താൾ:Ramarajabahadoor.djvu/337

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദ്വിഗുണിതമായ ശൈത്യം ഗൃഹാന്തർവാസിനിയായിക്കഴിഞ്ഞിരുന്ന സാവിത്രിയെ അല്പം വിവശപ്പെടുത്തി. ഭ്രമരങ്ങളുടെ അർദ്ധോക്തക്രന്ദനങ്ങൾ കന്യകയുടെ കർണ്ണപുടങ്ങളെ ക്രൂരതരം മർദ്ദിച്ചു. ഈ വർഗ്ഗത്തിലെ സാധകസിദ്ധന്മാർ അക്ഷീണം മുഴക്കുന്ന ദീനാലാപങ്ങൾ നഖരദംഷ്ട്രാദ്യായുധക്കാരുടെ സഞ്ചാരവാദ്യങ്ങളായി അവളുടെ ഹൃദയത്തെ ചലിപ്പിച്ചു. വനകുസുമങ്ങളുടെയും കാടുഞെരിച്ചുള്ള യാത്രയിൽ മർദ്ദിക്കപ്പെട്ട ലതകളുടെയും ദുർഗ്ഗന്ധം ആ കന്യകയാൽ ശ്വസിക്കപ്പെടുന്ന വായുവിനെ മലിനപ്പെടുത്തി, നാസാരന്ധ്രങ്ങളെയും വേദനപ്പെടുത്തി. വനാക്രമണത്തിൽ ഉണർന്നുപോകുന്ന സാധുമൃഗങ്ങൾ പിടഞ്ഞെഴുന്നേറ്റു തരുക്കൾ ഞെരിച്ചു മണ്ടുന്ന ശബ്ദങ്ങളെ ആകർണ്ണനം ചെയ്തുതുടങ്ങിയപ്പോൾ അവസ്ഥാവിശേഷങ്ങൾ യഥാരൂപം ഗ്രഹിക്കുമാറായി. ക്രൂരമൃഗങ്ങളുടെ ഭക്ഷ്യമാകാൻ വിധിക്കപ്പെട്ടുവോ എന്നു ശങ്കിച്ചു കന്യക തന്റെ ശത്രുവെ അനുഗ്രഹിച്ചു തുടങ്ങി. 'ഇനി നിയ്പിനെടാ' എന്നുള്ള ഭീഷണാജ്ഞ ആ യാത്രയെ പ്രതിബന്ധിച്ചപ്പോൾ, സീതാത്യാഗചരിത്രത്തെ അവൾ സ്മരിച്ചു, തന്റെ വനവാസകഷ്ടതകളുടെ വിഷ്കംഭം കഴിഞ്ഞതേയുള്ളു എന്നു തീർച്ചയാക്കി.

മനുഷ്യാന്ദോളം പൊടുന്നീന നിലകൊണ്ടു കന്യകാപദങ്ങൾ ഭൂസ്പർശം ചെയ്തു. മൂടുപടം നീക്കിക്കൊള്ളാൻ കൃപാർദ്രമായ നിയോഗം ഉണ്ടായപ്പോൾ, ഉദയത്തിലെ പ്രശാന്തവാതം അവളെ തലോടി ആ സ്ഥിതിയിൽ ശക്യമായുള്ള അനുനയോപചാരം ചെയ്തു. ആ കന്യകയെ ആവരണംചെയ്യുന്ന ഹരിതച്ഛവിക്കിടയിൽനിന്നെഴുന്ന ഹിമധൂമം അവളോടു പ്രയോഗിക്കപ്പെട്ട ഘോരവഞ്ചനയെ രക്ഷാപദത്തിൽ ധരിപ്പിക്കാൻ എന്നപോലെ വിയന്മാർഗ്ഗത്തിലോട്ടു പൊങ്ങി. പൂർവ്വാകാശത്തിലെ ശോണിമ സംഹാരശക്തിയുടെ സൗദാമിനീവജ്രമായി പ്രശോഭിച്ചു. നിശാതിമിരം അഹഃപ്രകാശത്താൽ അവശ്യം അനുഗമിക്കപ്പെടുന്നപോലെ, വിപത്തുകൾക്കും വിപരീതാവസ്ഥകൾ ഉണ്ടാവുമെന്ന ബോധം സാവിത്രിയെ ഉന്മേഷവതിയാക്കി.

ചിലമ്പിനഴിയത്തുനിന്ന് അവമാനകോപത്തോടെ പാഞ്ഞ പെരിഞ്ചക്കോടൻ, ഗൗണ്ഡൻ ആ ഭവനനായകൻതന്നെ എന്നു തീർച്ചയാക്കി ആ സ്വാർത്ഥഭൂതത്തെയും തന്റെ പ്രതാപത്തെ ധിക്കരിച്ച യക്ഷീഛായയെയും തദ്വാരാ സ്വശത്രുവായ ദിവാൻജി പ്രമത്തനെയും ദ്രോഹിച്ച് സ്വകാര്യലബ്ധി സുഗമമാക്കുമെന്നുള്ള പ്രതിജ്ഞയോടെ ആ അനുസ്യൂതസംരംഭൻ അപ്പോഴത്തെ ഗൗണ്ഡസങ്കേതത്തിൽ എത്തി. അവിടെ താമസിപ്പിച്ചിരുന്ന തന്റെ അനുചരസംഘത്തെ ശേഖരിച്ചുകൊണ്ട് പ്രതിജ്ഞാനുസാരമുള്ള ഒന്നാം ദ്രോഹകർമ്മത്തിനായി തിരിച്ചതു നന്തിയത്തേക്കായിരുന്നു. അക്ഷീണപാദന്മാരായ ആ രാത്രിഞ്ചരസംഘം അടുത്ത രാത്രിയിൽത്തന്നെ നന്തിയത്തുഗൃഹത്തിന്റെ പ്രാന്തങ്ങളെ വലയം ചെയ്യുന്ന വനത്തിൽ എത്തി. പെരിഞ്ചക്കോടനായ നായകൻ ഉപദേശിച്ച കന്യാപഹരണമാർഗ്ഗം ആ രാത്രിയിലെ അവസ്ഥാവിശേഷങ്ങളാൽ അനു

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/337&oldid=168191" എന്ന താളിൽനിന്ന് ശേഖരിച്ചത്