താൾ:Ramarajabahadoor.djvu/314

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അടുത്തദിവസം അയച്ച സാധനത്തിൽ ഗൗണ്ഡന്റെയും കൊടന്തയുടെയും വ്യാപാരങ്ങൾ ഒരു കുജമാന്ദീസംയോഗമായി പ്രസ്താവിക്കപ്പെട്ടു.

കേശവൻഉണ്ണിത്താൻ എത്തുമ്പോൾ ഗൗണ്ഡനെക്കുറിച്ചുള്ള സംശയങ്ങൾ നിവർത്തിക്കാമെന്നു വിചാരിച്ചിരുന്ന നന്ത്യത്തെ യജമാനനും കുറുങ്ങോട്ടു കുറുപ്പും അപാത്രദാനത്തിന്റെ നിഷിദ്ധതെയെ മറന്ന് അനുഷ്ഠിച്ചുപോയ പാമരത്വത്തെ, ജാതിസ്വഭാവം എന്നുള്ള ആത്മവഞ്ചനത്താൽ പൊതിഞ്ഞുകൊണ്ടു. നാസികാവൈരൂപ്യവും വാർദ്ധക്യജങ്ങളായ ഭേദങ്ങളും മിശ്രഭാഷാപ്രയോഗവും നീക്കിവെച്ച് ആകാരവും സ്വരവും നടയും ചേഷ്ടാവിധങ്ങളും നേത്രമണികളുടെ പിംഗളതയും കണക്കാക്കുമ്പോൾ ഗൗണ്ഡൻ ചിലമ്പനഴിയത്തുനിന്ന് ഒരു രാത്രി മറഞ്ഞ ചന്ത്രക്കാറൻതന്നെ എന്ന് നന്ത്യത്തുകരയിലെ വാർഷ്ണേയജീവലന്മാർ തീർച്ചയാക്കി. ആ കരസാരഥികൾ രണ്ടുപേരും ഗാഢാലോചന ചെയ്തതിൽ മനുഷ്യബന്ധവിഷയത്തിൽ 'താദൃശം തങ്ങളിൽ സ്നേഹം' എന്ന തത്ത്വത്തെ സ്മരിച്ച് ഉണ്ണിത്താനെ കാണാൻ നില്ക്കാത്ത നരമേധകന്റെ കഥാപാരായണശ്രവണങ്ങൾ അന്നനിദ്രാദിമേധകമെന്നു വിധിക്കയും ചെയ്തു.

ആ പ്രമത്തനോ - അയാളൂടെ അനന്തരയാത്ര ആരംഭിച്ചത് ഒരു കുബേരനാൽ നയിക്കപ്പെട്ട സേനയെക്കൊണ്ട് ടിപ്പുവായ ശ്മശാനസ്രഷ്ടാവിനെ ധനജനാർച്ചനം ചെയ്തു പ്രീണിപ്പിക്കാമെന്നുള്ള മോഹയാനത്തിൽ ആരൂഢനായിട്ടാണ്. അഞ്ചിതമായുള്ള ഈ ആകാശയാനം സ്വാമിഹിതവർത്തിയായി പാണ്ടയാൽ കുറിക്കപ്പെട്ട സങ്കേതം കണ്ടു താഴ്ന്നപ്പോൾ തന്റെ ദശകണ്ഠവിഭുത്വം പുകഞ്ഞുപോകുന്നു എന്നു ഗൗണ്ഡൻ ചഞ്ചലപ്പെട്ടു. ശ്രീമഹാബലിവനത്തെ വൈകുണ്ഠപ്രഭമാക്കിയിരുന്ന വ്യാപാരമണ്ഡപത്തിൽ സംഘടിച്ച സദസ്സിൽനിന്നു വിശുദ്ധവാദിയായിപ്പിരിഞ്ഞ പെരിഞ്ചക്കോടൻ പെരിയനമ്പിക്കുടയും ഏന്തി, കണ്ട ഭാവം മാത്രം നടിച്ചു സോപാനാരോഹണം ചെയ്തതു ശുഭശകുനമല്ലെന്നു നമ്മുടെ അധ്വക്ഷീണർ ദർശിച്ചു. എന്നാൽ ബലിഷ്ഠപരിപന്ഥിത്വം ആ കായകൂടത്തെ രൂക്ഷഘർഷണം ചെയ്ത് അന്തർഭാഗങ്ങളെയും വടുക്കെട്ടിച്ചിട്ടുണ്ടായിരുന്നതിനാൽ ഗൗണ്ഡൻ കർമ്മദ്രുമത്തിലെ അനന്തരപ്രരോഹങ്ങളെ പ്രതീക്ഷിച്ച് അടങ്ങിക്കൊണ്ടു.

ഗുരുദശാനന്തരമായുള്ള ശനിപ്രപീഡനത്തിലെ രുധിരപ്രചാരാവസ്ഥയിൽ മാങ്കാവുഭവനം യുവസുമംഗലീയോഗ്യങ്ങളായ ഭൂഷണങ്ങളും പട്ടാംബരങ്ങളും അസ്ഥാനത്തിൽ അണിഞ്ഞുള്ള ഒരു വൃദ്ധവിധവയുടെ വസതിയെന്ന ആദരണീയത മാത്രം അവകാശപ്പെടുന്നു. കനകരത്നങ്ങളുടെ പ്രഭാപൂരങ്ങളോടു സന്തതബന്ധുവായി പരിചയമുള്ള ഗൗണ്ഡന്റെ വൈഡൂര്യനേത്രങ്ങളെ ആ വിപുലഭവനത്തിന്റെ പ്രാചീനത ഒരു വിലക്ഷണദർശനമായി പീഡിപ്പിച്ചു. ജീർണ്ണഭാഗങ്ങളോടു തരുശാഖകൾ സംഘടിപ്പിച്ചു തല്ക്കാലാവശ്യങ്ങൾക്കു പര്യാപ്തങ്ങളാക്കി ബഹുകൂടങ്ങളുടെ

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/314&oldid=168166" എന്ന താളിൽനിന്ന് ശേഖരിച്ചത്