താൾ:Ramarajabahadoor.djvu/421

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഉണ്ണിത്താൻ വേരിളകി വീഴാൻപോകുന്ന നാളികേരവൃക്ഷംപോലെ ചാഞ്ചാടിത്തുടങ്ങി.

ദിവാൻജി: "നാം ശത്രുതയിൽ കഴിയുന്നതു തിരുമേനിയെ വ്യസനിപ്പിക്കുന്നു. മനസ്സിലെ കളങ്കമെല്ലാം നീക്കി ചിന്തിക്കുക. ത്രിവിക്രമനെ കൊല്ലാൻ തുടങ്ങിയ മകളുടെ അച്ഛനെന്നുള്ള മഹത്ത്വം, എന്തു മഹനീയം! പുത്രീസ്ഥാനം അങ്ങേക്കും ഭാഗിനേയിസ്ഥാനം - എനിക്കും - ഇങ്ങനെ നമുക്ക് അവളുടെ സ്നേഹത്തെ വീതിക്കാം. ഇനി അങ്ങേടെ ഓമനമകൾ പുണ്യവതിയെ അങ്ങോട്ടേറ്റുകൊള്ളുക. അങ്ങേ ബോധ്യപ്പെടുത്താൻ ഒന്നുകൂടിച്ചെയ്യാം. തൃപ്പാദ-"

അശ്രുധാരയെ വർഷിച്ചുതുടങ്ങിയ ഉണ്ണിത്താൻ 'മതിമതി' എന്നു വിളിച്ചു സത്യവാചികത്തെ തടഞ്ഞുകൊണ്ടു ദിവാൻജിയോടു സമസ്താപരാധവും ക്ഷമിപ്പാൻ പ്രാർത്ഥിച്ചു. ദിവാൻജി അകൃത്രിമശീലനായ ആ പുണ്യാത്മാവിന്റെ കൈകളെ അമൃതവാഹികളെന്നപോലെ ബദ്ധാദരം ഗ്രഹിച്ചു തലോടി. ഉണ്ണിത്താൻ തന്റെ നെറ്റിത്തടത്തെ ഹസ്തത്താൽ താങ്ങിക്കൊണ്ടു, 'കൊടന്തയെ തൂക്കിക്കൊല്ലണ'മെന്നു വിധിച്ചും തന്റെ 'ദുർഗ്രഹണാപരാധങ്ങൾക്ക്' പരിഹാരവിധി 'കാണുന്നില്ലേ ഭഗവാനേ!' എന്നു ഖേദിച്ചും, 'മീനാക്ഷി', 'മീനാക്ഷി' എന്നു ജപിച്ചും പുത്രിയെ നോക്കി സ്പർശാകൂതവാനായി വിറച്ചു. ദിവാൻജി, കണ്ഠം ഇടറി "ഒരു കാര്യം പറഞ്ഞുകൊള്ളട്ടെ. നാം പരസ്പരം കണ്ടന്നുമുതൽ ഒരു വിശേഷബന്ധത്തിലായി. എന്റെ സ്ഥാനത്തിന് ഞാൻ നയം പ്രയോഗിക്കേണ്ടവൻതന്നെ എങ്കിലും അങ്ങേപ്പോലുള്ള ദിവ്യന്മാരോട്-" എന്നു സാന്തനസമാധാനങ്ങൾ പിന്നെയും പറഞ്ഞുതുടങ്ങിയപ്പോൾ, ഉണ്ണിത്താൻ സമസ്താവസ്ഥകളെയും തന്റെ പരമമിത്രത്തെയും മറന്ന് സാവിത്രിയോടു സഹശയനനായി, ജളതകൊണ്ടു ചെയ്തുപോയ വീഴ്ചകൾക്കു ക്ഷമയാചിച്ചും മകളെ ഒന്നുണർത്താൻ വാത്സല്യവിളികൾകൂട്ടിയും തന്നെ ചതിക്കരുതെന്നു ദേവസമൂഹങ്ങളോടു പ്രാർത്ഥിച്ചും അവളെ ഗാഢഗാഢം ആലിംഗനം ചെയ്തുരുണ്ടു വിങ്ങിവിങ്ങിക്കരഞ്ഞു.

നാഴിക ആറേഴു കഴിഞ്ഞപ്പോൾ പണ്ട് അച്ഛന് എഴുതിയതുപോലെ നാല് ഓലകളുടെ പതിനാറുപുറവും നിറഞ്ഞുള്ള ഉണ്ണിത്താന്റെ ലേഖനവുംകൊണ്ട് ചിലമ്പിനഴിയത്തേക്ക് ഒരു ദൂതൻ അഞ്ചൽകുതിരകളുടെ സഹായത്തോടെ യാത്രചെയ്‌വാൻ നിയോഗിക്കപ്പെട്ടു. ദിവാൻജി സാവിത്രിയുടെ ചികിത്സാകാര്യങ്ങളെ കുറുങ്ങോടന്റെ പരികർമ്മിത്വത്തോടെ മേൽനോട്ടം ചെയ്യുന്നതിനിടയിൽ, "ദേഹം ഉലപ്പിച്ച് ഇളക്കാഞ്ഞാൽ രണ്ടു ദിവസംകൊണ്ടു നല്ലവണ്ണം നടക്കാറാവും വിക്രമാ" എന്നും മറ്റും ശാസിച്ച് ആ യുവാവിന്റെ മുതുകിൽ ഉണ്ണിത്താൻ തലോടി അയാളുടെ ഹൃദന്തരോഗത്തിൽ ഏതാണ്ടൊരു ഭാഗത്തെ ശമിപ്പിക്കുന്നു.

ടിപ്പുവിന്റെ തിരിഞ്ഞോട്ടം 'ഇങ്ങിനിവരാതവണ്ണം' ഉണ്ടായതുതന്നെ എന്ന് മാധവമേനോൻ ധൈര്യപ്പെട്ടു. തന്നെ ബാല്യത്തിൽ അപഹരിച്ചു

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/421&oldid=168285" എന്ന താളിൽനിന്ന് ശേഖരിച്ചത്