താൾ:Ramarajabahadoor.djvu/344

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സ്വസ്വതയ്ക്കു ചേർന്നുള്ള ഋഷഭാട്ടഹാസങ്ങൾകൊണ്ട്, ഭട്ടൻ ആ ഭവനകൂടത്തെ കുലുക്കി: "യേ പെരിഞ്ചക്കോഡർ! പോ, വാ, എന്റു പുക്കാർശെയ്യതാംകൾ യാർ? ഇങ്കിരുന്ത് ബ്രാഹ്മണനെ 'പോ'ച്ചൊല്ലറതേ രാജദ്രോഹം പുള്ളായ്."

പെരിഞ്ചക്കോടൻ: "ആ പൂണിച്ചരടും മറ്റുമങ്ങു വച്ചേക്കണം. പെരിഞ്ചക്കോടനു എന്തധികാരമെന്ന് ഈ വീട്ടുകാരീടടുത്തു കേക്കണം. കേറി കൊടുമ്പിരികൊണ്ടാൽ അടുത്തുകിടക്കണത് പെരുങ്കയമെന്നുകൂടി കരുതിക്കൊള്ളണം. പട്ടനല്ല, പടയ്പ്പവന്റെ പാട്ടനാകട്ടെ. പെരിഞ്ചക്കോടനു രണ്ടെന്നില്ല." (മാധവനായിക്കനോട്) "പിള്ളേ, തമ്പുരാനാകട്ടെ, കിമ്പുരാനാവട്ടെ, ഇങ്ങു കേറി സാക്ഷിപറവാനും മറ്റും വന്നൂന്നുവച്ചു ടിപ്പുത്തിരുവടീടെ പിടിയും അവിടത്തെ നേട്ടത്തിനുള്ള നോക്കും മറക്കരുത്. എവൻ പശിച്ചും കണ്ണടയ്ക്കാണ്ടും അവിടത്തെ കാര്യങ്ങളും നോക്കി വെമ്പുമ്പം, ഇയ്യാള് ഇവിടെ തിന്നുമലന്നു, ശപ്പളിയും പറഞ്ഞോണ്ടു കെടക്കുന്നു. എന്റപ്പന്റെ പാട്ടിനുപോയി, തിരുവടീടെ പടയ്ക്കിനി ഇതുതന്നെ പാളയമെന്നു അറിവിച്ചൂടിൻ."

മാധവനായിക്കൻ തന്റെ വ്യാജചര്യയെ കൈവിട്ടു കാര്യസ്ഥന്റെ നിലയിൽ മാദ്ധ്യസ്ഥ്യം വഹിപ്പാൻ തുടങ്ങി: "കേട്ടോ കാർണ്ണോരേ! ഇതൊന്നും കോളല്ല. നിങ്ങൾ ബന്ധുക്കളായിക്കഴിയണം. കർണ്ണൻ, കൃപർ, ശല്യർ എന്നിവരെ ശണ്ഠകൂടുവാൻ ദുര്യോധനമഹാരാജാവു വിട്ടില്ല. അപ്പോലെതന്നെ ടിപ്പുമഹാരാജാവും ഇക്കഥ ഗ്രഹിച്ചാൽ, ഹേയ് അലോഹ്യം! അദ്ദേഹം ബ്രാഹ്മണൻ, നുമ്മളെന്താ ഏറെവന്നാൽ ആയുധമേന്തുന്ന പടിക്കാര്. അദ്ദേഹത്തിന്റെ ശാപം നാം ഏറ്റുകൂടാ. എന്നെ തമ്പുരാൻ എന്നും മറ്റും കൊണ്ടാടണ്ട. നാമിപ്പോൾ ഒന്നായി. ആ സ്ഥിതിക്കു പരമാർത്ഥം പറഞ്ഞേക്കാം. അജിതസിംഹരാജാവെ അന്നു കണ്ടുവല്ലൊ. അവിടുത്തെ അരുളപ്പാടനുസരിച്ചു ഞാൻ വേഷംകെട്ടി നടന്നു. ബ്രാഹ്മണശാപം-"

പെരിഞ്ചക്കോടൻ: (ആ തരുണൻ ആദ്യം വ്യാജവേഷത്തിൽ തന്നെ വഞ്ചിച്ചതു കൂടാതെ ഇപ്പോൾ ഉപദേശദാതാവായി പ്രസംഗിക്കുന്നതും കണ്ടു കയർത്ത്) "ഛേ, പോടാ! പെരിഞ്ചക്കോടനെ പഠിപ്പിപ്പാൻ നീയോ ആശാൻ? നോക്ക്, ചെവിക്കു തൂക്കി ആ ആറ്റുപടപ്പിൽ തള്ളൂടും. ഏതു ഢീപ്പുവെങ്കിലും വാപ്പുവെങ്കിലും കേട്ടാൽ പെരിഞ്ചക്കോടന് വായൊണ്ട്."

അവിവേകിയായ മാധവനായിക്കനും കയർത്തു. ഈ ദിനകരരുധിരന്മാരുടെ സംയോഗത്തിൽ, രണ്ടുപേരുടെയും രൗദ്രം പ്രജ്വലിച്ചു കടുതായ ഒരു ശണ്ഠയും അസഭ്യപ്രലപനവും ആരംഭിച്ചു. പെരിഞ്ചക്കോടന്റെ ഖരകണ്ഠം ഭീഷണതരം ഉച്ചത്തിലായി. ബഹുരാജവീഥികളിലെ കലാപകാരകത്വവും അതുകളിലെ നായകസ്ഥാനവും വഹിച്ചിട്ടുള്ള മാധവനായിക്കന്റെ കണ്ഠം, ആ വാക്‌സമരത്തിലെ ശരപ്രയോഗത്തിൽ രാമചാപപ്രാഗല്ഭ്യം തന്നെ പ്രകടിപ്പിച്ചു. ആ ശസ്ത്രജാലത്തെ തടുപ്പാൻ നിയുക്തമായ പെരിഞ്ചക്കോടന്റെ ഹസ്തഗദാപ്രയോഗം മാധവനായിക്കനെ

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/344&oldid=168199" എന്ന താളിൽനിന്ന് ശേഖരിച്ചത്