താൾ:Ramarajabahadoor.djvu/405

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


പ്പിഴിഞ്ഞു കൈവളകളും പാദവലയങ്ങളും കുലുക്കിയും കുങ്കുമാദി വിവിധ ചൂർണ്ണങ്ങളെക്കൊണ്ടു വസ്ത്രപ്രകാശങ്ങളെ വിവർണ്ണമാക്കിയും രക്ഷപ്പെട്ടു. നാലഞ്ചു അവഭൃഥസ്നാനം കഴിപ്പിച്ചിട്ടു സുൽത്താന്റെ സമ്പൂജ്യകളേബരത്തെ അജിതസിംഹപ്രഭൃതികൾ നെടുമ്പുരയിലെത്തിച്ചു. ആ മഹാപരാക്രമന്റെ ഭീരുതയും ദൈന്യതയും ജലപ്രവാഹത്തിന്റെ ഭയാനകതയും കണ്ടു ലജ്ജാഭീതനായെന്നപോലെ ആദിത്യൻ ചരമഗിരിയുടെ മറവിൽ തലതാഴ്ത്തി മറഞ്ഞു.

ജലം പെരുകിപ്പെരുകി സമുദ്രഭയങ്കരതയോടും ജൃംഭകാസ്ത്രത്വരയോടും അന്തകദണ്ഡശക്തിയോടും അനുപദസമ്പാതത്തോടും പ്രവഹിച്ച് അന്ധകാരനിരയിൽ മറയുന്നു. ഗൃഹധനങ്ങൾ, ഭക്ഷണവിഭവങ്ങൾ, വിവിധങ്ങളായ സമ്പാദ്യങ്ങൾ എന്നിവയെല്ലാം ആർക്കുമില്ലാതെ നഷ്ടമാകുന്നു. ഭൂമുഖസ്വരൂപങ്ങൾ ഭിന്നങ്ങളായി നവാകൃതിയിൽ പരിവർത്തനം ചെയ്യുന്നു. മഹാഗിരിവാസികളായ ഗജങ്ങൾ ഭ്രമണചെയ്തു സമുദ്രസംഗമത്തെ പ്രാർത്ഥിച്ചു പാഞ്ഞുപോകുന്നു. പ്രവാഹാരവം ദിഗ്ഗജസർപ്പങ്ങളും സഹസ്രഫണനിരകളും സംഹാരമൂർത്തിയുടെ ഭൂതഗണങ്ങളും ഏകോപിച്ച് അട്ടഹസിക്കുംപോലുള്ള മുഴക്കത്തിൽ വ്യാപരിച്ചു, ഇന്ദ്രനാലും ശക്യമല്ലാതുള്ള ഒരു പ്രവർഷക്രിയ നിർവ്വഹിതമാകുന്നു. ടിപ്പുവായ മൈസൂർസാമ്രാട്ടിന്റെ ആഗ്നേയാസ്ത്രത്തിനു ശ്രീപത്മനാഭനാൽ ഉപദിഷ്ടമായി അവിടത്തെ ദാസദാസദാസൻ മുക്തമാക്കിയ വരുണാസ്ത്രം ശത്രുവിന്റെ അഹങ്കാരാഗ്നിയെയും വിജയതൃഷ്ണാഗ്നിയെയും ചാമ്പൽപോലും ശേഷിക്കാതെ കെടുത്തി. ജലഗർഭപ്രസവിതമായ ആ പ്രവാഹത്തിലെ ഓരോ ബിന്ദുവും ആത്മബലികർമ്മാക്കളിൽ മഹേന്ദ്രനായുള്ള സൂതികർത്താവിന്റെ മണിപൂരകരക്തത്താൽ സംശുദ്ധമാക്കപ്പെട്ടിരുന്നുവെന്ന് ശ്രീ രാമവർമ്മമഹാരാജാവും അവിടുത്തെ മന്ത്രിവര്യനും ഗ്രഹിച്ചില്ലെങ്കിലും ശത്രുനിരയെ ലോകനീതിക്കു സംതൃപ്തിവരുമാറു ശിക്ഷിച്ചു.

കാര്യക്കാരുടെ മനോധർമ്മജമായുള്ള പ്രവാഹം പുരാണപ്രസ്തുതമായ വിധത്തിലല്ലാതെ, ക്ഷുദ്രഝരികകളായി ഉൽപതിച്ചും കൂലപ്രദേശങ്ങളെ തകർത്തും പരശുരാമപ്രായന്മാരായ വൃക്ഷസമ്രാട്ടുകളെ വക്ഷസ്ഥമാക്കിയും ക്ഷേത്രങ്ങളെയും സൗധങ്ങളെയും സാമാന്യജനവസതികളെയും കുടിലുകളെയും അസ്തിവാരമിളക്കി ഗ്രസിച്ചും സഹ്യപർവ്വതനിരയുടെ മൂർദ്ധാവോട് അനുബന്ധിച്ച് ഇതു അധിത്യകകളിൽനിന്നു സർവ്വോപപീഡകമായി ഉത്സർജ്ജിതമായ ഒരു മഹാസംവർത്തംതന്നെ ആയിരുന്നു. ആ മഹാപ്രളയം, അനുപദം സ്ഫീതാകാരമായി, സമസ്തനിരോധങ്ങളെയും സംഭിന്നനംചെയ്ത് സൃഷ്ടിചക്രസാർവ്വഭൗമത്വം വഹിക്കുന്ന മനുഷ്യർ, ദ്വിശൂലന്മാരായ ഗജേന്ദ്രന്മാർ, വിഷായുധന്മാരായ നാഗത്താന്മാർ തുടങ്ങി പിപീലികാന്തമുള്ള ജീവികളിൽ അനന്തകോടികളെ വഹിച്ച് അനാദ്യന്തവരുണാലയത്തിൽ നിക്ഷേപിച്ചു. മഹാസമുദ്രങ്ങൾക്കും ശക്യമല്ലാതുള്ള വിധത്തിൽ തരംഗക്ഷുഭിതമായി ടിപ്പുവും

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/405&oldid=168267" എന്ന താളിൽനിന്ന് ശേഖരിച്ചത്