താൾ:Ramarajabahadoor.djvu/300

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇതിന് മുമ്പ് ടിപ്പുസുൽത്താന്റെ സ്ഥാനപതികൾ സന്ദർശിച്ചിട്ടുള്ളത് രാമവർമ്മമഹാരാജാവിനെത്തന്നെ ആയിരുന്നു. ഇംഗ്ലീഷ് കമ്പനിയാരുടെ ബന്ധുത്വത്തെ ഉപേക്ഷിക്കുകയോ യൂറോപ്യൻ വ്യാപാരികളോടു വാങ്ങിയിട്ടുള്ള കോട്ടകളെ കൊച്ചിസംസ്ഥാനത്തിന്റെ അംശങ്ങളായി സമ്മതിച്ചു വിട്ടുകൊടുക്കുകയോ ആ സംസ്ഥാനത്തെപ്പോലെ "പെഷ്കഷ്" കൊടുത്തു വാണുകൊള്ളുകയോ ചെയ്‌വാൻ ടിപ്പുസുൽത്താനോട് ഉടമ്പെടുന്നതിന് മഹാരാജാവിന്റെ കുലമഹിമയും ആത്മാഭിമാനവും മന്ത്രിജനങ്ങളുടെ ഉപദേശവും സമ്മതിച്ചില്ല. എന്നാൽ പാദുഷായുടെ സ്ഥാനത്തിൽ ഏകച്ഛത്രാധിപത്യം സ്ഥാപിപ്പാൻ ഉദ്യമിക്കുന്ന തന്റെ മഹാപദവിയിൽനിന്നു നിയുക്തനാകുന്ന ഒരു സാമന്തരാജാവു മുഖേന തന്റെ തിരുവുള്ളവും പരമാധികാരങ്ങളും സമ്പന്നിചയവും പാരിതോഷികങ്ങളായി വാഗ്ദാനം ചെയ്യപ്പെടുമ്പോൾ, ദാരിദ്ര്യദുഃഖം അനുഭവിച്ച് അല്പദാസനായി സേവിച്ച് ഉന്നതപദവിയിൽ പ്രവേശിച്ചിരിക്കുന്ന ഒരു മന്ത്രി സ്വാമിദ്രോഹത്തിനും സന്നദ്ധനായേക്കുമെന്ന് ഹൈദർ നായിക്കനായ ശൈലൂകന്റെ സന്താനം പ്രമാദിച്ചുപോയി. സന്ധി സംബന്ധിച്ചുള്ള സംഭാഷണങ്ങൾ ടിപ്പുവിന്റെ ഇച്ഛാനുസാരം കലാശിക്കുന്നു എങ്കിൽ, ഉടനെ ഉടമ്പടികൾ എഴുതി രാമരാജാബഹദൂറിനെക്കൊണ്ടു തുല്യംചാർത്തിച്ചു വാങ്ങുവാൻ അജിതസിംഹൻ തിരുവതാംകൂറിൽ താമസിക്കേണ്ടതാണന്നും ദിവാൻജി തന്റെ പ്രലോഭനങ്ങൾക്കു വശംവദനാകാഞ്ഞാൽ സേനയുടെയും ജനങ്ങളുടെയും വീര്യോത്സാഹങ്ങളെ ഭഞ്ജിക്കുന്നതിനായി അദ്ദേഹത്തെ ചൊക്രാഡൂണ്ഡിയാ നിഗ്രഹിക്കേണ്ടതാണെന്നും വിശ്വാസലംഘനമായുള്ള ആ കൊലപാതകം അജിതസിംഹന് ആപത്തുണ്ടാക്കുകയോ തന്റെ സന്ധ്യപേക്ഷ ഒരു കുടിലകൗശലമാണെന്നു സംശയിക്കപ്പെടുകയോ ചെയ്യാതിരിപ്പാൻ ഘാതകസംഹാരത്തെ അജിതസിംഹകരങ്ങൾ തൽക്ഷണം സാധിക്കേണ്ടതാണെന്നും, തനിക്കും രാജ്യത്തിനുംവേണ്ടി ചൊക്രാഡൂണ്ഡിയാ അങ്ങനെയുള്ള ആത്മബലിക്കു വഴങ്ങിക്കൊള്ളേണ്ടതാണന്നും സുൽത്താൻ ആജ്ഞാപിച്ചിരുന്നു. ഏതദ്വിതമായ മൃതി അടയുന്നതു സങ്കടമാണെന്നു ഭഗവതീക്ഷേത്രത്തിലെ പ്രദക്ഷിണവളപ്പിൽവച്ച് ഡൂണ്ഡിയാ സങ്കടം പറഞ്ഞത‌് സുൽത്താന്റെ കല്പനയെ ഒരു രേഖാമാത്രത്തോളമെങ്കിലും ഭേദപ്പെടുത്തിയില്ല.

ഈ ദൗത്യവും അനന്തരകരണീയമായി ഉപദേശിക്കപ്പെട്ട നിഗ്രഹങ്ങളും ഗണപതിസ്തവാരംഭം മുതൽ മംഗളവാചകാവസാനംവരെ അജിതസിംഹരാജാവിന്റെ അന്തർഘടനയ്ക്കും വീര്യത്തിനും ധർമ്മബോധത്തിനും വിരുദ്ധമായിരുന്നു. മൈസൂരോടു തൊട്ടുകിടക്കുന്ന സ്വരാജ്യത്തിലെ 'കുടിപൊറുതി' മാത്രം പ്രമാണിച്ച് അദ്ദേഹം ഒരു വ്യാജബബ്‌ലേശ്വരനെ തിരുവനന്തപുരത്തു പ്രവേശിപ്പിച്ചുകൊണ്ടു ചാരനിലയിൽ വർത്തിച്ചു മഹാരാജാവിന്റെയും മന്ത്രിയുടെയും ഗുണവിശേഷങ്ങളെയും പ്രജകളുടെ രാജഭക്തിയെയും ദർശിച്ചിട്ട് ആ പരമാർത്ഥങ്ങളെയും രാജ്യ

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/300&oldid=168151" എന്ന താളിൽനിന്ന് ശേഖരിച്ചത്