ക്കൊണ്ട് ഒരു ഭൂഭ്രമണാവസ്ഥയെ സന്ദർശിപ്പിച്ചു. എന്നുമാത്രമല്ല, തന്റെ ബ്രാഹ്മണഭാവത്തെ പ്രകടിപ്പിപ്പാൻ കാളിപ്രഭാവഭട്ടനെ ഉദ്യുക്തനാക്കുകയും ചെയ്തു. മദഗജങ്ങൾതമ്മിൽ ഇടയുംവണ്ണം പെരിഞ്ചക്കോടനും ഭട്ടനും തമ്മിൽ പിടിയിട്ട് പരസ്പരമർദ്ദനത്താൽ ഘുർഘുരധ്വനികൾ പുറപ്പെടുവിച്ചു. അതിന്റെ പീഠികയായി ഘോഷിക്കപ്പെട്ട മാധവനായിക്കന്റെ നിലവിളി ഗൃഹനായികയെ മല്ലരംഗത്തിൽ പ്രവേശിപ്പിച്ചു. ആ മുഷ്ടികചാണുരന്മാർ പരസ്പരം പപ്പടപിണ്ഡം ആക്കുന്നതു കണ്ട്, ദാക്ഷിണ്യത്തിന്റെ ദ്വിവിധതയിൽ, മാധവിഅമ്മ കുഴങ്ങി. അവരുടെ പൂർവ്വഗർവ്വം ഉണർന്ന് ആ പ്രതിയോഗികളെ അകറ്റുമാറുള്ള ഉഗ്രസ്വരത്തിൽ രണ്ടുപേരെയും ശാസിച്ചു. മൂന്നാമനായി നില്ക്കുന്ന യുവപുരുഷനെയും അയാളുടെ ഖിന്നഭാവവും കണ്ടപ്പോൾ മാധവിഅമ്മ അസ്തശബ്ദയായി, പ്രകൃതിജമായുള്ള ബന്ധത്താൽ എന്നപോലെ, യുവാവിന്റെ സമീപത്തണഞ്ഞ് അയാളെ സമാശ്വസിപ്പിക്കുവാൻ തുടങ്ങി. പ്രതിയോഗിയോടു വേർതിരിഞ്ഞു നില്ക്കുന്ന ഭട്ടൻ ദൈവഗതിയുടേ വിശേഷചാതുരികൾകണ്ട് ഇദംപ്രഥമം ക്ഷീണചിത്തനായി. ആ ഗൃഹനായിക അവരുടെ ഉള്ളമലിഞ്ഞ് മാധവനായിക്കനെ ശുശ്രൂഷിക്കുന്ന കാരുണ്യം, താൻ അനുഭവിച്ചിട്ടില്ലാത്ത ഒരു ചിത്താശ്വാസത്തോട് ഭട്ടനെ പരിചയപ്പെടുത്തി. തന്റെ ഹൃദയം ഒരു പണ്ഡിതപ്രഭുവിനെ സന്ദർശിപ്പാനുള്ള മോഹാഗ്നിയിൽ ദഹിക്കുന്ന പരമാർത്ഥത്തെ സ്മരിച്ചപ്പോൾ മാധവിഅമ്മയുടെ സാന്ത്വനസാഹസങ്ങൾ ഭട്ടന് ആ നിർഭാഗ്യവതിയോടു തോന്നിയിരുന്ന സാമാന്യാദരത്തെ ബഹുമാനാനുകമ്പകളെന്ന പ്രശസ്തവികാരങ്ങളായി രൂപാന്തരപ്പെടുത്തി.
പെരിഞ്ചക്കോടന്റെ മദോഷ്മളതയെ ഒന്നുകൂടി ശാന്തമാക്കുന്നതിനും തന്റെ അഭിനന്ദനം ക്രിയാരൂപത്തിൽ മാധവിഅമ്മയെ സുഖാപ്തയാക്കുന്നതിനും വേണ്ടി കാളിപ്രഭാവൻ താൻ അറിഞ്ഞുള്ള പരമാർത്ഥത്തെ തുറന്നുപറയാൻ സന്നദ്ധനായി. താൻ ശ്രീരംഗപട്ടണത്തിൽ താമസിക്കുന്ന കാലത്തുതന്നെ, ചൊക്രാഡൂണ്ഡിയാ എന്ന ഒരു വൈശ്യനായ രാജസേവകനോടൊന്നിച്ച് ഈ മാധവനായിക്കനെ കണ്ടിട്ടുണ്ടെന്നും ആ യുവാവു സമ്പത്തു നിറഞ്ഞുള്ള ഏതോ ഒരു മലയാളഗൃഹത്തിൽനിന്ന് അപഹരിക്കപ്പെട്ട ബാലനാണെന്നും ഡൂണ്ഡിയാ ഒരു മാന്ത്രികബ്രാഹ്മണന്റെ വേഷത്തിൽ കേരളത്തിൽ സഞ്ചരിച്ചിട്ടുണ്ടെന്നും ഉള്ള പരമാർത്ഥങ്ങളെ അയാൾ ധരിപ്പിച്ചു. മാതൃദുഃഖത്തിന്റെ ദർശനത്തിൽ പൂർവസന്ദർഭത്തിലും ക്ഷീണഹൃദയനായ നമ്മുടെ അഭിനയവിദഗ്ദ്ധൻ ഈ കഥാന്തത്തിൽ ജനനീപാദങ്ങളിൽ നമിച്ചുകൊണ്ട് തന്റെ ബാല്യത്തിലെ ഭാഗ്യാനുഭൂതികളെ വർണ്ണിച്ചു. മാധവിഅമ്മ തന്റെ ദീർഘകാലവ്രതത്തിന്റെ ഫലമായി ലഭിച്ച ദൈവാനുഗ്രഹത്തെ സ്മരിച്ച് അശ്രുവർഷം ചെയ്തു തൊണ്ടവരണ്ടും നാവു തളർന്നും ദർശനശക്തിക്ഷയിച്ചും 'നാരായണ!' എന്നു മന്ത്രിച്ചു നിലകൊണ്ടു. അനന്തരം പണ്ടത്തെ ബാലകോമളിമയെ തൃപ്തിവരുമാറ് താലോലിപ്പാൻ സംഗതി