താൾ:Ramarajabahadoor.djvu/308

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മൂർദ്ധാവിൽ താഡിച്ചും ചെന്നികളിൽ തിരുമ്മിയും ശുശ്രൂഷിച്ചു. കുറുങ്ങോടനായ പരിപന്ഥി യുവകമനോന്മേഷത്തോടെ ചാടി എഴുന്നേറ്റ്, ഉദയസഞ്ചാരത്തിലെ സഹകാരിയായുള്ള ദണ്ഡത്തെ കയ്യേന്തിനിന്നു. ഭാര്യ അക്കഥയിൽ സംബന്ധിക്കത്ത മൂന്നാമതൊരുവളെന്നു നടിച്ച് പുരുഷകാപട്യത്തെ അപഹസിച്ചു. അങ്ങനെ, ഉഭയകക്ഷികളും വിജയബോധത്താൽ തുഷ്ടമാനസരായിപ്പിരിഞ്ഞു. ഒരു പക്ഷത്തിൽ പരമായി സഹിക്കുന്ന കഷ്ടത സ്മരിച്ച് കുഞ്ഞിങ്ങേലിഅമ്മ അന്നത്തെ ആ കയ്യാങ്കളിയിലോട്ടു താനറിയാതെ ഇറങ്ങിപ്പോയതായിരുന്നു. സാവിത്രിയുടെ വിവാഹം, അതിന്റെ ദുരവസാനം, ആ കന്യകാഹരണം, അനന്തരാന്വേഷണശ്രമം- ഇവകളിൽ ഓരോ സംഭവവും കൃഷ്ണക്കുറുപ്പദ്ദേഹത്തിന്റെ ഇളകിയാട്ടങ്ങൾക്കു വഴിതുറന്നു. ഇതുകൊണ്ട് കുഞ്ഞിങ്ങേലിഅമ്മ ഊണുറക്കങ്ങൾ തെല്ലും കൂടാതെ എത്രയോ രാത്രികളെ പുലരിക്കേണ്ടിവന്നു. ഒടുവിൽ നടന്ന ഹരണക്കേസ്സിൽ പ്രാഡ്വിവാകത്വവും ലേഖനപടുത്വവും പ്രകടിപ്പിച്ച് സ്ഥലാധികാരി ആയ കാര്യക്കാരെപ്പോലും ധൂസരപ്രഭനാക്കിയ ഭർത്താവിന്റെ പ്രഭാകരത്വം, പത്തൊമ്പതാം മഹാപുരാണമായി ആ സാദ്ധ്വിയുടെ ഗൃഹണീഭാരത്തെ ദിഗ്ഗജവൃത്തിപോലെ നിരന്തമാക്കിത്തീർത്തു. "ആ സാവിത്രിക്കുട്ടിയെ കൊണ്ടുപോകാൻ കരുത്തനാര്? തള്ളേടെ മകള്, കഴക്കൂട്ടം വിത്ത്- അവളെ കണ്ടവൻ തൊടുമോ? കാര്യക്കാരും ചന്തിരവും തെക്കേക്കൂറ്റിലെ ആ പിത്തംതുള്ളി ചങ്കുക്കുറുപ്പും എക്കൂട്ടവും കാടടിച്ചു മലയരിച്ച് സ്ത്രിഭുവനം പൊടിച്ചു. ഗന്ധർവ്വൻ കൊണ്ടുപോയീന്ന് ആ തൊണ്ണാൻകണ്ണൻ പുതിയേടത്തെ വാരരാശാൻ, അയാളെന്തു കണ്ടു, ആരെന്തു കണ്ടു? കുറുങ്ങോടൻ അന്നു കുറിച്ച കുറിക്ക് അഴിവ് ഏതു കമലാസനത്തീന്ന്? എന്താടീ, നീ വായും പൊളിച്ച് ഇങ്ങു പോട്ടാട്ടേന്നിരിക്കുന്നത്? നിന്നെക്കൊണ്ടുപോവാൻ ഒരു എക്ഷസ്സും ഇങ്ങോട്ടു കാലു വയ്ക്കൂല്ല" എന്നുള്ള പ്രസംഗപ്രവാഹം, "ഓ! ഞാൻ വിചാരിക്കുന്നതു മറ്റൊന്നുമല്ലേ. നാളെ ഈ കട്ടിലിന്റടിയിൽ കേറി മെഴുകുന്നതെങ്ങിനേന്ന് ഓർക്കുകയാ." എന്ന് ലോകകാര്യഗ്രഹണത്തിൽ കുഞ്ഞിങ്ങേലിമ്മയ്ക്കുള്ള അനാസ്ഥയാൽ തടുക്കപ്പെട്ടു. മഹിഷഗർദഭാദി ജന്തുക്കളുടെ അഭിധാനങ്ങളും അതുകളുടെ പര്യായങ്ങളുംകൊണ്ടു ഭർത്താവാൽ അഭിഷിക്തയായ ഭാര്യ അല്പനേരത്തേക്ക് ഭാര്യമാർ ഭർത്തൃപ്രിയവാദിനികൾ ആയിരിക്കേണ്ട പ്രമാണത്തെ സ്മരിച്ചു. അന്നത്തെ സമരരംഗയവനിക ഈ ക്രിയയ്ക്കിടയിൽ താഴ്ന്നു.

കേശവൻഉണ്ണിത്താൻ പറവൂർനിന്നയച്ച ലേഖനം ആ യവനികയെ വീണ്ടും ഉയർത്തി, കൃഷ്ണക്കുറുപ്പിനെ കുറുങ്ങോട്ടു ഗൃഹത്തിലെ നാലാം മുറിയിലോട്ടിഴിയിച്ച്, ഇരുപത്തെട്ടു മുപ്പതാംവയസ്സിലെ കൈയും മെയ്യും കാലടവുകളും പ്രകടിപ്പിച്ച് ആ കരക്കളരി തകർക്കുന്ന ആദ്യവസാനവേഷത്തിൽ കാണുമാറാക്കി. അദ്ദേഹത്തിന്റെ സമ്പന്നിദാനങ്ങളായുള്ള മുപ്പതുപറ ഓരുകണ്ടത്തെയും, അതിഥികളെ ഫലകന്ദങ്ങൾകൊണ്ട് ഉദരപൂരണംചെയ്‌വാൻ സഹകരിക്കുന്ന പറമ്പുകളെയും

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/308&oldid=168159" എന്ന താളിൽനിന്ന് ശേഖരിച്ചത്