താൾ:Ramarajabahadoor.djvu/340

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കർമ്മമായി ധരിപ്പിച്ചപ്പോൾ, തിരുവിതാംകൂർ ഹസ്തപ്രാപ്തമായെന്നു തന്നെ ആ ഉത്തമൻ തീർച്ചയാക്കിക്കൊണ്ട് ആ 'ബഹദൂർ ആലി' തന്റെ മന്ത്രസഭാമാഹാത്മ്യം സന്ദർശിച്ചുകൊള്ളട്ടെ എന്നു കല്പനകൊടുത്തു.

വളർത്തിയ തലയും മീശയും, ദക്ഷിണദിക്കിലെ തലക്കെട്ടും നെഞ്ചിൽ പരന്നുള്ള കൃഷ്ണവനവും രണ്ടു കൊമ്പുകൾ ഇട്ടുള്ള മുണ്ടുടുപ്പും മുരിങ്ങക്കായുടെ ഘനത്തിലും നീളത്തിലും ഉള്ള ഭസ്മക്കുറികളും കാലദണ്ഡംപോലുള്ള ഒരു നെടുവടിയും ആയി പ്രവേശിച്ചു, മുട്ടുകുത്തി 'നിസ്കരിക്ക'യോ വേണ്ടതെന്നു നിശ്ചയം ഇല്ലാതെ അല്പം കുഴങ്ങീട്ട്, അജിതസിംഹന്റെ ഹസ്തചലനോപദേശം തുടർന്ന് പെരിഞ്ചക്കോടൻ നെറ്റിയിൽന്മേൽ ചതുരംഗുലങ്ങൾ ചേർത്തുകൊണ്ട് ഒന്നു കുനിഞ്ഞു. ആ സത്വത്തിന്റെ കരണ്ടകക്കണ്ണുകളും ഭീമഗദകളായ കൈകളും അതുകളിന്മേലുള്ള ഗജരോമാവലിയും കണ്ട് ഉപചാരന്യൂനതയെക്കുറിച്ച് സുൽത്താൻ തൃക്കണ്ണുകളടച്ചുകൊണ്ട് നിയമമല്ലാത്ത ശിരശ്ചാഞ്ചാട്ടങ്ങളോടെ തിരുവുള്ളപ്പുതുവെള്ളത്തെ മന്ദഹാസകുല്യാമാർഗ്ഗമായി പ്രവഹിപ്പിച്ചു. ഏഴെട്ടു ദിവസത്തെ വഴിക്കപ്പുറം ദൂരത്തുനിന്ന് ഒരു ചെറുസേനയെ സംഭരിച്ചുവന്നിരിക്കുന്ന ഒരു സമ്പന്നനും സമഗ്രവീര്യനും ആണെന്ന് അജിതസിംഹൻ ഉണർത്തിച്ചപ്പോൾ, സുൽത്താൻ സമാഗതന്റെ 'അച്ഛ'ത്വത്തെ പല ഉരു ദീർഘഘോഷണംചെയ്തു. പെരിഞ്ചക്കോടൻ രാജസന്ദർശനത്തിൽ അനുഷ്ഠിക്കേണ്ട മര്യാദയെപ്പറ്റി എന്തോ ചിലതു കേട്ടിട്ടുള്ളതിനാൽ, താൻ ആ വിഷയത്തിൽ അജ്ഞനല്ലെന്നു ബോദ്ധ്യപ്പെടുത്താനായി ആ സങ്കേതസാർവ്വഭൗമന്റെ അവകാശം അപഹരിച്ച് ഇങ്ങനെ ഉണർത്തിച്ചു: "തമ്പ്രാൻമുമ്പിൽ പെരിഞ്ചക്കോടൻ വെറുംകയ്യനായ് വന്നതല്ല. തിരുക്കാഴ്ചയ്ക്ക് ഒരു ചെമ്പട കൊണ്ടുവന്നിട്ടൊണ്ട്. അതിനെ ഇപ്പഴേ ഇങ്ങു കെട്ടി എടുക്കണ്ടാന്നുവെച്ച് അങ്ങൊരെടുത്ത് എതം നോക്കി ഒരു മലയിടുക്കിൽ നിറുത്തീരിക്കുണു. എന്നാലും എന്തെങ്കിലും കൊണ്ടരണമെന്നുവെച്ച് ഒരു പെൺപൊടിയെ ചരതിച്ചു, കൂട്ടിക്കൊണ്ടുവന്നിട്ടൊണ്ട്. ഇങ്ങു വച്ചോണ്ടാൽ, അവിടെച്ചെലരുടെ ഞരമ്പ് തമ്പുരാൻ തിരുവടീടെ കക്കത്തില്. ദിവാൻജി എന്നു പറയണവൻ പിന്നെ ശിങ്കുപാടും. പടയ്ക്കു കോപ്പുകൂട്ടാൻ വന്നിരിക്കണ കൊമ്പച്ചക്കുറുപ്പ്, അവന്റെ ആൾപ്പെരുപ്പും പെരുമ്പൊരുളുമടക്കം, ശൊൽപ്പടിയാടും. അടിയൻ കാടൻ. ഇവിടത്തെ പൊന്നുള്ളംകൊണ്ടു കേടുപാടുകൾ പൊറുത്തു രക്ഷിക്കണം.

ആഗതൻ ഉണർത്തിച്ചതിനെ അജിതസിംഹൻ ഹിന്ദുസ്ഥാനിയിൽ സുൽത്താനെ ധരിപ്പിച്ചു. ആഗതന്റെ അറിയിപ്പ് നയജ്ഞന്മാർ ഗ്രഹിക്കേണ്ട ഒരു ഉത്തമപദ്ധതിതന്നെ. ഒരു കന്യകയെ തല്ക്കാലകാഴ്ചയായി കൊണ്ടുവന്നിരിക്കുന്ന വൃത്താന്തമോ - അതു സുൽത്താനെ ത്രസ്തമർമ്മനാക്കി. സുന്ദരികളായ തരുണികളെ അടിമകളായി ക്രയവിക്രയം ചെയ്കയും പ്രഭുക്കൾക്കും രാജാക്കന്മാർക്കും കാഴ്ചവയ്ക്കുകയും ചെയ്യുന്ന മഹമ്മദീയരാജ്യങ്ങളിലെ നടപ്പു ഗ്രഹിച്ചു, കാലിഫിനു തുല്യ

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/340&oldid=168195" എന്ന താളിൽനിന്ന് ശേഖരിച്ചത്