Jump to content

താൾ:Ramarajabahadoor.djvu/336

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ക്ഷാനുവർത്തിയുടെ ഭീരുത്വമല്ലേ? പുരുഷസ്വാർത്ഥയാൽ പ്രേരിതമായുള്ള നിയോഗത്തെ അനുസരിക്കുന്നതു ധർമ്മഭ്രംശമാവുകയില്ലയോ? അന്തഃപ്രേരണകളുടെ പരസ്പരവിരുദ്ധാവസ്ഥയിൽ പ്രാഡ്വിപാകാധികാരം വഹിക്കേണ്ടതു ഭഗവൽ പ്രതിനിധിയായ മനസ്സാക്ഷിതന്നെയാണ്. അതെന്തു ഗുണദോഷിക്കുന്നു? സാവിത്രി ധൈര്യസമാഹരണം ചെയ്തുകൊണ്ട് കിഴക്കേ നന്തിയത്തെ തെക്കുഭാഗത്തുള്ള വൃക്ഷനിബിഡമായ പറമ്പിൽ പ്രവേശിക്കുന്നു.

അവിടത്തെ മരക്കൂട്ടംകൊണ്ടുള്ള ഇരുട്ടിൽ ഒന്നുരണ്ടു ദീർഘകായന്മാരുടെ അവ്യക്താകാരങ്ങൾ കാണപ്പെട്ടു. ആ സന്ദർശനത്തിന്റെ ഗൂഢതയെ ഇവരുടെ സാന്നിദ്ധ്യം പരിഹരിക്കുന്നു എന്ന് ആ താർക്കികപുത്രി പ്രമേയമർദ്ദനന്യായേന അനുമാനിച്ചു. പരമസന്നിധിയിലോട്ടുള്ള പ്രവേശനത്തെ പ്രതിബന്ധിച്ചിരുന്ന അവളുടെ മനശ്ചാഞ്ചല്യങ്ങൾ അസ്തമിച്ചു. പാദങ്ങൾ മുന്നോട്ടു നീങ്ങെ, തന്റെ കമനന്റെ ദിവ്യകളേബരത്തെ ദർശിപ്പാനുള്ള വാഞ്ഛ സാവിത്രിയെ മാൻപേടയ്ക്കു തുല്യം വേഗവതിയാക്കി. ദീർഘകായത്വം സ്വപൂജാവിഗ്രഹത്തിന്റെ ലക്ഷണത്തിൽ ഒരു അംശമേ അല്ല; താൻ കാണുന്ന ഭീമശരീരന്മാർ നില്ക്കുന്ന സ്ഥലത്തുനിന്ന് അല്പം കൂടി ദൂരത്ത് ഏകാന്തത ആകാംക്ഷിച്ച് അദ്ദേഹരം കാത്തുനില്ക്കുന്നതായിരിക്കാം. ഇങ്ങനെ ചിന്തിച്ച് വ്രീളാഭാരഭേദമായ സങ്കോചവൈവശ്യത്തിന്റെ ഒരു ലഘുക്ലമത്തോടെ അവൾ പിന്നെയും മുന്നോട്ടുനീങ്ങി. സന്ദേശഹരനായ പരിചാരകൻ വഹിച്ചിരുന്ന ഒരു മൂടുപടം അവളുടെ ശിരസ്സിൽക്കൂടി വീണു, കണ്ണുകളെ മറച്ചു. അവരുടെ ഹിംസ്രകർമ്മത്തെക്കുറിച്ച് അവൾക്കു പ്രജ്ഞയും ജനിച്ചു. എങ്കിലും ഭയക്രന്ദനം ആ ധൈര്യശാലിനിയുടെ കണ്ഠത്തിൽനിന്നു ഗളിതമായില്ല. ഒരു മഹാവിടന്റെ ദുഷ്ക്രിയ തന്നെ വഞ്ചിക്കുന്നു എന്നു വിശ്വസിക്കുകയാൽ പൗരുഷഗുപ്തമായ അവളുടെ ഹൃദയം ചലിച്ചില്ല. ബ്രഹ്മസ്വരൂപത്തോടു സായൂജ്യാവകാശമുള്ള തന്റെ ദേഹി പൈശാചകരങ്ങൾക്ക് അജയ്യമെന്നുള്ള പ്രശാന്തധീരതയോടെ, അവൾ തന്റെ ദുർവ്വിധിനിപാതത്തിന് അമർന്നുകൊണ്ടു. ഒരു ഹസ്താന്ദോളത്തിൽ ആരൂഢയാക്കപ്പെട്ടപ്പോൾ, തന്നെ പരഹസ്തസ്പർശനത്താൽ അസഹ്യപ്പെടുത്തരുതെന്നും മുഖപടം നീക്കിയാൽ സങ്കടപ്രലാപം കൂടാതെ അവരോടു സഹഗമനംചെയ്തുകൊള്ളാമെന്നും ആ കന്യക സ്വകുലമാഹാത്മ്യത്തെ പുരസ്കരിച്ചു പ്രതിജ്ഞചെയ്തു. അന്ദോളസ്ഥാനം വഹിച്ച ഭീമകായന്മാർ യന്ത്രപ്പാവകൾപോലെ സാമദാനാദി നയവാദങ്ങൾക്കു നിശ്ചേതനന്മാരായി നടകൊണ്ടു.

നാഴിക ആറേഴു കഴിഞ്ഞു. ഉദയയാമത്തിലെ മന്ദമാരുതൻ തുഷാരബിന്ദുക്കളെ വഹിച്ചു ശീതളവീജനം ചെയ്തു. ചന്ദ്രികാമാന്ദ്യത്താൽ വഞ്ചിതരായ പക്ഷികൾ ഉണർന്നു കൂജനങ്ങൾ തുടങ്ങിയിട്ടു, നിശാകാന്തൻ തന്റെ നിദ്രാശയ്യയിൽ അമർന്നിട്ടില്ലെന്നുകണ്ടു വീണ്ടും സുഷുപ്തിസ്ഥരായി. ഉന്നതമായുള്ള ഒരു നിരപ്പിലെ വൃക്ഷനിബിഡതകൊണ്ടു

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/336&oldid=168190" എന്ന താളിൽനിന്ന് ശേഖരിച്ചത്