താൾ:Ramarajabahadoor.djvu/313

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പേറുന്ന ഒരു ശിഷ്യനാൽ പരിസേവിതനായും പുനരുദയംചെയ്തിരിക്കുന്ന ആ ഗുളികൻ, ആ കടന്തൽക്കൂട്ടത്തെ മന്ദഹാസപീയൂഷത്താൽ ഉപചരിച്ച് തന്റെ കഷ്ടതകളെ വർണ്ണിപ്പാൻ തുടങ്ങി: "നിങ്ങൾ പൊല്ലാത്ത കൂട്ടര്. എല്ലാം ചത്തു കിടന്നില്ലേ?"

സംഘക്കാർ: "താനോടോ? 'എന്നു കാണ്മെനിന്ദുസാമ്യരുചിമുഖം' എന്നു പാടി ശിവരാത്രി ഭജിക്കയായിരുന്നോ?"

കൊടന്തആശാൻ: "ശിവനേന്ന് ഇവന്റെ കുപ്പക്കുഴിയിൽ കിടന്നുറങ്ങുവായിരുന്നു. അപ്പോൾ തുടങ്ങി ശ്വാനന്മാരുടെ മദ്ധ്യമാവതി, ആഹരി, സാരംഗം - ചാടി എഴുന്നേറ്റു ചങ്ങാതിമാരെ! ആശാൻ തലവീശിക്കളയൂല്ലേ? ഉറക്കപ്പാപോലും ചുരുട്ടാതെ ആ വേലിയും ഈ കടമ്പയും ചാടിയപ്പോൾ പിന്നെ- ഏ! 'കണ്ടതും കേട്ടതും മിണ്ടരുതിക്കാലം' എന്നല്ലേ കവിയുര? രാജ്യകാര്യത്തിൽ അളിഞ്ചക്കണ്ണിക്കു കാര്യമെന്തെന്നു നിങ്ങളും ചോദിച്ചേക്കാം. ഇതേ പരസ്യമാക്കാൻ പോകേണ്ട. അല്ലെങ്കിൽ അവസ്ഥക്കാരുടെ കാര്യമല്ലേ? നമ്പ്യാതിക്കെന്തിന് ഉണ്ടവല? അതുകൊണ്ടു കടക്കാം. നന്നേ പശിക്കുന്നു.

സംഘക്കാർ: "എടോ രസംകൊല്ലീ, മുഴുവൻ പറഞ്ഞില്ലെങ്കിൽ തന്റെ ഉണ്ടത്തല ഞങ്ങൾ തകർത്തു ഉണ്ടവലയിൽത്തന്നെ കോർക്കും."

കൊടന്തആശാൻ; "ശനിയരേ, കൊല്ലേണ്ട. കടമ്പ ചാടിയില്ലേ? അപ്പക്കണ്ടു ആ കുട്ടിക്കപ്പിത്താനെ. പെണ്ണെ തോളിലേറ്റിക്കൊണ്ടു 'നാണമെന്തിനിന്നു നിന്റെ പ്രാണനാഥനേഷ ഞാൻ' എന്ന മട്ടിൽ പറക്കുന്നു. നിങ്ങടെ കൂട്ടത്തിലല്ലേ കൊടന്ത വളർന്നത്? വിടുമോ? പറന്നു പുറകേ, ആ പെരുവഴിവരെ. നാഴിക പന്ത്രണ്ടാണു വച്ചുനീട്ടിയത്. അവിടെ അവന്റെ കുതിര ഹുജാർ. നാമെന്തു ചെയ്യും പാപികളേ? ആ അസത്തു മുമ്പിൽ, അവൻ പുറകിൽ - ഒരു പാച്ചിലും. കൊടന്ത വിട്ടില്ല. ജാംബവാനെപ്പോലെ ഝൽ എന്നു കുതികൊണ്ടു. ശനിപ്പിഴയ്ക്ക് ഒരു കുരുട്ടുകല്ല് അവിടെങ്ങാണ്ടോ കിടന്ന് ഇവനെ - നോക്കിൻ പെടുത്തിയിരിക്കുന്ന പാട്! നല്ലൊരു പല്ലിൽ ഒന്നു ചുങ്കം തീർന്നു. പിന്നെ എന്താടോ ഇങ്ങോട്ടു മടങ്ങീട്ടു കഥ! നേരെ പറവൂരേക്കു വെച്ചടിച്ചു. ഗുരുനാഥനെ കണ്ടു വസ്തുതകളെല്ലാം ധരിപ്പിച്ചു. ആ പുണ്യമുഖത്തിൽനിന്ന് ആ രണ്ടു ജന്തുക്കളും നശിച്ചുപോംവണ്ണം ശപിച്ചിച്ചു. ആരും ഇവിടെ കിടന്നു തിണ്ടാടേണ്ട. അവൾ ആ പാളയത്തിൽത്തന്നെയുണ്ട്."

ആശാനും ഗൗണ്ഡനും പരസ്പരം കണ്ടപ്പോൾ, അവർ ബ്രഹ്മവക്‌ത്രത്താൽ ജപിക്കപ്പെട്ട മന്ത്രംകൊണ്ടെന്നപോലെ ഏക ശരീരത്വത്തെ അവലംബിച്ചു. രണ്ടുപേരും ചേർന്നു ദേശദർശനംചെയ്തു രസിക്കുന്നതിനിടയിൽ ഗൗണ്ഡപാശത്തിന്റെ വലയത്തിൽ രാവണദർശനത്തിനായി ഹനുമാൻ അംഗീകരിച്ച ബദ്ധഭാവത്തെ സ്മരിച്ച കൊടന്തആശാൻ സ്വാഭിലാഷത്തെത്തുടർന്നു കുടുങ്ങിക്കൊണ്ടു. കുറുങ്ങോട്ടുഗൃഹവാസികളുടെ നിദ്രാസമാധിക്കിടയിൽ ഗൗണ്ഡൻ സ്വവസ്ത്രങ്ങൾ ധരിച്ചു വീണ്ടും വനപഥികനായി. ദിവാൻജി അവർകൾ ധരിപ്പാൻ കൊട്ടാരക്കരക്കാര്യക്കാർ

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/313&oldid=168165" എന്ന താളിൽനിന്ന് ശേഖരിച്ചത്