താൾ:Ramarajabahadoor.djvu/338

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കൂലിക്കപ്പെട്ട് നിഷ്പ്രയാസം നിവർത്തിതമായി. ഇച്ഛാലബ്ധിയിൽ സന്തുഷ്ടനായി വഴികാട്ടി നടന്ന പെരിഞ്ചക്കോടനും അനുചരന്മാരും ഉത്തരദിക്കിലേക്കുള്ള തങ്ങളുടെ ഗൂഢമാർഗത്തെയും ദർശിച്ചപ്പോൾ അല്പകാലവിശ്രമാദികൾക്കായി നിലകൊണ്ടു.

സാവിത്രിയുടെ സൗന്ദര്യപൗഷ്കല്യം ആ ഖലപ്പെരുമാളുടെ നെഞ്ചിൽ ഒരു ഖാണ്ഡവാഗ്നിയെ പ്രജ്വലിപ്പിച്ചു. തന്റെ പുത്രിയുടെ വല്ലികാലാവണ്യം എത്ര മനോഭിരാമം എന്നു വാത്സല്യജമായ അസൂയയാൽ അയാളുടെ അന്തർജിഹ്വ ആക്രോശിച്ചു. തനിക്കു ദൈവാൽ ലഭിച്ച പ്രണയിനിയുടെ യുവാംഗകോമളിമയെ എന്നല്ല, തന്റെ യുവധൂർത്തത അസ്താഹംകാരിണിയാക്കിയ സൗന്ദര്യകൗസ്തുഭത്തെയും പ്രത്യക്ഷവൽ സ്മരിച്ചുകൊണ്ട് ആ കൃതാന്താത്മാവ് സാവിത്രിയുടെ രൂപസൗഷ്ഠവത്തെ ഒന്നുകൂടി വിദ്വേഷാക്ഷികളാൽ തുലമാനംചെയ്തപ്പോൾ, ഉരസ്തടാഗ്നിയെ തലോടി ശമിപ്പിക്കാൻ ഉദ്യുക്തനായി. തന്റെ ഇച്ഛാനിവൃത്തിക്കുള്ള ഒരു പ്രതിബന്ധത്തെ നിധനംകൊണ്ടു നിഷ്കാസനം ചെയ്‌വാൻ കരുതിയിരുന്ന ഉപായം ഉത്തരക്ഷണം ഉപേക്ഷിതമായി. എന്നാൽ, അതിനെക്കാൾ ആസുരതരമായുള്ള ഒരു ക്രിയാമാർഗ്ഗം, അനന്തവിജയബഹുമതികൾ സമ്പ്രാപ്തമാക്കാനുള്ള വസിഷ്ഠധേനുവായി, ആ ഖലബുദ്ധിയിൽ പ്രകാശിച്ചു. പെരിഞ്ചക്കോടന്റെ സംഗതിയിൽ ചിന്താസമാപനം ക്രിയാരംഭംതന്നെ ആയിരുന്നതിനാൽ, ആ തസ്കരസംഘം പാണ്ടസൈന്യം തുടർന്ന വനമാർഗ്ഗത്തിലൂടെ, ആ കന്യകയുടെ അബലാത്വത്തെ ഗണിക്കാതെ അവളെക്കൊണ്ടു കല്ലും മുള്ളും മിതിപ്പിച്ച് യാത്ര തുടരാൻ മുതിർന്നു.

ഈ കഥാഘട്ടം കഴിഞ്ഞ ചില അദ്ധ്യായങ്ങളിലെ സംഭവങ്ങൾക്കു മുമ്പായിരുന്നുവെന്നു വായനക്കാർ ഓർക്കുമല്ലോ. ടിപ്പുസുൽത്താന്റെ മഹാസേന പെരുമ്പടപ്പിന്റെ ഉത്തരപരിധിയെ തരണംചെയ്ത സന്ദർഭത്തിൽ, ആ ഫണമകുടക്കാരൻ തന്റെ സേനാപ്രയാണത്തിലെ രണ്ടാംകളത്തെ, മന്ത്രസഭാവലയിതമായ രംഗത്തിലെ മദ്ധ്യസ്ഥൂണമായി നിലകൊണ്ട് സ്വസുന്ദരാംഗത്വത്തിന്റെ പ്രചണ്ഡപ്രദർശനത്താൽ സമ്മേളിപ്പിക്കുന്നു. ഡൽഹി ചക്രവർത്തിയും മന്ത്രിസഭാംഗങ്ങളും ഉപയോഗിച്ചുവന്ന വിശാലവസ്ത്രധോരണിയാൽ അല്ലാതെ, തന്റെ കായലാഘവത്തെ പ്രസ്ഫുടമാക്കുന്ന നെടുംകുപ്പായത്താലും കാലുറയാലും ഒരു തുർക്കിക്കുല്ലാവാലും മാത്രം സുൽത്താൻ അലംകൃതനായി നില്ക്കുന്നു. 'മരതകഗിരിയാൽ ആവൃത'മായുള്ള ലോകത്തിന് ആധാരമായുള്ള ആ ഏകസ്തംഭത്തിന്റെ ഉത്തമാംഗപ്രഭ സൃഷ്ടിസാധനപഞ്ചകത്തിലെ മൂന്നാം ഭൂതത്തിന്റെ സാക്ഷാൽക്കാരത്താൽത്തന്നെ പ്രേക്ഷകസമിതിയുടെ നേത്രകവാടങ്ങളെ ബന്ധിപ്പിക്കുന്നു. "ദീർഘദർശിയായ പുണ്യവാന്റെ പ്രജ്ഞാകാണ്ഡത്തെ ഉദ്ദീപിപ്പിച്ച അള്ളാവിന്റെ അനുഗ്രഹങ്ങൾ ഈ ദാസന്റെയും അവന്റെ കുടുംബത്തിന്റെയും ആശ്രിതജനങ്ങളുടെയും ശിരസ്സുകളിൽ ആവസിക്കട്ടെ!" എന്നുള്ള പ്രാർത്ഥനയ്ക്ക് അദ്ദേഹ

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/338&oldid=168192" എന്ന താളിൽനിന്ന് ശേഖരിച്ചത്