Jump to content

താൾ:Ramarajabahadoor.djvu/309

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അതുകളുടെ പ്രാചീമേഖലമുതൽ സഹ്യപർവ്വതപാദംവരെ കിടന്നു സംവത്സരത്തിൽ പതിനായിരത്തോളം പറ നെല്ലു തന്റെ പത്തായങ്ങളിലെത്തിക്കുന്ന പണ്ടാരവക മലവാരങ്ങളെയും അദ്ദേഹം മറന്നു. ഗോവിന്ദനാമാവായ ഒരു സമീപഭവനക്കാരൻ കൊണ്ടുവന്ന എഴുത്തിനെ: "കുറുങ്ങോട്ടു കൃഷ്ണക്കുറുപ്പമ്മാവൻ ബോധിപ്പാൻ" (നോക്കെടീ! ബോധിപ്പാനെന്നാണ്, അല്ലാതെ കണ്ടെന്നും അറിവാനെന്നും മറ്റുമല്ല. ചെവി തുറന്നു കേൾക്ക്. പണ്ടാരവക വലിയ മുതൽപിടിക്കാര്യക്കാർ, കണ്ണിനു കാണാൻ കിട്ടുന്ന എഴുത്തച്ഛൻ, ആ നമ്മുടെ നാലിനുംകൊള്ളുന്ന തനതു നല്ലകുഞ്ഞ് എഴുതുന്നതാണ്). "-സാവിത്രി എങ്ങാണ്ടോ ചാടിക്കടന്നു പൊയ്ക്കളഞ്ഞു എന്നു കൊടന്ത പറഞ്ഞ്-" (ഈ മടന്ത തഴയ്ക്കുന്നെടം മുടിഞ്ഞു ങാഹാ! ഇങ്ങു വരട്ടവൻ, അപ്പൊളി പറഞ്ഞവന്റെ തലയിൽ കവളൻ മടലല്ലെങ്കിൽ ഇവൻ പെണ്ണുമല്ലാ, ആണുമല്ലാ). "-അറിഞ്ഞിരിക്കുന്നു. ഈ അപമാനം വിചാരിച്ച് ഉദ്യോഗങ്ങളെല്ലാം ഒഴിഞ്ഞു വല്ലടത്തും ഒതുങ്ങിക്കൊൾവാൻ തീർച്ചയാക്കിയിരിക്കുന്നു. ഇന്നുതന്നെ തിരുവനന്തപുരത്തേക്കു തിരിക്കുന്നു. വിശേഷിച്ച് ടിപ്പുസുൽത്താന്റെ പതിനൊന്നിന്, നമ്മുടേത് ഏഴ് അക്ഷൗഹിണിയിൽപ്പോലും എത്തുകയില്ലെന്ന് ഈ പാളയത്തിൽ പരക്കെ കിംവദന്തിയുണ്ട്. ഈ സ്ഥിതിയിൽ പൊന്നുതിരുമേനിയുടെ രക്ഷയിൽ വാഴുന്ന ഓരോ കരയും തൽക്കാലത്തേക്കു മറ്റു സകലതും ഉപേക്ഷിച്ച് അവിടവിടെയുള്ള ആകാവുന്നവർ ശേഖരപ്പെട്ട് ഉടനെ പുറപ്പെടേണ്ടതാണെന്ന് ഒരഭിപ്രായം തോന്നുന്നുണ്ട്-" (അയ്യമ്പാ1 മകളെപ്പോലെ വിദ്വാൻ അച്ഛനും ഭ്രാന്തുപിടിച്ചു.) "അതിനു നാം ആരംഭിച്ചാൽ പലരും നമ്മുടെ വഴി കണ്ട് അതുപോലെ പ്രവർത്തിക്കുമ്പോൾ ശത്രുസൈന്യം ഒന്നു കിടുങ്ങും. ഇങ്ങനെ ചെയ്തില്ലെങ്കിൽ നമ്മുടെ ക്ഷേത്രം, ഭവനം, കാവ്, കുളം എല്ലാം ബൗദ്ധൻ തൊട്ടുതൊടക്കി, തീവച്ചും തൂർത്തും മുടിക്കും. പട ചേർക്കുന്നതിലും മറ്റും എനിക്കത്ര പരിചയം ഇല്ലാത്തതിനാൽ ചുമതലയെല്ലാം അമ്മാവനെ ഏൽപ്പിക്കുന്നു..." (നീ എന്തോന്നാടീ ചന്തം നോക്കി നിൽക്കുന്നത്? കേട്ടില്ല്യോ? കുറുങ്ങോടൻ ചവുട്ടിത്തേക്കാനുള്ള ചാണോമല്ല.) "-അതുകൊണ്ട് തിരുവനന്തപുരത്തു ചെന്നു മുഖം കാണിച്ച് പുതിയ ആയുധങ്ങൾ വേണ്ടവയും വാങ്ങി, അവിടെ എത്തുമ്പോഴേക്ക് ഒരു നൂറിൽ കുറയാതെ പടയാളികളും വേണ്ടടത്തോളം കൂട്ടാളികളും ചേർത്തു തയ്യാറായിരിക്കണം. വേണ്ട പണം ചിലവിടുവാനും അമ്മാവനെ സഹായിപ്പാനും നന്ത്യത്തെ ചേട്ടനു പ്രത്യേകം ഒരെഴുത്തുംകൊടുത്ത് മാപ്പാട്ടെ കൃഷ്ണശ്ശാരെ ഇതു കൊണ്ടുവരുന്ന ഗോവിന്ദനോടൊന്നിച്ച് അയച്ചിരിക്കുന്നു. വസ്തുതയെല്ലാം തിരുമനസ്സറിയിച്ചിട്ടു വരുമ്പോൾ ഞാൻ ഇളിഭ്യനായിപ്പോകരുത്. അതിനാണ് അങ്ങോട്ടുതന്നെ ഏൽപ്പിക്കുന്നത്" (അങ്ങനെ! ആണുങ്ങക്കറിയാം ആളും തരവും. കെട്ടിനകത്തു കിടന്നു കുരയ്ക്കുന്ന കൊടിച്ചികളു മണം കണ്ടോ, ഗുണം കണ്ടോ?) ‌"-ശേഷം മുഖദാവിൽ. ശ്രീമഹാഗണേശന്റെ അനുഗ്രഹത്തിനായി ഒരു വലിയ നിവേദ്യം കഴിപ്പാൻ ഉടനെ ഏർപ്പാടുചെയ്ത്

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/309&oldid=168160" എന്ന താളിൽനിന്ന് ശേഖരിച്ചത്