Jump to content

താൾ:Ramarajabahadoor.djvu/332

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കളുടെ മഞ്ജുളാലാപം ശബ്ദഝരികയിൽ ലയിച്ച് വാദ്യകണ്ഠങ്ങളുടെ ദ്വന്ദ്വതയെ ദുർഗ്രഹമാക്കുന്നു. സുൽത്താന്റെ ഇതിഹാസങ്ങളിൽ കീർത്തിതകളായ വിയൽകാമിനികളുടെ ഗാനസമ്മേളനമെന്നപോലുള്ള ആ പ്രയോഗം ശ്രോതാക്കളായ അദ്ദേഹത്തെയും പരിസരവാസികളെയും തൽക്കാലത്തേക്കു ജരാനരശൂന്യരാക്കി, ഒരു സുധർമ്മാവാസത്തെ അനുഭവിപ്പിച്ചു. എങ്കിലും മരണശിക്ഷയ്ക്കു വിധിക്കപ്പെട്ട ധൂർത്തൻ മാത്രം ആനന്ദസ്തോഭമെന്നും കൂടാതെ ജടിലശ്മശ്രുക്കളാൽ മറയ്ക്കപ്പെട്ടുള്ള ഹനുക്കളെ ചലിപ്പിച്ച് അയാളുടെ ചിന്തകൾക്കു താളംപിടിച്ചു നില്ക്കുന്നതു കാണുകയാൽ, സുൽത്താൻ ആ മൃഗാതീതജീവിയായ വൃദ്ധന്റെ മുഖത്തു കണ്ണുകൾ തുറിച്ചുറപ്പിച്ചുപോയി. ഈ ദർശനത്തിൽ കർത്തവ്യബോധം നഷ്ടമാവുകയാൽ, അതിന്റെ പുനർലബ്ധിക്കായി സ്വകൂർച്ചത്തെ ഗ്രഹിച്ച്, മുഖത്തെ ചാഞ്ചാടിച്ച്, ക്ഷണനേരത്തേക്കു രാജത്വവും വ്യാഘ്രത്വവും താൻ വഹിക്കേണ്ട കാർത്തികേയത്വവും മറന്നു.

സംഗീതം ഒരു ഗീതചരണത്തിന്റെ പരിപൂർണ്ണതയിൽ എത്താതെ, പൊടുന്നനവെ നിലകൊണ്ടുപോകുന്നു. തന്റെ മുമ്പിൽ നിൽക്കുന്ന അഭൗമസൃഷ്ടിയുടെ വിരസത തന്റെ അരമനയിലോട്ടും വല്ല മന്ത്രതന്ത്രപ്രയോഗത്താലും വ്യാപരിപ്പിക്കപ്പെട്ടുവോ എന്നു സംഗീതരസികനെങ്കിലും ആര്യമതദ്വേഷിയായ ആ മതാന്ധൻ വ്യാകുലപ്പെട്ടു. അല്പനേരം ചിന്തയോടെ നിന്നിട്ട്, അരമനസ്സുഖം കാംക്ഷിച്ച് അങ്ങോട്ടു പുറപ്പെടാൻ നിശ്ചയിച്ചുകൊണ്ട് സുൽത്താൻ ബഹദൂർ ചന്ത്രക്കാരന്റെ നേർക്കുള്ള തന്റെ വിധികല്പനയെ നിയമാനുസാരം അഭേദ്യമെന്നുള്ള വിചാരത്തോടെ ഒന്നുകൂടി വചിച്ചു.

ആ കൂടാരത്തോടു ചേർന്നുള്ള വിശ്രമനിലയത്തിൽനിന്നു ചില പാദസരങ്ങളുടെയും ഹസ്തകടകങ്ങളുടെയും ശിഞ്ജിതങ്ങൾ കൃപാർദ്രവചസ്സുകളുടെ പ്രതിധ്വനികളെന്നപോലെ പുറപ്പെട്ടു. വസ്ത്രങ്ങളുടെ അതിലോലമായുള്ള ചലനശബ്ദവും സൂര്യപടസമാനമായുള്ള പാദങ്ങളുടെ ആവേശത്തോടുകൂടിയുള്ള ഗമനത്തിന്റെ അതിമന്ദശബ്ദവും കേട്ടുതുടങ്ങി. തന്റെ അന്തഃപുരനിയമങ്ങളെ ലംഘിച്ചുള്ള ആഗമനശങ്ക കേവലം വിഭ്രമമോ എന്ന് അത്യാശ്ചര്യപ്പെട്ട് സുൽത്താൻ ശൃംഗാരകോപിഷ്ഠനായി നോക്കുന്നതിനിടയിൽ മഹമ്മദീയരീതിയിൽ, സുൽത്താന്റെ സംബന്ധിനികളായ രാജകുമാരികൾ അണിയുന്ന തരത്തിലുള്ള പാവാടകളും അങ്കികളും ആഭരണങ്ങളും ധരിച്ചു മൂടുപടത്തെക്കൊണ്ടു മുഖം മറയ്ക്കാതെയുള്ള ഒരു തേജഃപുഞ്ജം ആ രംഗത്തിൽ പ്രകാശിച്ചു. സംഭ്രമമല്ല, ഒരു നിശ്ചയദാർഢ്യം തിളങ്ങുന്ന കണ്ണുകളെ മറയ്ക്കാൻ കേശചാമരഖണ്ഡങ്ങൾ യവനികാകർമ്മത്തിനു തുനിഞ്ഞപ്പോൾ, കനകപ്രഭമായ കർണ്ണപാളികൾക്കു പുറകിൽ ആ അപ്രാർത്ഥിതപരിചരണക്കാർ ബന്ധിക്കപ്പെട്ടതിൽ കാന്തദഹനാനന്തരം വിലപിക്കാൻ ശേഷിച്ച രതീത്വമല്ല, അവമാനപീഡയാൽ യജ്ഞാഗ്നിയെ ശരണം പ്രാപിച്ച സതീത്വംതന്നെ പ്രത്യക്ഷപെട്ടു. എന്നാലോ, കുലീനതാധാമമായുള്ള ആ കന്യകാ

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/332&oldid=168186" എന്ന താളിൽനിന്ന് ശേഖരിച്ചത്