മുഖം പൂർണ്ണചന്ദ്രോദയംപോലെ സുൽത്താന്റ മുഖമണ്ഡലത്തിലും ഒരു ആനന്ദപ്രസരം ജനിപ്പിച്ചു. തന്റെ മതനിയമങ്ങളും ശുദ്ധാന്തവ്യവസ്ഥാപനങ്ങളും ലംഘിക്കപ്പെട്ടിട്ടില്ലെന്നുള്ള സന്തുഷ്ടിയോടും വ്യാഘ്രതാദിദുര്യശസ്കരദോഷങ്ങൾ മറ്റേതോ ദുർന്നയന്റെ ചാപല്യങ്ങളാണെന്നു തോന്നിപ്പിക്കുമാറുള്ള വാത്സല്യപ്രകർഷത്തോടും ആ പ്രകൃതിവിഭൂതിമതിക്കു സ്വാഗതാഭിനയമായി അദ്ദേഹം തന്റെ ഹസ്തതലങ്ങളെ വിടുർത്തി - ആശ്ചര്യം! ഒന്നു കുനിയുകയും ചെയ്തു. മഹാവീരവംശജയായ കന്യക സമഗ്രമഹത്ത്വത്തെ പുരസ്കരിച്ചു തന്റെ മുമ്പിൽ കണ്ട വികൃതവേഷക്കാരനായ വൃദ്ധനെ ആദരപൂർവ്വം തൊഴുതുകൊണ്ട് സുൽത്താന്റെ മുമ്പിൽ മുട്ടുകുത്തി, പുത്രീഭാവത്തിൽ തന്റെ സമീഹിതത്തെ അത്യൂർജ്ജസ്വലമായ ഭാഷയിൽ ധരിപ്പിച്ചു. ബബ്‍ലേശ്വരനായ അജിതസിംഹൻ, ഭഗവൽപദമഹാത്മ്യത്തെ ധ്യാനിച്ചുകൊണ്ടും സുൽത്താൻ ബഹദൂറെ യഥാചാരം നമിച്ചുകൊണ്ടും തന്നാൽ പരിപാലിക്കപ്പെടുന്ന കന്യകയെ അഭിനന്ദനവാത്സല്യങ്ങളോടെ കടാക്ഷിച്ചുകൊണ്ടും രംഗത്തിൽനിന്നു നിഷ്‌ക്രാന്തനായി.
താൾ:Ramarajabahadoor.djvu/333
ദൃശ്യരൂപം