Jump to content

താൾ:Ramarajabahadoor.djvu/303

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദിവാൻജി: "ജരാസന്ധൻ ഇങ്ങിനെ ചിലതു ഘോഷിച്ചുകൊണ്ടുതന്നെ മഥുരയെ വളഞ്ഞു."

അജിതസിംഹൻ: "ശ്രീകൃഷണന്റെ ചെറുപ്പമല്ലല്ലോ വർത്തമാനകഥ. ഹൈദർമഹാരാജാവിലും വൃദ്ധനായിരിക്കുന്ന മഹാരാജാവിനെ പുത്രനിർവിശേഷമായ ആദരത്തോടെ സുൽത്താൻ ബഹദൂർ ധരിപ്പിക്കുന്ന ഉപദേശം കേൾക്കുക ശുഭമല്ലേ? ദശരഥകഥ ചിന്തിക്കുക. എത്ര എത്ര രാജാക്കന്മാർ തങ്ങളുടെ അനുജന്മാർ, പുത്രന്മാർ എന്നിവരെ രാജ്യം ഏൽപ്പിച്ചിട്ടു വാനപ്രസ്ഥരായി?"

ദിവാൻജി: "അങ്ങനെ കല്പിച്ചൊരുങ്ങുന്നെങ്കിൽ രാജ്യഭാരം ഏൽപ്പിപ്പാൻ ഒരു കൊച്ചുതമ്പുരാൻ തിരുമനസ്സുകൊണ്ടുണ്ട്."

അജിതസിംഹൻ: "രാജ്യം താങ്ങാൻ ഊക്കുള്ള വക്ഷസ്സല്ലേ വേണ്ടത്?"

ദിവാൻജി: "അകത്തെന്തോ ചിലതും വേണമെന്നാണു കേട്ടിട്ടുള്ളത്. നഞ്ചും നഖവും ദംഷ്ട്രങ്ങളും രക്ഷായുധങ്ങളല്ല."

അജിതസിംഹൻ: (അല്പംകൂടി രുഷ്ടനായി) "ഇതാണല്ലേ ഇവിടത്തെ ഭക്തി! രാജകുടുംബം ധ്വംസിക്കപ്പെടട്ടെ എന്നു കരുതുന്ന സചിവൻ"

ദിവാൻജി: "-പുറത്ത്. അതു നല്ലവണ്ണം അറിഞ്ഞുതന്നെ സേവിക്കുന്നത്."

അജിതസിംഹൻ: "ഒരു മദകരിയുടെ ഒരൊറ്റമിതി ഏൽപ്പാൻ നിങ്ങടെ സൈന്യത്തിനു കെൽപ്പുണ്ടോ?"

ദിവാൻജി: "അതു പരീക്ഷിച്ചറിവാൻതന്നെ ഈ വട്ടമെല്ലാം കൂട്ടീരിക്കുന്നത്."

അജിതസിംഹൻ: "ടിപ്പുസുൽത്താൻ രാജസിംഹം. അവിടുത്തെ കുതിരയെ നിങ്ങളുടെ ക്ഷേത്രക്കൊടിമരത്തിൽ തളയ്ക്കാതെ അടങ്ങുകയില്ലെന്നു പ്രതിജ്ഞചെയ്തുപോയി."

ദിവാൻജി: "കെട്ടുന്നത് ശ്രീരംഗപട്ടണത്തിലെ ഒരു രാജമണ്ഡപത്തൂണിലും കുതിര എന്റേതും ആയേക്കാം. ഇതാ മനോരാജ്യം ആർക്കും വാഴാവുന്ന മണ്ഡലമാണ്. അതുപോലെതന്നെ വീരവാദം ഏതു ജളനും പ്രയോഗിക്കാവുന്ന ആയുധവുമാണ്. ഇവറ്റയ്ക്ക് ഒരു പട്ടാഭിഷേകവും കിരീടംധരിപ്പും വേണ്ട."

അജിതസിംഹൻ: "ഇംഗ്ലീഷ്‌കമ്പനിയാരുടെ ചുമടു ചുമന്നെത്താൻ ചിലർ അച്ചാരംവാങ്ങീട്ടുണ്ടെന്നു കേട്ടു. അതു പോട്ടെ. അവരുടെയും ആർക്കാട്ടെയും ബന്ധുത്വം ആകാമെങ്കിൽ മൈസൂരിനുള്ള ആഭിജാത്യക്കുറവെന്താണോ! വിപുലബുദ്ധിയായി, നിർദ്ദാക്ഷിണ്യവാനായി ആലോചിക്കുക."

ദിവാൻജി: "ഒരു ഹരിയെ നാം പൂജിക്കുന്നു. മറ്റൊരു ഹരിയെ കൊല്ലുന്നു. ഒരു കൈകൊണ്ട് ഉണ്ണുന്നു - എന്താ, സ്പഷ്ടമാക്കണമോ?"

അജിതസിംഹൻ: "വേണ്ടാ. രണ്ടാം ഹരിത്വം സമ്മതിച്ചു. അവൻ പെടുത്തുന്ന ജനനഷ്ടം, അവരിലൊരാളായ അങ്ങ് കണക്കാക്കുന്നി

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/303&oldid=168154" എന്ന താളിൽനിന്ന് ശേഖരിച്ചത്