താൾ:Ramarajabahadoor.djvu/301

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ത്തിന്റെ ഉത്തരഭാഗം താഴ്വരകൾ ജലത്താലും ഗിരിഭാഗങ്ങൾ ഘോരവനങ്ങളാലും ദുഷ്കരമാണെന്നുള്ള വസ്തുതയെയും ധരിപ്പിച്ചിട്ടും സുൽത്താൻ കാളിപ്രഭാവഭട്ടനാൽ സമർപ്പിതമായ കഥകളെയും ഉപദേശങ്ങളെയും തന്നെ ആധാരമാക്കി. പോരെങ്കിൽ ചാരന്മാരെല്ലാം പ്രഭുഹിതപ്രവാദികളായി, ചാരപ്രധാനനായ ഗൗണ്ഡന്റെ ബോധനങ്ങളെ താങ്ങി വ്യാജകഥകൾകൊണ്ട് ടിപ്പുസുൽത്താനെ സമ്മോഹിപ്പിച്ചു. സ്വായത്തസിദ്ധികളായ നൃപന്മാർ സ്വേച്ഛാപ്രഭുത്വത്തെ അംഗീകരിക്കുമ്പോൾ ഹിതോപദേശികൾ, ധർമ്മവാദികൾ, ശ്രേയഃകാംക്ഷികൾ, പാദാവലംബികൾ എന്നിവർ തങ്ങളുടെ നിലകളെ പരിരക്ഷിക്കണമെങ്കിൽ, സ്തുതിപാഠകത്വം അനുവർത്തിക്കയല്ലാതെ ഗത്യന്തരമില്ലല്ലോ. ഈ അവസ്ഥകളിൽ ശൃഖലിതനായ അജിതസിംഹൻ തന്നിൽ നിക്ഷിപ്തമായ ദൗത്യത്തെ മാരീചനെപ്പോലെ അംഗീകരിച്ചു. ദീർഘകാലം വേഷംകെട്ടി നടക്കുന്നവരുടെ സാക്ഷാൽ പ്രകൃതങ്ങൾ ക്ഷയിച്ചുപോകുന്നതുപോലെ രംഗപ്രവേശനത്തിലെ ഘർഷണത്തിൽ അജിതസിംഹന്റെ സിംഹത്വാംശം പ്രകാശിച്ചു. ശത്രുപക്ഷത്തിന്റെ പ്രാബല്യവും അനാദരപ്രകടനങ്ങളും സിംഹത്വത്തോടു ചേർന്നുള്ള ഗാംഭീര്യത്തെ തീക്ഷ്ണമാക്കുകയും ചെയ്തു.

മഹാരാജാവ് ധരിപ്പാനായി മുൻപ്രസ്താവിച്ചപ്രകാരം ദിവാൻജി എഴുതി അയച്ചതിന് തിരുമുമ്പിൽനിന്നു കിട്ടിയ മറുപടിയിൽ ഇങ്ങനെ കല്പിച്ചിരുന്നു: "...ഇഷ്ടംപോലെല്ലാം ചെയ്തുകൊള്ളണം, ഇവിടെ അന്തർഗ്ഗതമെന്തെന്നു നിനക്കറിയാം. ഇവിടത്തെ പ്രതാപം വർദ്ധിപ്പിക്കണമെന്നോ ശാശ്വതമാക്കണമെന്നോ ആഗ്രഹമില്ല. രാജ്യം ഇങ്ങോട്ടു കിട്ടിയനിലയിൽനിന്ന് അല്പംകൂടി ഐശ്വര്യത്തോടെ അനന്തരവർക്കു പോകണമെന്നേ താത്പര്യമുള്ളു. അന്നമനടയും മാവേലിക്കരയുംവച്ചു ഇവിടത്തെ നിശ്ചയങ്ങൾ പറഞ്ഞുകഴിഞ്ഞു. എന്നാലും ശത്രുസൈന്യം വലുതും ഭയങ്കരവും എന്നു കേൾക്കുന്നതുകൊണ്ടും അസുരസൈന്യം എല്ലായ്പോഴും ദേവസൈന്യത്തെ ജയിച്ചു എന്നു കാണുന്നതുകൊണ്ടും ശത്രുസൈന്യത്തിന്റെ ബലസാമഗ്രികളെക്കുറിച്ചു നീ അപ്പഴപ്പോൾ എഴുതിധരിപ്പിച്ചിട്ടുള്ളതിനെ വിചാരിച്ചും നിന്റെ കുഞ്ചൈക്കുട്ടി ഒരുകൈ നോക്കാതെ വിട്ടാൽ കേൾവിദോഷം നമ്മുടെ സ്ഥാനത്തിനും പേരിനും സംസ്ഥാനത്തിനും എന്നന്നേക്കും നേരിടുമെന്നു ഗുണദോഷിക്കുന്നതിനാലും ഈകാര്യത്തിൽ തീർച്ചയ്ക്കുള്ള അധികാരം നിനക്കുതന്നെ വിട്ടുതന്നിരിക്കുന്നു. ശ്രീപത്മനാഭൻ സർവ്വത്തിനും വഴികാട്ടി രക്ഷിക്കട്ടെ."

"വിശേഷിച്ചും കേശവൻഉണ്ണിത്താൻ കുറച്ച് ആളും ചേർത്തു പടയോടു ചേരാൻ പോന്നിട്ടുണ്ട്. എന്തു കൗശലമെങ്കിലും പ്രയോഗിച്ച് അവനെ പടയിൽ ചാടാതെയും ദുരന്തത്തിനു സംഗതിവരാതെയും സൂക്ഷിച്ചുകൊള്ളണം. മാങ്കാവിൽ മേനവന്മാരുടെ ഗൃഹത്തെ സൂക്ഷിച്ചുകൊള്ളേണ്ട കാര്യത്തെക്കുറിച്ച് കുഞ്ചൈക്കുട്ടി നിനക്ക് എഴുതി അയച്ചിട്ടുണ്ടല്ലോ. ആ ഭവനപ്പേര് എങ്ങാണ്ടോവെച്ചു കേട്ടു എന്നും ആ സ്ഥലം

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/301&oldid=168152" എന്ന താളിൽനിന്ന് ശേഖരിച്ചത്