താൾ:Ramarajabahadoor.djvu/299

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കരൂപ്പടനയിൽ താമസിച്ച് ഭക്ഷണാദികൾ കഴിച്ച് അങ്കിചാർത്തി പള്ളിഓടത്തിലെ സൂര്യപടക്കോസടിയിൽ സുസ്ഥിതനായപ്പോൾമുതൽ, പരമാർത്ഥ ബബ്‌ലേശ്വരൻ, ആത്മവഞ്ചനമായ ഒരു നീചകർമ്മത്തെ താൻ അനുഷ്ഠിക്കുന്നല്ലോ എന്ന് ഖേദിച്ചു. എങ്കിലും അദ്ദേഹം തരണംചെയ്ത കായലിന്റെ വിശാലതയും പ്രാന്തപ്രദേശങ്ങളായ ഐശ്വര്യപ്രസാദങ്ങളും ദൂരത്തു കണ്ട കോട്ടയിലെ പീരങ്കിമുഖങ്ങളും ബഹുവിധവഞ്ചികളുടെ നിർഭയസമ്മേളനങ്ങളും അതുകളിൽ അമർന്നുള്ള ആഹവസന്നദ്ധന്മാരുടെ മുഖപ്രശാന്തതയും എതിരേല്പിനായി അണിനിരത്തീട്ടുള്ള സേനാപംക്തിയുടെ നിലയിൽ പ്രത്യക്ഷമായ അനായാസതയും അതിനിബിഡമായുള്ള ജനാവലിയുടെ നിസ്സംരംഭതയും ആ സ്ഥലജലവിസ്തൃതികൾ ഒരു നിയാമകശക്തിക്കു വഴങ്ങുന്ന ഗൗരവഭാവവും ചേർന്നുള്ള അവസ്ഥ തന്നാൽ അംഗീകരിക്കപ്പെട്ട ദൗത്യം സമരസ്മൃതികളാൽ അനുവദിക്കപ്പെട്ടതെന്ന് അദ്ദേഹത്തെ സമാശ്വസിച്ചിച്ചു. തല്ക്കാലാവശ്യത്തിനു നിർമ്മിക്കപ്പെട്ട ബന്ദറിൽ അടുത്തപ്പോൾ, തന്നെ എതിരേല്ക്കുന്നത് ഒരു സർവാധികാര്യക്കാരും സേനാനായകന്മാരും മാത്രമാണെന്നു കണ്ട് അജിതസിംഹകണ്ഠം ഒന്നുയർന്നു. ബഹുവിധായുധങ്ങൾ ധരിച്ചു സാക്ഷിസ്ഥാനം വഹിച്ചുപോന്നിട്ടുള്ള ചൊക്രാഡൂണ്ഡിയാ പിടഞ്ഞും കുടഞ്ഞും സ്വനാഥന്റെ അഭിമാനകരണ്ഡമായി എത്തി. ബബ്‌ലേശ്വരൻ അംഗുലീദ്വന്ദ്വത്തെ ഉഷ്ണീഷത്തോടു ചേർത്തു സേനോപചാരത്തെ അഭിനന്ദനം ചെയ്തു, വിജനസ്ഥലമെന്നുള്ള നാട്യത്തിൽ മുന്നോട്ടുനടകൊണ്ടു. ആപാദമസ്തകം പ്രചുരമായ രത്നങ്ങൾ സംഘടിച്ചുള്ള വേഷോപകരണങ്ങളാൽ പ്രജ്വലിക്കുന്ന സ്ഥാനപതിയെ ബഹുമാനിപ്പാൻ ദിവാൻജിയുടെ പട്ടുകുട ഉയർന്നപ്പോൾ, മൈസൂർ സാമ്രാജ്യസ്വമായുള്ള ഒരൂ നീരാളഛത്രം വിടുർന്ന് ആ സംസ്ഥാനപ്രതിനിധിയെ സൂര്യകരനിപാതത്തിൽനിന്നു രക്ഷിച്ചു. ബഹുവാദ്യങ്ങളുടെ ഘോഷവും ഏതാനും കതിനാവുകളുടെ മേഘധ്വനികളും മുഴങ്ങി. രാജദൂതൻ അഥവാ ദൂതരാജൻ സൽക്കാരകന്മാരാൽ പിന്തുടരപ്പെട്ട് പ്രധാന ശാലയിലോട്ടു നീങ്ങി ദ്വാരപ്രദേശത്ത് എത്തിയപ്പോൾ, സർവ്വാധികാര്യക്കാർ എതിരേറ്റ് ദിവാൻജി നില്ക്കുന്ന ശാലയിലോട്ടു പ്രവേശിപ്പിച്ചു. അജിതസിംഹരാജാവിന്റെ കണ്ണുകൾ ടിപ്പു രാജസന്നിധാനത്തിന്റെ മഹിമാഗൗരവത്തെ പ്രജ്വലിപ്പിച്ചു രൂക്ഷങ്ങളായി. എങ്കിലും കൃപാദരഭാവങ്ങൾക്കു ലോപംവരുത്താതെ ദിവാൻജിയുടെ ഹസ്തങ്ങളെ ഗ്രഹിച്ചുകൊണ്ട് പര്യങ്കത്തിലോട്ടു നീങ്ങി, സൽക്കാരകനെ ഇരുത്തീട്ടു, താനും ഇരുന്നു. ചൊക്രാഡൂണ്ഡിയാ അംഗരക്ഷകസ്ഥാനത്ത് അജിതസിംഹന്റെ സമീപത്തു നില്ക്കാതെ, ദിവാൻജിയുടെ പാർശ്വത്തിലോട്ടുനീങ്ങി നിലകൊണ്ടു. അജിതസിഹന്റെ വീക്ഷണങ്ങൾ ക്യാപ്റ്റൻ ഫ്ലോറിയുടെ നേർക്ക് അഗ്നിസ്ഫുലിംഗങ്ങളെ വർഷിക്കുകയാൽ ആ മതിമാൻ രംഗംവിട്ടു പോകാൻ ഒരുങ്ങി. ദിവാൻജിയുടെ നേത്രങ്ങൾ ആ സായുവിന് നിശ്ചയിച്ചിരുന്ന പീഠത്തിന്മേൽ പതിയുകയാൽ, അദ്ദേഹം ആ ആജ്ഞാനുസാരം അതിന്മേൽ ആസനസ്ഥനായി.

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/299&oldid=168148" എന്ന താളിൽനിന്ന് ശേഖരിച്ചത്