Jump to content

താൾ:Ramarajabahadoor.djvu/341

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നാക്കി തന്നെ സമാരാധിക്കാൻ വന്നിരിക്കുന്ന ആഗതൻ മഹാഭിജ്ഞനും ലോകചര്യചതുരനും ആണെന്നു സുൽത്താൻ പല പ്രശംസോക്തികളാൽ അഭിമാനിച്ചുകൊണ്ടു കാഴ്ചയെ ഹാജരാക്കാൻ കല്പനകൊടുത്തു. അടവീവനജത്തിന്റെ പുഷ്ടിയോടും രക്തച്ഛവിപ്രസരത്തോടും ഗാംഭീര്യവിലാസത്തോടും രംഗപ്രവിഷ്ടയായ സാവിത്രിയെ ദർശിച്ചപ്പോൾ, തന്റെ പുരാണങ്ങളിലെ സ്വർഗ്ഗസ്ത്രീകൾ കേവലം മനോധർമ്മശൂന്യരുടെ സൃഷ്ടികളാണെന്ന് അവഹേളനം ചെയ്തു. തന്റെ അരമനയിലെ സുന്ദരീകദംബം ഇവളുടെ സൗന്ദര്യഭാസ്കരതയിൽ നക്ഷത്രധർമ്മത്തെ പ്രാപിക്കുമെന്നും മുകിലചക്രവർത്തികളിൽ ഒരുവൻ ഒരു 'ലോകദീപ'ത്തെ വരിച്ച് ആ കുലത്തിനു ചേർത്ത വിഖ്യാതിയെ തനിക്കു സംപ്രാപ്തമായിരിക്കുന്ന ഈ ബ്രഹ്മാണ്ഡദീപം കബളീകരിക്കുമെന്നും സുൽത്താൻ പ്രമോദിച്ചു. ഫ്ട്ടിഹൈദരുടെ നേത്രങ്ങൾ മൃഗദർശനത്തിൽ ഉദ്ദീപ്തമദനാകുന്ന വ്യാഘ്രത്തിന്റേതുപോലെ ഉജ്ജ്വലിച്ചു. എന്നാൽ അജിതസിംഹന്റെ ഉജ്ജ്വലതരമായ നേത്രാഗ്നേയത ആ കുമാരനെ ശാസിച്ചു. സംഗതികളുടെ യഥാർത്ഥഗതിയെ അന്തർന്നേത്രങ്ങളാൽ ദർശിച്ച അജിതസിംഹൻ മുമ്പോട്ടു നീങ്ങി ഒരു അപേക്ഷചെയ്‌വാൻ മുതിർന്നു: "മഹാരാജേന്ദ്രപ്രഭോ! അവിടുത്തെ സിംഹാസനരക്ഷയിൽ അമരുന്ന ദാസൻ പ്രാർത്ഥിക്കുന്നു. ഈ കന്യക ഒരു കുലീന. അവിടുന്നു വഞ്ചിരാജ്യം ജയിക്കുമ്പോൾ അവിടുത്തെ സദസ്സിനെ അലങ്കരിക്കേണ്ട ഒരു മഹാപണ്ഡിതശിരോമണിയുടെ പുത്രി. ചില മഹാകാര്യങ്ങൾ സാധിപ്പാൻ പ്രയോഗിക്കാവുന്ന ഒരു കാമസുരഭി. അതിനെ യഥോപചാരം നിത്യപൂജാദികൊണ്ടു ഫലദായകമാക്കുവാൻ ദാസനെ ഏല്പിച്ച് അവിടുത്തെ പ്രതാപം പ്രവൃദ്ധമാക്കിയാലും."

ഈ പ്രാർത്ഥനാരംഭത്തിൽ അജിതസിംഹനെ അത്യാദരവോടെ നോക്കി നിന്നിരുന്ന സാവിത്രി അതിന്റെ അവസാനത്തിൽ സുൽത്താനെ അഭിവാദ്യം ചെയ്തു സ്വജനകസമക്ഷമെന്നപോലെ നിസ്സങ്കോചം തന്റെ അഭ്യർത്ഥനത്തെസമർപ്പിച്ചു: "പ്രജകൾക്ക് അച്ഛനായി രക്ഷിക്കേണ്ട മഹാപുരുഷാ, വിശേഷിച്ചും നിരാലംബകളുടെ സംഗതിയിൽ മഹച്ഛക്തി പ്രതിനിധിയായി ധർമ്മരക്ഷണം ചെയ്യേണ്ട മഹാവിജയിൻ! ആ പ്രാർത്ഥനയെ കൃപാപൂർവ്വം അനുവദിക്കുന്നു എങ്കിൽ ഈ ബാലിക അനുഭവിച്ച കഷ്ടതകൾക്ക് ഒരു പരിഹാരമാകും. ഈ അബലാഭിലാഷത്തെ അനുവദിച്ചു കൃപാനയം തരുന്ന പരമാനന്ദത്തെക്കൂടി ആസ്വദിക്കുക. ഇസ്ലാംമതത്തിന്റെ മർമ്മപ്രമാണങ്ങളെ ഇങ്ങനെ പുലർത്തുക."

ഒരു മലയാളകന്യകയുടെ ഹിന്ദുസ്ഥാനിഭാഷണം, ഗണനശാസ്ത്രജ്ഞന്മാരുടെ മണ്ഡലത്തിൽ ദിവാൻ കേശവപിള്ളയോടു കിടയായുള്ള പൂർണ്ണയ്യനെക്കൊണ്ടു തന്റെ നിർഭരാശ്ചര്യത്തെയും കന്യകയുടെ പ്രാർത്ഥനയെ അനുവദിക്കേണ്ട ന്യായ്യതയെയും ടിപ്പുവിന്റെ സാന്നിദ്ധ്യത്തെ വിസ്മരിച്ച് ഉദ്ഘോഷിപ്പിച്ചു. കന്യകയുടെ പദശുദ്ധിയും ഉച്ചാരണധാടിയും അവളുടെ രാജഗാംഭീര്യവും സുൽത്താനെയും അജിതസിം

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/341&oldid=168196" എന്ന താളിൽനിന്ന് ശേഖരിച്ചത്