താൾ:Ramarajabahadoor.djvu/346

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വരാത്ത നഷ്ടത്തെ പരിഹരിക്കുമാറു മാധവകരങ്ങൾ ഗ്രഹിച്ചു കണ്ണുകളോടു ചേർത്തുകൊണ്ട് ഏങ്ങിക്കരഞ്ഞു. ആ 'കൂത്താട്ടങ്ങളെ' നിറുത്തി സ്വപുത്രനെ ഗൃഹധർമ്മാനുസാരം ഉപചരിപ്പാൻ നിയോഗിച്ചതിന്റെശേഷം കാളിപ്രഭാവഭട്ടൻ ആ സംഘടനയ്ക്കു ബ്രാഹ്മണോചിതമായ ആശിസ്സുകൾ നൽകേണ്ടതാണെന്നു സ്മരിച്ച് ആ കൃത്യത്തെയും നിർവഹിച്ചു. മാധവനായിക്കന്റെ പ്രവേശവും അനന്തരസംഭവങ്ങളും കാപട്യകുശലനായ ഭട്ടൻ അനുഷ്ഠിച്ച ഒരു രംഗപ്രകടനമാണെന്ന് പെരിഞ്ചക്കോടൻ ഭർത്സിച്ചു തുടങ്ങിയപ്പോൾ, മാധവിഅമ്മ ശയ്യാഗൃഹത്തിലോട്ടു പോയി ഏതൊരു സാധനത്തിന്റെ സഹകരണത്താൽ സ്വസൗന്ദര്യസമുൽക്കർഷത്തെ ആ മഹാമാരിരാത്രിയിൽ താൻ അഭിനന്ദിച്ചുകൊണ്ടിരിക്കെ ആ മദോൽക്കടൻ തന്നെക്കണ്ടുവോ, ആ ദർപ്പണത്തെ കൈയിലാക്കിക്കൊണ്ടു രംഗസമക്ഷം പ്രവേശിച്ച് അതിന്റെ പെരിഞ്ചക്കോടന്റെ കൈയിൽ കൊടുത്തു. അബലാസൗന്ദര്യത്തെ അഭിനന്ദിപ്പാനുള്ള ഇന്ദ്രിയത്താൽ വിശിഷ്യ അനുഗൃഹീതനായുള്ള ആ ഭൂസംരംഭൻ, ദർപ്പണത്തെ കൈയിൽ വാങ്ങി അനുക്തവും എന്നാൽ പ്രത്യക്ഷസൂചിതവും ആയുള്ള നിയോഗത്തെ അനുസരിച്ചു നിന്നപ്പോൾ പിതൃപാദങ്ങളിൽ പ്രണമിപ്പാനുള്ള ആജ്ഞ ആ ജനനിയുടെ നേത്രാഞ്ചലത്താൽ മാധവമേനവനു കിട്ടി ആ കൃത്യത്തിന് അയാൾ ഉദ്യോഗിച്ചു. പെരിഞ്ചക്കോടന്റെ ദ്രുതപാദങ്ങൾ ഗൃഹാങ്കണത്തെയും പടനിലയനങ്ങളെയും ഗോവർദ്ധനസാനുക്കളിലെ തരുപ്രാകാരത്തെയും കണ്ടുകണ്ടില്ലെന്നുള്ള വേഗത്തിൽ തരണംചെയ്തു മറഞ്ഞു.

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/346&oldid=168201" എന്ന താളിൽനിന്ന് ശേഖരിച്ചത്