താൾ:Ramarajabahadoor.djvu/311

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


ദുർഗ്ഗപ്രദേശങ്ങൾ കടന്നപ്പോൾ, ഗൗണ്ഡഗതിയിൽ പരിചിതപ്രദേശത്തെ തരണംചെയ്യുന്നതുപോലെയുള്ള സഞ്ചാരലാഘവം പ്രത്യക്ഷമായി. വൃക്ഷശാഖകളിലെ പക്ഷികളെ ഭയപ്പെടുത്തി ഓടിച്ച ഹർഷോൽഘോഷങ്ങൾ ഗൗണ്ഡഭൃംഗിയിൽനിന്നു വിസർജ്ജിതമായി. ചില ചെറുകുന്നുകൾ കയറിയിറങ്ങി, ഒരു പാടത്തിന്റെ പ്രാന്തത്തിൽ എത്തിയപ്പോൾ, ഗൗണ്ഡദ്വിജൻ ആ സുദിനത്തിനു സന്തോഷപുരസ്സരം ആശിസ്സുകൾ നല്കി. മുമ്പിൽ കണ്ട പാടങ്ങൾ കടന്ന് കന്ദവല്ലികളാൽ സങ്കീർണ്ണമായുള്ള ഒരു രംഭാവനത്തിൽ നിലകൊള്ളുന്ന ഭവനത്തെ സ്വാതിഥ്യം കൊണ്ടു പൂതമാക്കാൻ മുക്തഖേദനായി കുതികൊള്ളുകയും ചെയ്തു.

'കോന്ന'ന്മാർ, 'മാതേവ'ന്മാർ എന്നു തുടങ്ങി വിഷ്ണുശങ്കരപ്രമുഖന്മാരുടെ നാമഭേദങ്ങൾ ധരിച്ചുള്ള ഒരു ഭടനിരയെ ചതുരുപായപ്രയോഗങ്ങളായി ഹസിച്ചും ശാസിച്ചും പ്രഹരിച്ചും തളർന്നിട്ടുള്ള കൃഷ്ണക്കുറുപ്പു തന്റെ ഭവനപ്പൂമുഖത്തു നെടുംപാടേ കിടന്നു സുഗ്രീവഹനുമാംഗദാദികളും അറിഞ്ഞിട്ടില്ലാത്ത കഷ്ടതകൾ സഹിക്കുന്ന ദുർദശയെക്കുറിച്ചു ഭാര്യാസമക്ഷം ആഖ്യാപനം തുടങ്ങി. ഇതിനു ചെവികൊടുക്കാതെ "അങ്ങേ വേലീന്നു രണ്ടു കാച്ചിലെങ്കിലും തോണ്ടിത്തന്നെങ്കിൽ-" എന്ന് അടുക്കളസ്സന്താപത്തെ അവർ പ്രലപിച്ചു. നിയമാനുസാരമായ നർമ്മരണത്തിനായി ആ കുംഭോദരപ്പെരുമാൾ നിദ്രാസേവികളുടെ വൈമനസ്യത്തോടെ എഴുന്നേറ്റപ്പോൾ മുഷിഞ്ഞിട്ടുണ്ടെങ്കിലും വിലയുള്ള തലപ്പാവും കുപ്പായാദികളും ധരിച്ചുള്ള ഒരു അതിഥിയുടെ പ്രവേശനം അന്നത്തെ പ്രണയകലഹത്തെ വിഘാതപ്പെടുത്തി. അരുന്ധതീതപസ്വിനിയുടെ അഭിവന്ദ്യഗാംഭീര്യത്തോടെ കുഞ്ഞിങ്ങേലിഅമ്മ എഴുന്നേറ്റു മാറിനിന്നു. ഹ്രസ്വനും വിസ്തൃതോദരനും ഗജപാദനുമായുള്ള ആ അത്ഭുതാകാരനെ കണ്ടപ്പോൾ കൃഷ്ണക്കുറുപ്പ് ആദ്യത്തിൽ ഒരു യാചകപ്രവേശമാണെന്നു സംശയിച്ചു. എന്നാൽ എന്തോ അന്ത:പ്രേരണം തന്നെ ജാഗരൂകനാക്കുകയാൽ സൂക്ഷിച്ചു നോക്കിയപ്പോൾ, ഹാ! സ്വപ്നമോ, മതിഭ്രാന്തിയോ പരലോകദർശനമോ എന്ന് അദ്ദേഹം സംഭ്രമിച്ചുപോയി. താൻ വൈശ്യദ്വിജനാണ്, ദേശാന്തരിയായി സഞ്ചരിക്കുന്നു. വയോവൃദ്ധിയാൽ ക്ഷീണിച്ചുപോയി, കൂടി രണ്ടു ഭൃത്യന്മാരുണ്ട്, അവർക്കും തനിക്കും എന്തെങ്കിലും ഭക്ഷണം കിട്ടണം എന്നും മറ്റും വൈഷ്ണവമണ്ഡൂകത്തിന്റെ പൃഥുലസ്വരത്തിൽ പുറപ്പെട്ട അഭ്യർത്ഥനയുടെ ഫലമായി, കുറുങ്ങോട്ടെ അന്നദാനശാല ആഗതന്മാർ മൂവരെയും മുക്തശ്രമന്മാരാക്കി. ഭക്ഷണാനന്തരം ഗൗണ്ഡപരദേശി ബഹുദേശാവസ്ഥകളുടെ വർണ്ണനകൾകൊണ്ട് കൃഷ്ണക്കുറുപ്പിനെ വിനോദിപ്പിച്ചു. ആ അപൂർവ്വാതിഥിയെ കാണ്മാനായി നന്ത്യത്തെ വലിയ യജമാനൻ തുടങ്ങിയിട്ടുള്ള കരക്കാർ കുറുങ്ങോട്ടെ സുപ്രസിദ്ധമായുള്ള രംഭാഫലാശനത്തിനു സന്നിഹിതരായി. ഗൗണ്ഡന്റെ അനാവർത്തനീയമായുള്ള സൃഷ്ടിവൈജാത്യത്തെ കണ്ടപ്പോൾ, വലിയ ഉണ്ണിത്താൻ വൈശ്വാനരസരസ്സിൽ നീരാടുന്ന അവസ്ഥയിലായി. ഉത്തരീയവ്യജനത്താൽ സ്വയം പരിചരിച്ചുകൊണ്ട് ആ പ്രഭുവും ഗൃഹനായകനും

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/311&oldid=168163" എന്ന താളിൽനിന്ന് ശേഖരിച്ചത്