താൾ:Ramarajabahadoor.djvu/40

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആപത്കരനായ സൂര്യപുത്രന്റെ ചാരദോഷം നീക്കുന്നതായ ഒരു മന്ത്രത്തെ മനസാ ഉരുക്കഴിക്കുന്നതിനിടയിൽ, തെക്കുപടിഞ്ഞാറു മൂലയിലുള്ള വാതിലിന്റെ ബഹിർഭാഗത്തുനിന്ന്, "ഛേ! അങ്ങോട്ടു പൊയ്ക്കൂട കൂവ - എടാ നെടുംകാലാ! ഇങ്ങോട്ട് - ഇത് എവിടെക്കിടന്ന കാട്ടുമാടൻ!" എന്നും മറ്റും പല കണ്ഠങ്ങൾ ശണ്ഠകൂട്ടുന്നതു കേട്ട് ആ സമരരംഗത്തിന്റെ നേർക്ക്, മന്ത്രജപത്തിൽ ദത്തചിത്തനായ വൃദ്ധൻ സാഹസനിരോധനത്തിലുള്ള കൃപാസന്നദ്ധതയോടെ തിരിഞ്ഞുനോക്കുന്നു. ഊക്കനായ യന്ത്രക്കവണിയിൽനിന്നു മുക്തമായ നെടുംപുരക്കൂട്ടംപോലെയുള്ള ഒരു സത്വം ആ രാജാങ്കണത്തിൽ നിക്ഷിപ്തമാകുന്നു. മൂക്കും മുട്ടുംകുത്തി നിലത്തുവീണ ഒരു അഷ്ടാവക്രൻ തന്നെ തടുത്ത അപരാധികളെ 'എരുമച്ചീമോന്മാര്,' 'പീപ്പന്നിക്കഴുവന്മാര്' എന്നും മറ്റും ഭർത്സിക്കുന്നതിനിടയിൽ, പൊട്ടിച്ചിരിച്ചുകൊണ്ടു തന്റെ സാമർത്ഥ്യത്തെ അഭിനന്ദിക്കുകയും ചെയ്യുന്നു. ആ കോപഭാഷണക്കാരനായ അഹംകാരിയെ ശിക്ഷിപ്പാൻ നാനാഭാഗങ്ങളിലും നിന്നു ചാടിപ്പുറപ്പെട്ട പല ശൂലധാരികളും വേത്രധാരികളും എന്തോ അദൃശ്യപാശങ്ങളാൽ പുറകോട്ടു നീതന്മാരായതുപോലെ അപ്രത്യക്ഷന്മാരാകുന്നു. പ്രാകാരദ്വാരത്തെ ബലപ്രയോഗത്താൽ തരണം ചെയ്തു ബഹുകോണാകാരൻ കരിമ്പനച്ചക്കരയും നാളികേരരസവും ചേർന്നാൽ അമൃതപ്രാശത്തെക്കാൾ ശക്തിപ്രദായകമായ ഒരൗഷധമാണെന്നും മറ്റും പ്രസംഗിച്ചുകൊണ്ട്, കണ്ണുതുടച്ച് ഒന്നു ചുറ്റിനോക്കിയപ്പോൾ, സങ്കടം ധരിപ്പിപ്പാൻ തക്ക ലക്ഷണങ്ങളുള്ള വൃദ്ധനെ കണ്ടു കൈകൾ നീട്ടിക്കുടഞ്ഞു വീശി, വാനരത്താനെപ്പോലെ അദ്ദേഹത്തിന്റെ സമീപത്തെത്തുന്നു.

ഇരുമ്പുദണ്ഡങ്ങളും ചതുഷ്കോണക്കട്ടികളും സംഘടിച്ച് ഏഴടിപ്പൊക്കത്തിൽ വിശ്വപ്പെരുന്തച്ചന്റെ മുഴക്കോലിനും കണക്കുകൾക്കും അമരാതെ ജനിച്ചിട്ടുള്ള സാഹസികൻ, വൃദ്ധന്റെ മുമ്പിൽനിന്ന് അദ്ദേഹത്തിന്റെ മുഖത്തെ ചീന്തുമാറുള്ള അംഗുലീക്രിയകളോടുകൂടി തന്റെ ചരിത്രവും യാത്രോദ്ദേശ്യവും സംക്ഷിപ്തമായി വർണ്ണിച്ചു. അവന്റെ ഭാഷ, ഉത്തരദേശികൾക്കു സുഗ്രാഹ്യമല്ലെങ്കിലും സ്വരാജ്യത്തിലെ ജനപരമ്പരകളുടെ വ്യാപാരവിവിധത്വങ്ങളെ ഗ്രഹിച്ചിട്ടുള്ള വൃദ്ധനു ദേവഭാഷപോലെ കർണ്ണാനന്ദകരമായിരുന്നു. "കേട്ടോ അമ്മാച്ചാ, കല്ലറയ്ക്കപ്പിള്ള എന്നു ചൊല്ലുവാരില്ലിയോ, കൊമ്പിച്ച ഗ്രവത്ഥൻ ധുവാൻഷി അങ്ങത്തെ ചെന്നു കണ്ടാര്. എത്തും എതിരും ഇരുന്നു പേശിയപ്പോ കുന്നത്തൂർ അങ്ങുന്നു (ദിവാൻജി) ചൊല്ലിയാര്, ഇങ്ങൊരു രായൻ അടിപിടിച്ചട്ടമ്പി വന്നിരിക്കിനാൻപോലും. അയ്യാക്ക് എതിരു കിട്ടാണ്ട് പൊന്നുതമ്പുരാന് എന്തരോ അങ്കലാപ്പുപോലും എന്നാ, അഴകു ഒരു കൈ പാക്കണോ എന്ന് അങ്ങോട്ടുകേറി ചൊല്ലിയപ്പോ, കല്ലറയ്ക്കപ്പിള്ള 'ഫൂ' എന്ന് ആട്ടൂട്ടാര്. എന്നാ അവിടെക്കെടാ എന്നു ചൊല്ലീച്ച്, പൊന്നുതമ്പുരാന്റെ ഹൈമാന്യം നേടാൻ അഴകു അവരറിയാണ്ട് ഇങ്ങോട്ടു പോണെ"

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/40&oldid=168261" എന്ന താളിൽനിന്ന് ശേഖരിച്ചത്