Jump to content

താൾ:Ramarajabahadoor.djvu/39

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
അദ്ധ്യായം നാല്


"വീതശങ്കം സപദി ദ്വന്ദ്വയുദ്ധം തരിക അതു സംപ്രതി
കുതുകം പൂണ്ടിഹ അധുനാ തവ സവിധം പ്രാപിച്ചിത്"


സ്വാതിതിരുന്നാൾ മഹാരാജാവ് മോഹനകേളീസൗധമായി നിർമ്മിച്ച പുത്തൻ മാളികക്കൊട്ടാരത്തിന് എടുത്ത ഭൂമിയിൽ പക്ഷേ, ശ്രീമദ്ദിവാകരസ്വാമിയാർക്കും തണലേകീട്ടുള്ളതായ ഒരു അരയാൽ ഗോവർദ്ധനച്ഛത്രത്തിന്റെ വൃത്തത്തിൽ കൊമ്പുകൾ വീശി നിന്നിരുന്നു. അതിന്റെ പത്രങ്ങൾ ഉദയത്തിലെ ഇളംകാറ്റേറ്റ് കല്ലോലനൃത്തങ്ങൾ തുള്ളി സൂര്യന്റെ ഉദയകിരണവീചികൾക്കു സ്വാഗതം പറയുന്നതിനിടയിൽ താഴത്തെ മുറ്റവെളിയിൽ ഉദയവ്യായാമത്തിനെന്നപോലെ പുഷ്ടശരീരനായുള്ള ഒരു ദശരഥപ്രഭാവൻ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു. അല്പം വളർത്തി കോതി ഒതുക്കീട്ടുള്ള തലമുടിക്കിടയിൽ അഗ്രം ബന്ധിച്ചു കാണുന്ന കുടുമയും നടുവിൽവെച്ച് ഇരുഭാഗത്തോട്ടും ചീകി ഒതുക്കീട്ടുള്ള മീശയും രജതപ്രഭമായി നരച്ചും മുഖത്തിന്റെ വന്ദ്യതയ്ക്ക് അനുരൂപമായുള്ള വലയബന്ധങ്ങളായി കാണുന്നു. പുതച്ചിരിക്കുന്ന കാശ്മീരശ്വേതാംബരം അരയിൽ ചാർത്തിയിരിക്കുന്ന പുളിയിലക്കരപ്പരിവട്ടത്തെ മുക്കാലും മറയ്ക്കുന്നു. ഏഴുവെളുപ്പിനുതന്നെ മാർജനക്രിയ കഴിക്കപ്പെട്ടു ധാവള്യത്തോടെ തിളങ്ങുന്ന ഭൂലക്ഷ്മിയുടെ അബലാത്വത്തിൽ ഭൂതദയാലു ആകകൊണ്ടെന്നപോലെ പാദങ്ങളെ അതിലഘുവായും മൃദുവായും പതിപ്പിച്ചു യാനം ചെയ്യുന്നു. അശ്വത്ഥത്താൽ അർച്ചിതമാകുന്ന പത്രങ്ങളിന്മേൽ പാദങ്ങൾ പതിയാതെ നടകൊള്ളുന്ന ഈ വൃദ്ധശ്രീമാന്റെ ഏകാന്തതയെ ആരും ബാധിക്കുന്നില്ല. അനവധി സേവകജനങ്ങളും പരിചാരകന്മാരും ആയുധപാണികളായ ദ്വാസ്ഥന്മാരും ഓരോ പള്ളിയറകളിലും ദ്വാരപ്രദേശങ്ങളിലും നിലകൊള്ളുന്നെങ്കിലും വൃദ്ധന്റെ മുഖത്തു ചേഷ്ടിക്കുന്ന അന്തർവികാരങ്ങളുടെ സ്വൈരപ്രവർത്തനത്തിനു നിരോധം ഉണ്ടാകുന്നില്ല. ബലിഷ്ഠാഗ്രേസരനായുള്ള ഒരു ശത്രുവിന്റെ ആക്രമത്തെ അനുമുഹൂർത്തം പ്രതീക്ഷിച്ചു ചിന്താവിഹ്വലനായി അശ്വത്ഥത്തെ നോക്കി

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/39&oldid=168249" എന്ന താളിൽനിന്ന് ശേഖരിച്ചത്