തന്റെ ജീവിതമഹാനാടകത്തിൽ അവസാനാങ്കം ലേഖനശ്രമംകൂടാതെ മൗനമുദ്രകൊണ്ട് അഭിനീതമാകട്ടെ എന്നു ചിന്തിച്ച് തന്റെ പിംഗളാക്ഷങ്ങളെ വിടുർത്തി അഭിമുഖവീക്ഷണത്താൽ ആ ചക്രവർത്തികളേബരത്തെ തീണ്ടുകതന്നെ ചെയ്തു. ആഗ്നേയാസ്ത്രപ്രയോഗത്താൽ വിജയകീർത്തി സമ്പാദിക്കുന്ന ആ ആസുരരാട്ടിന്റെ പാദനഖങ്ങൾമുതൽ, ഒരു പോകാഗ്നിശിഖ പൊങ്ങി, ആ ശരീരത്തിലുള്ള ജൃംഭകദ്രവ്യങ്ങളിൽ വ്യാപരിച്ച് ആ സൈനികസങ്കേതം മുഴുവനെയും കിടുങ്ങിച്ച ഒരു ഭൂകമ്പത്തെ സംഭവിപ്പിച്ചു. ദുർബോധനകളാൽ വഞ്ചിച്ചു തന്നെക്കൊണ്ടു ബഹുധനവ്യയം ചെയ്യിച്ച ധൂർത്തൻ ധിക്കാരവാദം ചെയ്യുന്നത് ശത്രുപക്ഷത്തിന്റെ അനുകൂലി ആകകൊണ്ടുതന്നെ എന്ന് ടിപ്പുസുൽത്താൻ വിളികൂട്ടി. തന്റെ ധനം മുടക്കി സംഭരിച്ചിട്ടുള്ള സാമാനങ്ങൾ എവിടെ എന്നു ചോദ്യം. ഉത്തരമില്ല. അന്നന്നു തന്റെ ഖജനാവിൽനിന്നു വരുത്തി കൈക്കാണങ്ങൾ കൊടുത്ത് ഏർപ്പാടുകൾ ചെയ്ത ഉപജാപങ്ങൾ എന്തെല്ലാം? ഫലങ്ങൾ എന്ത്? എന്നു ചോദ്യം. പിന്നെയും ഉത്തരമില്ല. തന്നെക്കണ്ടു സമ്മാനിതനായി പോയിട്ടുള്ള പെരിഞ്ചക്കോടൻ എന്ന ആളാൽ ശേഖരിക്കപ്പെട്ട സൈന്യം എവിടെ? എന്നു ചോദ്യം. ഉത്തരം മൗനനിലതന്നെ. മഞ്ചത്തിൽനിന്ന് എടുക്കപ്പെട്ട ഖഡ്ഗം തിളങ്ങെ, "പരമദുഷ്ടാ! നീചാ! നീ 'ഭാമ്മൻ' ആണെന്നു സാക്ഷി പറവാനയച്ച മാധവായിക്കനെവിടെ?" എന്നുണ്ടായ ഗർജ്ജനത്തിനും ഗൗണ്ഡൻ മന്ദഹാസപൂർവ്വം ബധിരഭാവത്തെ നടിച്ചു. ഇങ്ങനെ ഭർത്സിക്കപ്പെട്ട സുൽത്താൻ നീചപദങ്ങൾ പ്രയോഗിച്ചുകൊണ്ടു ഖഡ്ഗത്തെ ചന്ത്രക്കാറന്റെ കണ്ഠം ലക്ഷ്യമാക്കി വീശി അടുത്തു. അയാൾ സമസ്തസംഭവങ്ങൾക്കും നിശ്ചേതനനെന്നപോലെ നിശ്ചലനായി നിന്നു.
സുൽത്താൻ: "ഹീനനായ, പുരീഷഭോക്താവായ, ഷണ്ഡശലഭം! നീ ഇവിടെ ചാമ്പലായി കിടക്ക്. ഭഗവന്നിയുക്തനായ നാം നമ്മുടെ ചന്ദ്രക്കലാധാരയാൽ നിന്റെ ജന്മദേശത്തെ വെളിന്തറയാക്കാൻ ഇതാ പുറപ്പെടുന്നു. അജിതസിം! കമ്മറുദീനോട് ഈ ദൈവപ്രഭാപ്രദ്യോതസമയത്ത്, ആദ്യന്തമഹച്ഛക്തിയുടെ പരിവേഷം നമ്മുടെ അല്പപ്രജ്ഞയെ ആവരണംചെയ്തു പുറപ്പെടുവിക്കുന്ന നിയോഗത്തെ ധരിപ്പിക്കുക. കാലാൾ ഇരുപതിനായിരം, അതിനു ചേർന്ന കുതിരപ്പട, പീരങ്കി, മദഗജം, ഒട്ടകം - പട നീങ്ങട്ടെ - അഴിക്കോട്ട ആദ്യം തകരട്ടെ. ദൈവമഹത്ത്വത്താൽ ഈ ആക്രമണത്തെ നയിക്കാൻ അധിനാഥനായി കല്പിക്കപ്പെടുന്നത്, അനശ്വരമായ സത്യവിശ്വാസപതാകയുടെ ദിവ്യകേതുവായുള്ള നാംതന്നെ. കാബായിൽ പൂജിച്ചുള്ള നമ്മുടെ വാൾ ഇതാ അനന്തതത്ത്വപ്രഭകൾ വിതറി പൈശാചതിമിരത്തെ ഉദ്വസിക്കാൻ പ്രകമ്പിക്കുന്നു. ഇവനെ-ഈ ചൈത്താനെ-അവന്റെ ദുർന്നായകൻ കിടക്കുന്ന കുണ്ഡത്തിൽത്തന്നെ വീൾത്തട്ടെ. ഈ ശിക്ഷ-"
അരമനയിൽനിന്ന് ഉത്ഭവിച്ച ഒരു സംഗീതസരളഝരിക സുൽത്താന്റെ കോപാഗ്നിയെ ശാന്തമാക്കി. ഉദയാസ്തമയാകാശങ്ങളെ