Jump to content

താൾ:Ramarajabahadoor.djvu/404

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ക്കാരല്ല. ആരവം അയുതാശ്വങ്ങൾ ഏകോപ്പിച്ചു ദ്രുതഗമനം ചെയ്യുന്ന ഖുരപതനാപടലി എന്നപോലെ കർണ്ണം പൊട്ടിക്കുന്നു.

സുൽത്താൻ: "ആയ്! നമ്മുടെ സേനാനിര ഭദ്രം. ശത്രുക്കൾ നദീമാർഗ്ഗമായി നിരോധശ്രമം ചെയ്യുന്നു."

അജിതസിംഹൻ: "ചക്രവാതമാണ്; ശത്രുവല്ല."

സേവകന്മാർ: "നെടുമ്പുരയിലോട്ട് എഴുന്നള്ളാൻ തിരുവുള്ളമുണ്ടാകണം."

സുൽത്താൻ: "ശബ്ദം ചൈത്താൻപടയുടെ നരകവിളിപോലെ."

സേവകന്മാർ: "നമ്മുടെ അരുവികൾ ഇത്ര ഭയങ്കരങ്ങളല്ല."

ആരവം ആകാശത്തെ കവചംചെയ്യുന്ന മേഘക്കൂട്ടങ്ങൾ മുഴുവൻ സംയോജിച്ചു തകരുന്ന കോലാഹലത്തിൽ കേൾക്കുമാറാകുന്നു. മനുഷ്യരുടെ ഭയാട്ടഹാസങ്ങളും രോദനങ്ങളും ആപത്സാമീപ്യത്തെ ധരിപ്പിക്കുന്നു. നദീതീരം തകർന്നു വരുന്നു. വന്മരങ്ങൾ പ്രവാഹഫണങ്ങളിൽ കൃഷ്ണനടനംചെയ്യുന്നു. അല്ല, പർവ്വതനിര, സവനം, ദിക്ദർശനാർത്ഥം പ്രയാണം ചെയ്യുന്നുവെന്ന് ഓരോരുത്തർ വിളികൂട്ടുന്നു. തരുനിരകളെയും മൃഗതതികളെയും മാർഗ്ഗവിലംഘനം ചെയ്ത സമസ്തസാധനങ്ങളെയും വഹിച്ചുള്ള ഒരു ജലപ്രാകാരം കാണുമാറാകുന്നു. അജിതസിംഹൻ ക്ഷതപാദനായ സുൽത്താനെ താങ്ങി മുന്നോട്ടു നടകൊള്ളിച്ചു. ഗിരിസമോന്നതമായുള്ള സമുദ്രതരംഗം പ്രായാണംചെയ്യുംവണ്ണം ആ ജലപ്രാകാരം സർവ്വം തകർത്തുകൊണ്ടു പാഞ്ഞുപരന്നു, സുൽത്താന്റെ കൂടാരത്തെയും ആവരണം ചെയ്തു ബോധക്ഷതകമായുള്ള ഭയങ്കരരടിതത്തോടെ സമുദ്രോന്മുഖമായി പ്രവഹിച്ചു. സുൽത്താനോടൊന്നിച്ച് അജിതസിംഹനെയും അനുചരസംഘത്തെയും ആ അപ്രതിരോധ്യപ്രവാഹത്തിന്റെ ഒരു പുച്ഛം വീഴ്ത്തി സ്നാനംചെയ്യിച്ചു. സേവകരുടെ സഹായത്താൽ സുൽത്താനെയും വഹിച്ചുകൊണ്ടു മുമ്പോട്ടു ചാടിയ അജിതസിംഹൻ മുട്ടോളം വെള്ളത്തിൽനിന്നു നെഞ്ഞോളം താഴ്ചയിലായി. സർവ്വശക്തന്റെ പള്ളിസ്വാസ്ഥ്യം പരമാർത്തനായ സുൽത്താന്റെ തൃക്കണ്ഠക്രന്ദനങ്ങളാൽ ഭംഗപ്പെട്ടു. സേനാസംഘങ്ങൾ മാറടിക്രിയയെ അനുവർത്തിച്ചുകൊണ്ട് ടിപ്പുവിനെ രക്ഷിപ്പാൻ വലയം ചെയ്തു. പ്രതിക്രിയാനുവർത്തിനിയായ മഹാകാളി എന്നപോലെ, ആ പ്രളയവലയം അവരെ മേല്‌പോട്ടു പായിച്ചു. അങ്കികൾ, കുപ്പായങ്ങൾ, സാമാന്യവസനങ്ങൾ എന്നിവ നനഞ്ഞ് ശരീരങ്ങളോടൊട്ടി, പ്രാണഭീതിയോടെ മണ്ടുന്നവരെ വികൃതരൂപങ്ങളാക്കി. സിംഹാസനങ്ങൾ, ആഭരണങ്ങൾ, മഞ്ചങ്ങൾ, കനകനിർമ്മിതമായ പാനപാത്രങ്ങൾ, അമൂല്യാംബരങ്ങൾ- കഷ്ടം! സ്വർവ്വധൂകദംബങ്ങളെ ലജ്ജിപ്പിക്കുന്ന സൗന്ദര്യധാമങ്ങൾ, ആഭിസീനികപ്രഭൃതികളായ വീരയോധന്മാർ - എല്ലാം ആ പ്രവാഹകാളിക്കു മീണ്ടുകൂടാക്കരാറിന്മേൽ പണയപ്പെട്ടു. ജലചയം അലറിപ്പെരുകി! അജിതസിംഹന്റെ കൂടാരവാസികൾ നീന്തിത്തുടിച്ചു നെടുമ്പുരയിലെത്തി, ജലത്തിൽ ആമജ്ജനംചെയ്തു. സമുദ്രംഗതകളാകാത്ത അരമനവാസികൾ, പിടഞ്ഞടിച്ചു വീണും എഴുനേറ്റും വസ്ത്രങ്ങൾ മുറുക്കി

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/404&oldid=168266" എന്ന താളിൽനിന്ന് ശേഖരിച്ചത്