Jump to content

താൾ:Ramarajabahadoor.djvu/302

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

ശത്രുവിന്റെ പടനിലമായി, ചുറ്റുമുള്ള കുന്നുകളിൽ പീരങ്കികൾ ഉറച്ചുപോയാൽ, അങ്ങോട്ടടുക്കുകയും എതിർക്കുകയും ചെയ്യുന്ന കാര്യം പിന്നെ ആലോചിക്കേണ്ടെന്നും അവൻ ജപിച്ചുകൊണ്ടു നടക്കുന്നു. ഈ കാര്യവും ശ്രദ്ധിക്കണം..."

ഇങ്ങനെയും മറ്റും എഴുതിവന്നിട്ടുള്ള കല്പനയുടെ ആന്തരോദ്ദേശ്യത്തെ സ്മരിച്ചും ആഗതനായ ദൂതന്റെ സ്ഥാനവലിപ്പത്തെ ആദരിച്ചും സംഭാഷണം സന്ധി ആഗ്രഹിക്കുന്ന കക്ഷിതന്നെ ആരംഭിക്കട്ടെ എന്നു വിട്ടിട്ട് ദിവാൻജി മിണ്ടാതിരുന്നു. സങ്കടക്കാരന്റെ നിലയിൽ താൻതന്നെ സംഭാഷണം തുടങ്ങേണ്ടതായിരിക്കുന്നതിനെക്കുറിച്ചും അജിതസിംഹൻ ലജ്ജിച്ചു. ദിവാൻജിയുടെ ഉദ്യോഗവസതിയിൽവെച്ച് അദ്ദേഹം പ്രകടിപ്പിച്ച ഔദാര്യവും ഇന്നു കാണുന്നില്ല. ദൗത്യംതന്നെ അവജ്ഞാപാത്രമാക്കുന്നു. ആകട്ടെ. ഈ ഡംബുകഡിംഭൻ ഒന്നുകിൽ ടിപ്പുവിന്റെ കൗശലവലയിൽ കുടുങ്ങും; അല്ലെങ്കിൽ സമരഭൂമിയിൽ തന്റെ കഠാരരുചി ആസ്വദിച്ചു നാമാവശേഷനാകും. ഇങ്ങനെ സമാധാനപ്പെട്ടുകൊണ്ട് അദ്ദേഹംതന്നെ ഹിന്ദുസ്ഥാനിയിൽ പ്രക്രമകുശലങ്ങൾ ആരംഭിച്ചു: "കുലശേഖപ്പെരുമാൾ തിരുമേനി സുഖമായിരിക്കുന്നില്ലേ?"

ദിവാൻജി: "ശ്രീപത്മനാഭന്റെ കൃപയാൽ അവിടുത്തെ രാജർഷിത്വം ഇതിലൊന്നിലും കുലുങ്ങാതെയും കലങ്ങാതെയും ധർമ്മം പരിപാലിച്ചരുളുന്നു."

അജിതസിംഹൻ: "അവനോൻതന്നെ ധർമ്മം ഏകത്തെ ഭരണദണ്ഡമാക്കി വാഴുമ്പോൾ രാജ്യം സ്വർഗ്ഗമായിക്കഴിയും."

ദിവാൻജി: (മഹാരാജാവിനെ തന്റെ ഗുണദോഷങ്ങൾ വഴിതെറ്റിച്ച് രാജ്യത്തിന്റെ സ്വർഗ്ഗാവസ്ഥ നഷ്ടമാകുന്നു എന്നുള്ള സൂചന സ്വരത്താൽ വ്യക്തമാക്കപ്പെട്ടതിനാൽ) "രാജാക്കന്മാർക്ക് ഈശ്വരകല ഉണ്ടെന്നാണ് സങ്കല്പം. അതു സൽകുലീനത്വത്തെ അനുഗ്രഹിക്കും. ആ കലാപ്രാഭവം രക്ഷിക്കുന്ന രാജ്യം സ്വർഗ്ഗംതന്നെ."

അജിതസിംഹൻ: "അതിനാൽ ഈ സന്ധിവാദംകൊണ്ട് മറ്റൊരു കിരീടശക്തികൂടി രാജ്യത്തിൽ പ്രവേശിക്കേണ്ടെന്നാണോ സൂചിപ്പിക്കുന്നത്?"

ദിവാൻജി: "ഈ അല്പപ്രജ്ഞന്റെ വാക്കുകളിൽനിന്നു വ്യക്തമാകുന്നതുപോലെ വ്യാഖ്യാനിച്ചുകൊള്ളുക."

അജിതസിംഹൻ: "മനസ്സിലായി. കിട്ടേണ്ട ബദൽ കിട്ടിക്കഴിഞ്ഞു. അതുകൊണ്ടു യാത്രയായിക്കൊള്ളാം. എങ്കിലും രാജനിയോഗത്തെ അനാദരിച്ചുകൂടല്ലോ. പ്രേക്ഷകന്റെ നിദേശത്തെ പദാനുപദമായി ധരിപ്പിക്കേണ്ടതു ദൂതധർമ്മം. സുൽത്താൻ ബഹദൂർതിരുമനസ്സിലെ ചിത്തപ്രകാശം അവിടുത്തെകൊണ്ട് അരുളിച്ചെയ്യിച്ചതു കേൾക്കുക. ഇങ്ങോട്ടണയുന്ന സൈന്യവും ആയുധസജ്ജയും നിങ്ങൾക്ക് എതിർക്കാൻ കഴിയുന്നതല്ല. രാജ്യം പൊടിഞ്ഞുപോകും. ജനങ്ങൾ ഭസ്മമാകും. അവിടുത്തെ കല്പനയ്ക്കമരാഞ്ഞാൽ, കൃപാചാമരം അല്ല, കൃപാണചാമരം രാജ്യത്തെ തിലസമാനം ശിഥിലമാക്കും."

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/302&oldid=168153" എന്ന താളിൽനിന്ന് ശേഖരിച്ചത്