Jump to content

താൾ:Ramarajabahadoor.djvu/335

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രകൃതിവിഭവങ്ങളും അവൾക്കു ബാഹ്യേന്ദ്രിയവിനോദികളായിരുന്നതേയുള്ളു. തന്റെ കുലമഹത്ത്വത്തിന്റെ സംരക്ഷണം, കളങ്കാസ്പൃഷ്ടമായ ജീവിതനിർവഹണം എന്നീ രണ്ട് ആദർശങ്ങൾ ഒരു ഭീഷ്മഗുരുവാൽ ശിക്ഷിതയായ ആ കന്യകയുടെ ആശയഗോപുരത്തിൽ അച്ഛത്മദീപങ്ങളായി പ്രശോഭിച്ചുനിന്നു. അവളുടെ ധർമ്മബോധത്തിൽ പ്രതിജ്ഞ എന്നതു കേവലം ജിഹ്വാപത്രത്തിന്റെ നിരർത്ഥനൃത്തത്താൽ ഉണ്ടാകുന്ന യദൃച്ഛാശബ്ദം ആയിരുന്നില്ല. പ്രത്യുത, അതു ക്രിയാകാരത്തെ അവലംബിച്ച് ചിരഞ്ജീവിത്വം ആളേണ്ടതായുള്ള ഒരു ബീജാവാപം ആയിരുന്നു.

ത്രിവിക്രമകുമാരൻ ദിവാൻജിയോടുകൂടി യുദ്ധരംഗത്തിലേക്ക് അടുത്തദിവസം യാത്രയാകുന്നു എന്നു കിഴക്കേനന്തിയത്തുവച്ചു കേട്ടപ്പോൾ, ഈ പ്രണയവതിയെ പീഡിപ്പിച്ച ചിത്താവേശം ഇതിനു മുമ്പു വർണ്ണിച്ചിട്ടുണ്ടല്ലോ. പ്രകൃതിയുടെ സർവ്വാംഗങ്ങളും ആ യുവാവോടു തന്റെ പ്രണയദാർഢ്യത്തെ ധരിപ്പാൻ ബദ്ധപ്രതിജ്ഞങ്ങളാണ്; തന്റെ നിശ്വാസങ്ങളെ പവനൻ വഹിച്ച് അദ്ദേഹത്തെ പ്രദക്ഷിണംചെയ്ത് ആശ്വസിപ്പിക്കും; രാഗജന്യങ്ങളായ സാത്മഗീതങ്ങളെ പക്ഷികുലങ്ങൾ ഗാനം ചെയ്ത് അദ്ദേഹത്തിന്റെ ദിനചര്യയെ മധൂരീകരിക്കും; തന്റെ ജീവാഗ്നിയെ അപഹരിക്കുന്ന താരകിരണങ്ങളുടെ മന്ദോഷ്ണം അദ്ദേഹത്തിന്റെ പൗരുഷത്തെ ഉദ്ദീപനം ചെയ്യും-ഇങ്ങനെയുള്ള മഞ്ജുളചിന്തകളിൽ പ്രവേശിക്കാതെ അവളുടെ ആത്മാവു പ്രപഞ്ചഘടനാവൈശിഷ്യത്തെക്കുറിച്ചും ചിന്തിച്ച് അപരിച്ഛേദ്യതാഭാരത്താൽ ക്ഷീണമായി. ആ രാത്രിയിലെ മേഘച്ഛന്നനായ ചന്ദ്രന്റെ തല്ക്കാലനിര്യാണം ആ അസഹായിനിയെ മോഹാവേശത്തിൽ ലയിപ്പിച്ചു. പ്രണയം, ദുരനുഭവം, വ്യസനം, ദുരന്തം എന്നിങ്ങനെയോ തന്റെ പ്രേമകഥാപരിണാമം എന്നു ചിന്തിച്ച് ബോധം തളർന്ന് ആ കന്യക സ്വപ്നസൃഷ്ടങ്ങളായ ഭൂതങ്ങളുടെ മൃഗയാവിക്രീഡനത്തിലെ നിശ്ശൃംഗമൃഗമായിത്തീർന്നു. മന്ദമായുളള ഒരു പാദചലനം അപ്പോഴത്തെ ഭയങ്കരസുഷുപ്തിയിൽനിന്ന് ആ പ്രണയാർത്തയെ ഉണർത്തി.

ചെറുതായ ഒരു വൃഷ്ടിയാൽ പ്രക്ഷാളിതമായ ചന്ദ്രബിംബം വർദ്ധിതപ്രകാശത്തോടെ ആകാശത്തിൽ രജതപരാഗത്തെ വിതറുന്നു. ഒരു മനുഷ്യകണ്ഠത്തിന്റെ മൃദുക്ഷോഭം പരമാർത്ഥഗ്രഹണത്തിനായി അവളെ എഴുനേല്പിക്കുന്നു. അബന്ധിതമായി കിടന്നിരുന്ന വാതുക്കൽ ചെന്നപ്പോൾ, അപരിചിതമായുള്ള ഒരു പുരുഷസാന്നിദ്ധ്യത്തെ സന്ദർശിക്കുന്നു. ആ കപടദൂതൻ വഹിച്ചിരുന്ന സന്ദേശം അവളെ ധർമ്മസങ്കടത്തിൽ തള്ളിയിടുന്നു. ഹ! അവിവേകീ! എന്ന് എങ്ങനെ ശാസിക്കും? പുരുഷവീര്യത്തോടെ ഗൃഹത്തിനുള്ളിൽ വന്നു, തന്നെ സന്ദർശിച്ചാൽ അച്ഛൻ കൊലവാളെടുത്താലും അതും സഹിക്കുന്നതല്ലേ ധീരോദാത്തന്റെ ധർമ്മം? ഇന്നും പുറംപറമ്പിലോട്ടു ചെന്നു വിരഹദുഃത്തെ ആദാനം ചെയ്തുകൊള്ളണമെന്നു പ്രാർത്ഥിക്കുന്നതു കേവലം സ്വര

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/335&oldid=168189" എന്ന താളിൽനിന്ന് ശേഖരിച്ചത്