Jump to content

താൾ:Ramarajabahadoor.djvu/367

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ക്കാർ പ്രാകാരഭേദികളെ സഹായിച്ച് അതിന്റെ സാനുപ്രദേശസ്ഥരായ തോക്കുകാരെ എണ്ണി എണ്ണി വീഴ്ത്തുന്നു. ഹോമാഗ്നിയിൽ അർപ്പിക്കപ്പെട്ട രാവണശിരസ്സുകൾക്കു പകരം മറുതലകൾ ഉൽപ്പന്നങ്ങളായതുപോലെ, മരിച്ചും മുറിവേറ്റും വീണ പദാതിക്കു പകരം വഞ്ചിഭടന്മാർ നളികമുഖങ്ങൾ നീട്ടി പ്രാകാരശിരസ്സിൽ നിലകൊണ്ട് അവരുടെ സംഖ്യയ്ക്കു ശക്തമാംവണ്ണം ശത്രുപരാക്രമത്തെ ഭഞ്ജിക്കുന്നു. വേദനാക്രന്ദനങ്ങളും കാഹളങ്ങളുടെ ആജ്ഞാക്രോശങ്ങളും പ്രതിയോഗികളുടെ വീരവാദകലാപങ്ങളും ഭേരികളുടെ പ്രോത്സാഹനധ്വനികളും വെടികളുടെ മേഘാരവങ്ങളും തോക്കുകളുടെ മൂടുകൾകൊണ്ടുള്ള സംഘട്ടനശബ്ദങ്ങളും ജലകുക്കുടങ്ങളുടെയും ഭൃംഗങ്ങളുടെയും സുഖാവാസസ്ഥാനമായിരുന്ന ആ ഭൂമിയിലെ നാനാഖണ്ഡങ്ങളെയും ഒരു രാമരാവണസമരരംഗമാക്കിത്തീർക്കുന്നതു കണ്ട് ദിനമണിഭഗവാൻ അരുണാക്ഷനായി; ഭൂമുഖവർണ്ണം ശോണമായി. പദാതിപാദങ്ങൾ വഴുതിയും തുടങ്ങി. അക്ഷമനായ സുൽത്താൻ ദൂരത്തുള്ള അമ്പാരിയിൽ ഇരുന്ന് ദൂതന്മാർ മുഖേന ഭയങ്കരാജ്ഞകൾ പുറപ്പെടുവിച്ചു.

ഖനകശ്രമങ്ങൾ ദ്രുതതരമായി നടന്നു. പ്രാകാരഘടനകൾ തകർന്ന് ഇഷ്ടികകൾ കേവലം മൃത്തികാപ്രായമായി സമരഭൂമിയിൽ കുമിഞ്ഞു. വഞ്ചീസേനാഖണ്ഡങ്ങൾ അങ്ങോട്ടു നീങ്ങാൻ സാഹസപ്പെട്ടപ്പോൾ, ആഭിസീനികാദിനിരകൾ സവീര്യം ഒരു അപ്രതിരോദ്ധ്യപ്രാകാരമെന്നപോലെ ആ ശ്രമത്തെ നിരോധിച്ചു. ഇതിനിടയിൽ ഒരു സൂക്ഷ്മനേത്രൻ പ്രാകാരത്തിലെ ഒരു കോണം പലകകൾ നിറുത്തി കൃത്രിമഭിത്തി ആക്കപ്പെട്ടിരിക്കുന്നതിനെ കണ്ടുപിടിച്ചു. ധ്വംസകപ്പടവിന്റെ ആയുധങ്ങൾ ആ ഭാഗം കോട്ടയെ ക്ഷണംകൊണ്ട് ഒരു വിശാലദ്വാരമാക്കി. ഇച്ഛാഭംഗത്തെ ധ്വനിപ്പിച്ചുള്ള ഒരു വിലാപഘോഷം വഞ്ചിസേനയിൽനിന്ന് ഏകകണ്ഠമുക്തമായി. പ്രാകാരാന്തർവാസികളായ വഞ്ചിഭടനിരകൾ തോക്കു കുന്തങ്ങൾ നീട്ടി, പടയണിയിട്ട് നെഞ്ചുകൊടുത്ത് മൃതിചേർന്നിട്ടും ശത്രുസേനയുടെ നിരവധികപ്രവാഹം ആ പ്രതിരോധത്തെ നിഷ്ഫലമാക്കി. ആഭിസീനികസൈന്യം ഗജമുഷ്കരതയോടെ വിന്ധ്യനിരകളെന്നപോലെ പ്രപാതംചെയ്ത് വഞ്ചീസേനാപംക്തികളെ മർദ്ദിച്ചുകൊണ്ട് പ്രാകാരത്തിന്റെ നാനാഭാഗങ്ങളിലേക്കും വ്യാപരിച്ചു. ചെങ്കതിരവന്റെ ബഹിർവലയം ഭൂചക്രവാളത്തിന്മേൽ ദ്രുതത്രസനംചെയ്തു. 'ലായില്ലായില്ലാ'ദിഘോഷങ്ങൾ സുൽത്താന്റെ മുഹമ്മദീയാക്ഷൗഹിണിയിൽനിന്ന് ഉൽഗളിതമായത്, ആ ഭഗവാനെ അസ്തമിപ്പിച്ചു. പ്രാകാരരക്ഷികളുടെ അവശേഷവും സമരരംഗസ്ഥരായ ഭടജനങ്ങളും നായകന്മാരുടെ ആജ്ഞാനുസാരം പുറംവാങ്ങി പ്രധാനസേനയോടു സംഘടിച്ചു.

ഒരു അഞ്ഞൂറോളമെങ്കിലും പദാതിക്കു നിലകൊൾവാൻ സ്ഥലം ഇല്ലാത്തതും ഉള്ളടത്തോളം ഘടനയ്ക്ക് ഉറപ്പില്ലാത്തതുമായ ആ ചെറുകോട്ടയുടെ ആ സന്ധ്യയിലെ, അവസാനം ദിവാൻജിയെക്കൊണ്ടു കളപ്രാക്കോട്ടയിലെ ശിവരാത്രിയെ സ്മരിപ്പിച്ചു. പരിചാരകന്മാരാൽ പ്രജ്വലി

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/367&oldid=168224" എന്ന താളിൽനിന്ന് ശേഖരിച്ചത്