ഹിച്ചതും നാം കണ്ടുകഴിഞ്ഞുവല്ലൊ. ഗൗണ്ഡൻകൂടി സംഘടിക്കുകയും ആ മത്സരക്കാരുടെ സംവാദഫലമായി അജിതസിംഹവേഷക്കാരനായ മാധവനായിക്കനും ആ രാശിയിലോട്ടു സംക്രമിക്കുകയും ചെയ്തപ്പോൾ വഞ്ചിരാജ്യത്തിന്റെ ജാതകപത്രികയിൽ പാപഗ്രഹങ്ങളുടെ ഒരു അസാധാരണസംയോഗം ഉദിതമായി.
തിരുവനന്തപുരത്തുണ്ടായ യോഗത്തിലെ രാജവേഷധാരിയായ യുവസുഭഗന്തന്നെ സാമാന്യാഡംബരങ്ങളോടെ ആ ഭവനത്തിൽ എത്തി ഗൗണ്ഡപാദങ്ങളിൽ നമസ്കരിക്കുന്നു എന്നു കണ്ടപ്പോൾ അനാദൃതനായ പെരിഞ്ചക്കോടൻ ക്രോധവശനായി. "ആഹാ! ഇപ്പൊണ്ണൻ ചെട്ടിയോ പട്ടനോ ആവട്ടെ. അന്നുമൊടക്കിടാവായിക്കിടന്ന ഈ തമ്പുരാൻ കൊമരൻ ഇങ്ങിപ്പം എവിടേന്നെഴുന്നള്ളൂട്ടു? എന്റമ്മിണൻ പറഞ്ഞ പെണ്ണിനു പട്ടും പരുവട്ടവും ഇട്ട് എങ്ങത്തെ നാലുകെട്ടിൽ പൊറുപ്പിച്ചിരിക്കുണു?"
അജിതസിംഹൻ: "നോക്കിന്, അവനവന്റെ വ്യാപാരങ്ങളറിയാണ്ട് വല്ലതും സൊള്ളരുത്. രാജ്യങ്ങളടക്കാൻ പുറപ്പെടുമ്പോ ഈ വേഷങ്ങളും കപടങ്ങളും അരുളപ്പാടുമ്പടി പ്രയോഗിക്ക മിടുക്കല്ലേ? നിങ്ങളെന്താ കുറഞ്ഞ കൂട്ടത്തിലാണ്? മിണ്ടാതിരിക്കു ഓളി, കാഴ്ചദ്രവ്യത്തിന്റെ കഥ നല്ലോണം ഓർത്തിട്ട് അഹങ്കരിക്കിന്."
തന്റെ പൂർവപരമാർത്ഥങ്ങളും കാഴ്ചവയ്പുകഥയും ഗ്രഹിച്ചിരിക്കുന്ന ആ വേഷാവലംബിയോട് ഉത്തരം പറയുവാനോ ശണ്ഠയ്ക്കൊരുമ്പെടാനോ പെരിഞ്ചക്കോടന് ആ ഘട്ടത്തിൽ മനസ്സ്വൈരം തോന്നിയില്ല. എന്നാൽ, ആഗതനായ രസികപ്പെരുമാൾ ഗൗണ്ഡനെ ഭട്ടവര്യനായി സംബോധനചെയ്തു, ടിപ്പുവിന്റെ തിരുവുള്ളത്താൽ അരുളിച്ചെയ്യപ്പെട്ട നിദേശങ്ങൾ ധരിപ്പിച്ചപ്പോൾ, പെരിഞ്ചക്കോടന്റെ കോപം വീണ്ടും ഉജ്ജ്വലിച്ചു. സുൽത്താന്റെ ആജ്ഞകൾ നേരിട്ടു കിട്ടി അവിടുത്തെ സേനയിലെ ഒരു അംഗത്തിന്റെ നായകത്വം വഹിക്കുന്ന താൻ, കേവലം സ്വാർത്ഥാർത്ഥിയും വ്യയകാരിയും ആയ ബ്രാഹ്മണനെക്കാൾ പൂജ്യതയ്ക്കും ബഹുമാനത്തിനും അവകാശപ്പെടുന്നു എന്നു വാദിച്ചു എന്നു മാത്രമല്ല, ആ സങ്കേതാധിപത്യം തന്നിൽ സ്ഥിതിചെയ്യുന്നതിനാൽ ഭട്ടൻ ആഗതനോടൊന്നിച്ച് ഉടനെ യാത്രയായിക്കൊള്ളണമെന്ന് ആജ്ഞാപിക്കുകയും ചെയ്തു. എന്നാൽ, പെരിഞ്ചക്കോടൻ അറിയാതെ ആ ഗൃഹനായികയുടെ ചരിത്രം ആ നിർഭാഗ്യവതിയിൽനിന്നു ഭട്ടനും ഗ്രഹിക്കുകയും, താൻ ഭട്ടപദം പ്രാപിച്ചിട്ടുള്ള ഒരു ബ്രാഹ്മണവര്യൻ ആണെന്ന് ആ സ്ത്രീയെ ധരിപ്പിച്ചു പുത്രലബ്ധി അചിരസാധ്യം എന്നു ഗ്രഹിപ്പിക്കുകയും ചെയ്തിരുന്നു. തന്നിമിത്തം യുദ്ധാനന്തരം പുത്രാന്വേഷണത്തിനു പുറപ്പെടാമെന്നു വാഗ്ദാനം ചെയ്തിരുന്ന പെരിഞ്ചക്കോടനെക്കാൾ ബ്രാഹ്മണനും ദ്രുതാനുഗ്രഹദാതാവും ആയ ഭട്ടന്, ആ മഹാഭവനത്തിൽ പണ്ടത്തെ ബാദരായണന്റെ അധികാരപ്രാബല്യംതന്നെ കൈവശപ്പെട്ടിരുന്നു. അതിനാൽ, പെരിഞ്ചക്കോടന്റെ വിപ്രലംഭാജ്ഞ കേട്ടപ്പോൾ