ത്തിന്റെ, പുത്രനായ ഫ്ട്ടിഹൈദർ, സേവകപ്രധാനനായ അജിതസിംഹരാജാ ആയവ്യയകാര്യസ്ഥനായ പൂർണ്ണയ്യൻ, സേനാനായകനായ കമ്മുറുദ്ദീൻ തുടങ്ങിയുള്ള സഭാംഗങ്ങൾ ശിരഃകമ്പനംകൊണ്ടു 'തഥാസ്തു'വാചികത്തെ ഉച്ചരിക്കുന്നു. വിജയവിശ്വാസം സുൽത്താന്റെ ലലാടരേഖകളെയും മന്ദസ്മേരപ്രസരത്താൽ ചലിപ്പിക്കുന്നു. അദ്ദേഹത്തിന്റെ ദീർഘകണ്ഠത്തെ വലയംചെയ്യുന്ന മുക്താഹാരവും അന്നത്തെ ദിനോദയത്തിൽ ഒരു 'ശാന്താകാര'പരിസേവിയുടെ അനൗദ്ധത്യത്തിൽ അമർന്ന് അതിലെ ഓരോ അംഗത്തിന്റെ ഗാത്രപരിമിതിക്കുള്ള പ്രശംസയെ മാത്രം അവകാശപ്പെടുന്നു.
വ്യാജ അജിതസിംഹന്റെ കാര്യക്കാരായി തിരുവനന്തപുരത്തു താമസിച്ചിരുന്ന അജിതസിംഹരാജാവ് ഉത്തര ഇന്ത്യയിൽ സഞ്ചരിച്ച് അനേകം രജപുത്രരാജാക്കന്മാരുടെ മൈത്രീബഹുമാനങ്ങൾ സമ്പാദിച്ചിട്ടുള്ള ഒരു വീരസിംഹനായിരുന്നു. സ്വപ്രജാരാജ്യങ്ങളുടെ പ്രശാന്തസ്ഥിതിയെ വിച്ഛിന്നമാക്കാനുള്ള വൈമനസ്യത്താലും ചിറയ്ക്കൽ രാജാവിന്റെ നിധനാനന്തരം തത്തുല്യമായുള്ള വ്യാഘ്രകർക്കശതകൾ അനുഷ്ഠിക്കാൻ അവസരം കൊടുക്കാതെ ടിപ്പുവിന്റെ കോപഗതിയെ നിയന്ത്രണംചെയ്യണമെന്നുള്ള മോഹത്താലും അദ്ദേഹം ആശ്രയവൃത്തിയെ അംഗീകരിച്ചിട്ടുള്ളതായിരുന്നു. അദ്ദേഹത്തിന്റെ ശിരഃകമ്പനങ്ങളും ദാസനിർവ്വിശേഷമായുള്ള വിനയഭാവവും ഒരു ഭീരുവിന്റെ ചാപല്യങ്ങളല്ലെന്നു താൻ ശങ്കാപൂർവ്വം സ്വാധീനത്തിൽ സൂക്ഷിച്ചുകൊള്ളേണ്ടതായ ഒരു വിക്രമിയുടെ നയങ്ങളാണെന്നും സുൽത്താൻതന്നെ ഗ്രഹിച്ചിരുന്നു. ആ സേനാസങ്കേതത്തിൽ സ്വകളത്രവും വിദൂഷകനായ മാധവനായിക്കനും പരിചാരകചക്രവും ഒന്നിച്ച് തന്റെ മതാനുഷ്ഠാനങ്ങൾക്കു പ്രതിബന്ധം കൂടാതെ, സ്വാതന്ത്യവാസം ചെയ്‌വാൻ അജിതസിംഹരാജാവിനു പൂർണ്ണാനുവാദം ഉണ്ടായിരുന്നു. ടിപ്പുസൈന്യത്തിലെ ഹിന്ദുക്കളായ ഉദ്യോഗസ്ഥന്മാർക്കും ഭടജനങ്ങൾക്കും പൂർണ്ണയ്യൻ തുടങ്ങിയുള്ള രാജ്യതന്ത്രാഢ്യന്മാർക്കും അജിതസിംഹൻ ധനുർവേദജ്ഞനും ഭരണധുരന്ധരനും ആയ ഒരു സംപൂജ്യബന്ധുവായിരുന്നു.
വഞ്ചീരാജ്യത്തേക്കു നിയോഗിക്കപ്പെട്ടിരുന്ന ചാരപ്രാധാൻ ഗൗണ്ഡവണിക്കിന്റെ ബോധനങ്ങൾവഴി സുൽത്താൻസമക്ഷം പരിചയപ്പെട്ടിരുന്ന പെരിഞ്ചക്കോട്ടു കുഞ്ചുമായിറ്റിപ്പിള്ള എന്ന വിക്രമപ്രഭുവിനു മുഖംകാണിപ്പാൻ അവസരം നൽകുന്നതിനായി സുൽത്താൻ ബഹദൂർ സൗജന്യസൗമുഖ്യസൗഹാർദ്ദങ്ങളുടെ സംയുക്തസമ്മേളനത്തെ അഭിനയിച്ചു. മാടക്ഷിതിയിലോട്ടു സ്വസേനാസംക്രമം ഉണ്ടായ മുഹൂർത്തത്തിൽത്തന്നെ, വഞ്ചിരാജ്യലബ്ധിയുടെ ശകുനമായി അവിടത്തെ ഒരു സർദാരുടെ ആഗമനം സംഭവിച്ചത് സുൽത്താനെ ഹർഷകണ്ടകിതനാക്കി. ഗൗണ്ഡൻമുഖേന അതിഗൂഡമായി താൻ പരിചയപ്പെട്ടിരുന്ന പെരിഞ്ചക്കോടന്റെ ചരിത്രസംക്ഷേപം അജിതസിംഹൻ, ടിപ്പുസുൽത്താനെ സപ്തവ്യസനക്കാരുടെ ബുദ്ധി തെളിയിക്കാനുള്ള