താൾ:Ramarajabahadoor.djvu/331

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചിലപ്പോൾ ആച്ഛന്നമാക്കുന്ന ഒരു ചൂതപല്ലവദ്യുതി ആ പ്രാസാദത്തിലെ പ്രഭാമാന്ദ്യത്തെ ആവരണംചെയ്ത് സുൽത്താന്റെ അന്തശ്ചക്ഷുസ്സുകളെയും അഞ്ചിച്ച് ആ ആനന്ദമയ മുഹൂർത്തം ഉദയസന്ധ്യയോ ദിനാന്തസന്ധ്യയോ എന്നുള്ള സംശയാവേശത്തിൽ അദ്ദേഹത്തെ അവഗാഹിതനാക്കി. ഈ നിലകൊണ്ട ചന്ത്രക്കാറൻ തന്റെ മൗനവ്രതത്തെ ഖണ്ഡിച്ച് ഇങ്ങനെ ഹിതോപദേശത്തെ പ്രസംഗിച്ചുതുടങ്ങി: "പരാക്രമികളിൽ ഒന്നാംപുള്ളിയായ തിരുമുമ്പീന്ന് ഒന്നു കേൾക്കണം. കണ്ണു രണ്ട്, ചെവി രണ്ട് - എങ്കിലും മനുഷ്യനു ബുദ്ധി ഒന്നേയുള്ളു. ആ ഒറ്റയാൻ കോട്ടകെട്ടിപ്പോകും. ആ കോട്ടകൾ തൊടാൻപോലും കിട്ടുകില്ല. ലോകം മുച്ചൂടും പൊന്നുകെട്ടിക്കളയാമെന്നു ക്നാക്കാണുന്നതൊന്നും നടവാ. 'ഇന്നു വരും മുല നാളെവരും' എന്നു കൊക്കറച്ചോണ്ടു നടക്കണ കോഴിക്കും ഉലകം തളതളത്തിളങ്ങുന്നു. മുലയോ? അപ്പടപ്പിനു ചാക്കില്ലാത്ത അങ്ങുള്ളവൻ ഇതുവരെ മനം വച്ചിട്ടില്ല. അഴിക്കോട്ട പിടിക്കാം. അടുത്ത ചെളിവാരങ്ങളും താണ്ടാം. പിന്നത്തെ മലയും തറയും എന്തോ ഏതോ! എന്റെ പൊന്നു തിരുവടി മാനത്തു ചായം പുരട്ടാൻ എഴുന്നള്ളിയാൽ, പോക്കണം കെട്ടുപോകും-"

സംഗീതത്തിൽ ലയിച്ചുള്ള ടിപ്പുവിന്റെ ചിത്തത്തെ ഉപദേശപ്രസംഗത്തിന്റെ അവസാനഭാഗത്തിലോട്ടടുത്തപ്പോൾ ഉച്ചത്തിലായ ചന്ത്രക്കാറന്റെ ഋഷഭസ്വരം ആ രംഗത്തിലോട്ടു പ്രത്യാകർഷിച്ചു. തന്റെ സേനയുടെ പ്രസ്ഥാനത്തിനുള്ള ആജ്ഞകൾ കൊടുത്തുകഴിഞ്ഞു. തന്നെ കബളിപ്പിച്ച തിരുവിതാംകൂർകാരനെ ശിക്ഷിപ്പാനുള്ള വിധി ഒന്നിലധികം ആവർത്തിച്ചു പ്രസ്താവിക്കപ്പെടുകയും ചെയ്തു. അനന്തരകരണീയം സംഗീതശ്രവണംതന്നെ എന്ന് അഭിരുചിഗതിയും വിധിച്ചു. തന്നിമിത്തം ചന്ത്രക്കാറന്റെ പ്രസംഗം അയാളുടെ തൽക്കാലഭാഗ്യത്താൽ വൃഥാ കണ്ഠക്ഷോഭമായി. മന്ദപവനതരംഗങ്ങളുടെ പ്രവാഹത്തോടിടചേർന്ന് എത്തുന്ന ആ സംഗീതസമ്മേളനം കേരളത്തിന് ആ സേനാപ്രവേശത്താലുള്ള ദുരിതാനുഭവങ്ങൾക്കു മുമ്പ് അനുഭവിക്കാൻ ഭാഗ്യമുണ്ടായിട്ടുള്ളതല്ലായിരുന്നു. ഗായകവൈദുഷ്യത്താൽ പരിഷ്കൃതമായ സ്വരമാധുര്യം ആ സങ്കേതവാസികളുടെ ഹൃദയത്തെയും ഡോളായിതമാക്കി, ത്രിദിവപരമാനന്ദത്തെ ആസ്വദിപ്പിച്ചു. പവനവീചിയെ ആഘാതംചെയ്കയോ, വാദ്യമുഖത്തെ നോവിക്കുകയോ ചെയ്യാതുള്ള അംഗുലീചലനങ്ങളാൽ ഗാനമാത്രകൾ മദ്ദളചർമ്മങ്ങളിൽനിന്നു യഥാക്രമം ധ്വനിതമാകുന്നതും ഒരു ഗീതവിശേഷമായി നാദചാതുരിയെ സഫലമാക്കുന്നു. ഈ മാർദ്ദംഗികസഹകരണത്തോടെ ആലപിതമാകുന്ന ഗീതം, വൈകുണ്ഠവാസിയായ ഭഗവാന്റെ യോഗനിദ്രയ്ക്കു ഭംഗംവരാതെ ക്ഷീരസാഗരത്തിലെ ചെറുകല്ലോലനിരകൾ ആ ആനന്ദസങ്കേതത്തിലെ പരിപാവലസോപാനത്തിന്മേൽ മൃദുലതാഡനംചെയ്യുമ്പോലുള്ള മൃദുലയത്തിൽ ജീവജാലങ്ങളുടെ അന്തഃകരണങ്ങൾക്ക് അമൃതബിന്ദു പ്രോക്ഷണംചെയ്യുന്നു. ഈ കണ്ഠമുരളിയോടു സഹവർത്തിയായി ചലിപ്പിക്കപ്പെടുന്ന സാരംഗതന്ത്രി

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/331&oldid=168185" എന്ന താളിൽനിന്ന് ശേഖരിച്ചത്