താൽ അസ്തവിവേകനായി. എങ്കിലും പരിസരത്തിൽ ബഹുജനങ്ങൾ നില്ക്കുന്നു എന്നു കണ്ട് ആടിയ കാലിന്റെ പരിചയോർജ്ജിതത്താൽ ആ അഭിനയവിദഗ്ദ്ധൻ മാറത്തടിച്ചു വാവിട്ടുകരഞ്ഞു നിലത്തുവീണുരുണ്ടു. തിലോത്തമാലക്ഷങ്ങളുടെ സാരസർവ്വസ്വമായി അവതരിച്ച മാധവിഅമ്മയുടെ ദർപ്പകളങ്കിതമായ ദേഹിയെ ആ മഹാപ്രവാഹം സ്വർഗ്ഗംഗാതീർത്ഥമായി പരിശുദ്ധീകരിച്ചു പ്രാപഞ്ചികമായുള്ള ദുരിതനിചയങ്ങളിൽനിന്ന് അവരെ മുക്തയാക്കി എന്ന് ആശ്വസിച്ചുകൊള്ളാം.

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/423&oldid=168287" എന്ന താളിൽനിന്ന് ശേഖരിച്ചത്