Jump to content

താൾ:Ramarajabahadoor.djvu/420

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സഹോദരന്മാർ ഉഗ്രശാന്തന്മാർ. അവരെയുംകൊണ്ട് നന്തിയത്തെ സഹായത്താൽ അവരുടെ അച്ഛൻ നാടുവിട്ടു-"

ഉണ്ണിത്താൻ: "അതെല്ലാം കേട്ടിട്ടുണ്ട്."

ദിവാൻജി: "ആ ത്രിപുരസുന്ദരിക്കുഞ്ഞമ്മേടെ ഇരട്ടപെറ്റ മക്കളാണ് ഹരിപഞ്ചാനനന്മാർ."

ഉണ്ണിത്താൻ: (ദീർഘഗുഹയ്ക്കകത്തുനിന്നു പുറപ്പെടുന്ന സ്വരത്തിൽ) "ഹതേയോ? എന്നാൽ അവർ എങ്ങോട്ടു പോയി?"

ദിവാൻജി: "ആ കാലത്തെ തീപിടിപ്പിൽ ദഹിച്ചുപോയി. പടത്തലവനമ്മാവനും പൊന്നുതിരുമേനിയും അതിനു സാക്ഷി. ഇങ്ങനെ വല്ലതും കലശൽ ഉണ്ടാകുന്നെങ്കിൽ കാര്യമെല്ലാം പറഞ്ഞുകൊള്ളുവാൻ ഇപ്പോൾ ഞാൻ തിരുവനന്തപുരത്തു ചെന്നു മുഖം കാണിച്ചപ്പോൾ കൽപനയുണ്ടായി. അതുകൊണ്ടു പറഞ്ഞു."

ഉണ്ണിത്താൻ ഗാഢചിന്തയോടെ മൂർദ്ധാവു ചൊറിഞ്ഞും നെഞ്ഞു തടവിയും നിലകൊണ്ടു.

ദിവാൻജി: (പുഞ്ചിരിയോടും രഹസ്യസ്വരത്തിലും) "മാങ്കാവിൽവച്ചു കണ്ടത് അമ്മാവനെ അല്ലേ?"

ഉണ്ണിത്താൻ: (ആധിയോടും തന്റെ ജളതാബോദ്ധ്യത്താലുള്ള ക്ഷീണത്തോടും) "എന്തു പറഞ്ഞിട്ടും വീട്ടിലേക്കു പോരില്ല. ആരു പറഞ്ഞു അമ്മാവനാണെന്ന്?"

ദിവാൻജി: "അതു പോട്ടെ. തിരുമനസ്സുകൊണ്ട് അദ്ദേഹത്തിന്റെ പരമാർത്ഥവും അറിഞ്ഞു. ഹരിപഞ്ചാനനന്മരുടെ സംഗതിയിലെ നയം തന്നെ ഗൗണ്ഡൻ - എന്നുവച്ചാൽ, അവിടത്തെ അമ്മാവന്റെ കാര്യത്തിലും കല്പിച്ചനുഷ്ഠിച്ചു. അദ്ദേഹത്തെ പിടിപ്പിക്കാതെയും ശിക്ഷിക്കാതെയും വിട്ടേച്ചു. എല്ലാം നിങ്ങളെ കരുതീട്ടായിരുന്നു."

ഉണ്ണിത്താൻ: (ഏകദേശം നിശബ്ദനായി) "പിന്നേ - എന്നാൽ - അങ്ങ് എന്തിനായി ചിലമ്പിനഴിയത്തു പോയി?"

ദിവാൻജി: "ശരി, ഒരു ശിപായിയെ അയച്ചാൽ മതിയായിരുന്നു. കഴക്കൂട്ടത്തെ കുഞ്ഞമ്മയോടു നിധി നീക്കിക്കൊള്ളാൻ അനുവാദം വാങ്ങുന്നതിനു സ്ഥാനപതിയായി ഞാൻതന്നെ പോകണമെന്നു കല്പിച്ചുകൊണ്ടു."

ഉണ്ണിത്താൻ: (തലകുലുക്കി മഹാരാജാവിനെ സ്മരിച്ചു ബദ്ധാഞ്ജലിയായി) "ശരി! ശരി! (മൃദുവും സാവധാനവുമായ സ്വരത്തിൽ) പിന്നെ, അവിടുത്തെ കരുണാനയം, ഇത്ര താമസിച്ചിട്ടാണെങ്കിലും നല്ലതുപോലെ മനസ്സിലാകുന്നു. ഒരു സംഗതികൂടി ചോദിച്ചുകൊള്ളട്ടെ. ഒരു - മോതിരം വിക്രമന്റെ പക്കൽ ഏല്പിച്ചയച്ചതോ?"

ദിവാൻജി: "എന്റെ ശുദ്ധാ! ആ മോതിരം നിങ്ങടെ അമ്മാവൻ അവിടെ കൊണ്ടു വിറ്റതാണ്. ഇതു ഞാനിപ്പോൾ പോരുമ്പോൾ അറിഞ്ഞു. എന്റെ മോതിരം ഇതേ, രണ്ടും ജോടി ഒന്ന്."

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/420&oldid=168284" എന്ന താളിൽനിന്ന് ശേഖരിച്ചത്