താൾ:Ramarajabahadoor.djvu/312

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പരസ്പരവീക്ഷണങ്ങളാൽ പ്രശ്നങ്ങൾ ചെയ്തുനിന്നു. ദേശാധിപനായി ബഹുമാനിക്കപ്പെട്ട പ്രഭുവിനോട് ഗൗണ്ഡനായ വാചാലൻ കുശലങ്ങളെ മുക്കുറയിട്ടപ്പോൾ, ആ രണ്ടു ശ്രോതാക്കളുടെയും അന്തർന്നാളങ്ങളിൽ ഒരു വിസർപ്പപീഡ വ്യാപരിച്ചു. അവരുടെ പ്രത്യേകാലോചനയുടെ ഫലമായി, ഏതാനും ദിവസത്തെ താമസത്താൽ തങ്ങളെ അനുഗ്രഹിക്കാൻ ഗൗണ്ഡൻ സല്ക്കരിക്കപ്പെട്ടപ്പോൾ അദ്ദേഹത്തിന്റെ വിപുലകണ്ഠം അനുമതിവാചികത്തെ ഗർജ്ജിച്ചു. നിവൃത്തനിര്യാണൻ എന്നു കാണപ്പെട്ട ആ അതിമാനുഷന്റെ കവചാദികൾ ശുചീകരണത്തിനായി രജകഹസ്തങ്ങളിൽ ഏല്പിക്കപ്പെട്ടപ്പോൾ, യജ്ഞോപവീതധാരിയായ ഗൗണ്ഡൻ കേരളീയവസ്ത്രങ്ങൾ ധരിച്ചു വാഴാൻ സസന്തോഷം അനുമതിച്ചു. ആ മുഴുക്കഴണ്ടിയാനായ കാരണവപ്പാട്ടിലെ പ്രസന്നവും ക്ഷതനാസാകളങ്കിതവുമായ മുഖേന്ദു കുഞ്ഞിങ്ങേലിഅമ്മയുടെ ഗൃഹലക്ഷ്മീത്വത്തെ അതിന്റെ സാക്ഷാല്ക്കാരത്തിൽ പ്രകാശിപ്പിച്ചു. സ്വൈരവാസവും ത്രികാലമൃഷ്ടാഷ്ടിയും കിട്ടിയ അനുചരന്മാർ ഗൗണ്ഡപ്രധാന്യത്തെ അനുഗ്രഹിച്ച് സ്വയംപ്രഭയുടെ സല്ക്കാരസുഖത്തെ ആസ്വദിച്ച വാനരസംഘത്തെപ്പോലെ തങ്ങളുടെ യാത്രാവിഷയത്തെ മറന്നു.

വസ്ത്രങ്ങൾ അലക്കിവരുന്നതിനിടയിൽ ഗൗണ്ഡൻ സമീപഗൃഹങ്ങൾ എല്ലാം ഒരു വിശേഷോല്ക്കണ്ഠയോടെ സന്ദർശിച്ചു. ബഹുരാജ്യസേനകളെ കണ്ടിട്ടുള്ള വിദഗ്ദ്ധന്റെ നിലയിലും ഭൃഗുതുല്യഗൗരവത്തോടും ആയോധനാഭ്യാസശാലയിലെ ഗുരുനാഥസ്ഥാനവും വഹിച്ച് കഴക്കൂട്ടം എന്ന പ്രദേശത്തും താൻ കണ്ടതുപോലുള്ള ആയുധാഭ്യാസം നടക്കുന്നു എന്നു കേട്ടപ്പോൾ ഗൗണ്ഡന്റെ ഹൃദയത്തിൽ അതിഥിപ്രശ്രയത്തെ അതിക്രമിച്ചു, ടിപ്പുവിനോടുള്ള ആശ്രയബന്ധവും ജനനോദിതമായുള്ള വാത്സല്യവും തമ്മിൽ ഒരു സമരം നടന്നു. ആ ദ്വന്ദ്വീഭാവത്തെ ഏകീഭവിപ്പിക്കുമാറ്, തന്റെ ആഭിചാരകൗശലങ്ങളെ നിയന്ത്രിച്ചുകൊള്ളാമെന്ന് ആ പൃഥുശിരകൻ തീർച്ചയാക്കിക്കൊണ്ട് ഇച്ഛാനിവർത്തനത്തിനുള്ള മാർഗ്ഗങ്ങളുടെ പരിചിന്തനത്തിൽ ലീനനായി.

നളൈശ്വര്യത്തിൽ അസഹനായ കലിക്കു പുഷ്കരസഖ്യം സമ്പ്രാപ്തമായതുപോലെ, ഗൗണ്ഡദസ്യുത്വത്തെ പരിചരിപ്പാൻ ജന്മനാതന്നെ കലിഗ്രസ്തനായുള്ള ഒരു പുരുഷമാണിക്യം ദത്തപ്രതിജ്ഞനായി. ഉണ്ണിത്താന്റെ നിയോഗാനുസാരമുള്ള സന്നാഹങ്ങൾ ഏതു നിലയിൽ എത്തിയിരിക്കുന്നു എന്നന്വേഷിച്ചു ധരിപ്പിപ്പാനുള്ള ദൂതനായി, ആ രംഗത്തിൽ പ്രസരിച്ചുള്ള പാതാളഭോഗീവിഷത്തെ പ്രവൃദ്ധമാക്കുമാറ്, കൊടന്തആശാന്റെ പുറപ്പാടുണ്ടായി. ഈ വികടാഗമനം കണ്ട്, അവിടത്തെ രസികസമിതി വഞ്ചിപ്പാട്ടോടുകൂടി അയാളെ എതിരേറ്റ്, ആ തുംഗാനുഭാവൻ എങ്ങായിരുന്നു എന്നുള്ള 'പൃച്ഛ'യാൽ സല്ക്കരിച്ചു. മിനുസവസ്ത്രങ്ങൾ ധരിച്ചും, മാറുന്നതിനു വേണ്ട എണ്ണം സംഗ്രഹിച്ചുള്ള ഒരു ഭാണ്ഡം

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/312&oldid=168164" എന്ന താളിൽനിന്ന് ശേഖരിച്ചത്