താൾ:Ramarajabahadoor.djvu/310

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നമ്മുടെ ഭഗവതിക്ഷേത്രത്തിൽ ജയിച്ചു വരുന്നതുവരെ ദിവസേന പന്തിരുനാഴിയും ചുറ്റുവിളക്കും നടത്താൻ വിഷ്ണുപ്പോറ്റിയെയും അറിയിച്ചു വയ്ക്കയും വേണം. ഈ കാര്യമെല്ലാം നന്തിയത്ത് ഉണ്ണിത്താൻ ഉടയാൻ കേശവൻ" എന്നിങ്ങനെ, ആവരണചിഹ്നങ്ങൾക്കുള്ളിലുള്ള സ്വന്തം അഭിപ്രായങ്ങളെച്ചേർത്തു വായിച്ചുതീർന്ന ഉടനെതന്നെ, പ്രണയായോധനങ്ങൾ മറന്ന്, വേട്ടയാടികളാൽ വേട്ടയ്ക്കൊരുമകനായി പൂജിക്കപ്പെടുന്ന കൃഷ്ണക്കുറുപ്പ് സേനാശേഖരത്തിനായി നന്ത്യത്തെജമാനന്റെ അരുളപ്പാടു വാങ്ങി പെരുമ്പറ അടിപ്പിച്ചു.

പടയണിവട്ടത്തിലെ നിരപ്പും നടയും നിലയും വെടിയുംകൊണ്ട കുറുങ്ങോട്ടു കരളി ഒരു സേനാനായകന്റെ നിലയനമായി. ഇക്കാലത്ത് ത്രിവിക്രമൻ പറവൂർ മടങ്ങി എത്തി ഗൗണ്ഡനെ പാണ്ട രക്ഷിച്ചതും ആ ചാണ്ഡാലസങ്കേതം ധ്വംസിക്കപ്പെട്ടതും കേശവനുണ്ണിത്താൻ പടചേർക്കുന്ന വൃത്താന്തവും ദിവാൻജിയെ ധരിപ്പിച്ചു. ആ യുവാവു മുഖേന, മാങ്കാവു ഭവനത്തിലോട്ട് ദിവാന്റെ ദൃഷ്ടി ചെല്ല്ലണമെന്ന് കുഞ്ചൈക്കുട്ടിപ്പിള്ള ആദ്യമായി അറിയിക്കുകയും ചെയ്തു. ബന്ധനത്തിൽനിന്നു രക്ഷപ്പെട്ട ഗൗണ്ഡന്റെ ഹസ്തപാദങ്ങളിൽ ശൃംഖലയും കണ്ഠത്തിൽ തൂക്കുകയറും ചേർക്കാനുള്ള ഉപായമായി, വേണ്ട രക്ഷാപത്രങ്ങളും അനുഷ്ഠാനോപദേശങ്ങളും നല്കി കാര്യക്കാർ ഭംഗാരാമനെ ടിപ്പുപാളയത്തിലേക്കു യാത്രയാക്കി. ഗൗണ്ഡന്റെ ബന്ധനമോചനങ്ങൾ, തിരുവിതാംകൂറിലെ സേനാസന്നാഹങ്ങൾ (കാര്യക്കാരുടെ ഉപദേശാനുസാരം ആ ഗൗണ്ഡഭടൻ സുൽത്താൻ കർണ്ണങ്ങളിൽ എത്താനായി ഒന്നിരട്ടിച്ചു) എന്നീ വൃത്താന്തങ്ങൾ ശ്രവിച്ച രാജപ്രസാദാർത്ഥികൾ ഗൗണ്ഡാവസ്ഥകളെ മാത്രം ആ ഭടൻ മുഖേന ഗ്രഹിച്ചതായി ടിപ്പുസമക്ഷം ധരിപ്പിച്ചു. ഭംഗാരാമൻ മടങ്ങി എത്തി രണ്ടുമൂന്നു ദിവസം കാത്തിരുന്നിട്ടും ഗൗണ്ഡന്റെ പ്രത്യാഗമനം കാണാഴികയാൽ സുൽത്താൻ കഴിഞ്ഞ അദ്ധ്യായത്തിൽ വിവരിച്ച സന്ധിശ്രമപരീക്ഷയ്ക്ക് ഒരുമ്പെട്ടു.

ഗൗണ്ഡൻ പാണ്ടയാൽ അനുവദിക്കപ്പെട്ട രണ്ടു കിങ്കരന്മാരോടൊന്നിച്ച് ഗിരിതടങ്ങൾവഴി വടക്കോട്ടു പ്രയാണം ആരംഭിച്ചു. പരിവാരങ്ങളുടെയും വ്യാപാരസാമാനങ്ങളുടെയും നഷ്ടത്താലുള്ള ക്ലേശഭാരവും സ്വാത്മാവിനെ ദുർബ്ബലികഴിച്ച് കരസ്ഥഭാവത്തിൽ സങ്കല്പിതമായിരിക്കുന്ന വിക്രമസിംഹാസനം കരഗളിതമായേക്കുമോ എന്നുള്ള വിശങ്കാഭാരവും ആ ഗിരികൂടകായത്തെ ദുസ്സഹമർദ്ദനം ചെയ്തു. ഏതു ശത്രുശൂലാഗ്രത്തിലെ മാണ്ഡവ്യനാക്കപ്പെട്ടാലും അല്പദിവസത്തെ വിശ്രമംകൂടാതെ ഒരു ചുവടുപോലും മുന്നോട്ടു നീങ്ങുകയില്ലെന്നു ശഠിച്ച് അയാൾ ഗോകർണ്ണശിവലിംഗത്തിന്റെ അചലതയെ അവലംബിച്ചു. എങ്കിലും ദാഹശാന്തിക്കു സഹായിച്ച ഒരു വനനദിയും, അതിന്റെ അപരപ്രാന്തത്തിൽനിന്നു വടക്കുപടിഞ്ഞാറോട്ടു തിരിഞ്ഞ് ഒരു നാട്ടുവഴിയും കാണുകയാൽ ആശീർണ്ണഗോളം ആ മാർഗ്ഗം തുടർന്നു മന്ദഭ്രമണം തുടങ്ങി. ഏതാനും

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/310&oldid=168162" എന്ന താളിൽനിന്ന് ശേഖരിച്ചത്