താൾ:Ramarajabahadoor.djvu/291

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


ക്കോട്ട് പാഞ്ഞു. അല്പദൂരം ചെന്നപ്പോൾ അശ്വത്തെ നിറുത്തേണ്ടിവന്നതിനാൽ കടിഞ്ഞാണിന്റെ നിയന്ത്രണത്താൽ ഒരു അർദ്ധവൃത്തലേഖനം കഴിച്ച് അതിനെ തെക്കോട്ടു തിരിച്ചു നിലകൊള്ളിച്ചു. ഭഗ്നാശനായ പാണ്ട, തന്നെ ആ സാഹസത്തിന് ഉദ്യോഗിപ്പിച്ച പ്രേരകത്തെ സ്മരിച്ചുള്ള അതിലജ്ജയോടെ ഒരു ഘോരാട്ടഹാസം ചെയ്തുകൊണ്ട് ഇതിനിടയിൽ തിരിഞ്ഞു, തന്റെ അരയിൽ തിരുകിയിരുന്ന കൈത്തോക്കു കൈയിലെടുത്ത് ആകാശവീഥിയെ തരണംചെയ്ത് അശ്വത്തെ ലക്ഷ്യമാക്കി കാഞ്ചി വലിച്ചു. പാറക്കെട്ടുകളും നീരാഴിയും വനതടങ്ങളും അശ്വമേധോദ്ദിഷ്ടമായ ആ മേഘാരവത്തെ പ്രതിദ്ധ്വനിപ്പിച്ചു. അശ്വപാദങ്ങളിൽ ഒന്നു നിരുപയോഗമായി. ബന്ധുജനരക്തത്തിന്റെ പ്രവാഹം കണ്ടു വിഗതബോധന്മാരായ ഭൂതഗണത്തിൽ ചിലർ പിൻഭാഗത്തെ പാന്ഥന്മാരെ വളയുകയും മറ്റുള്ളവർ അസ്ത്രവേഗത്തിൽ കുതിരയെ കടിഞ്ഞാണമർത്തി നിറുത്തിയിരിക്കുന്ന അഹങ്കാരിയുടെനേർക്കു പായുകയും ചെയ്തു. ക്ഷതപാദമായ അശ്വത്തിൽനിന്ന് ത്രിവിക്രമൻ താഴത്തിറങ്ങുന്നതു കണ്ടപ്പോൾ, പാണ്ട ത്രൈലോക്യനാഥത്വം കിട്ടിയതുപോലുള്ള സന്തോഷോന്മേഷത്തോടെ ആ യുവാവിന്റെ നേർക്ക് ഒരു വിജയതാണ്ഡവത്തോടണഞ്ഞു. ഹാ! ആ വനപൈശാചത്വത്തിന്റെ മൂർത്തീകരണം പൊടുന്നനെ തില്ലനൃത്തം തുടങ്ങി വട്ടംതിരിഞ്ഞു സംഭ്രാന്തമാകുന്നു.

മാർഗ്ഗത്തിന്റെ താഴ്‌വരയിലുള്ള തരുവിസ്തൃതിക്കിടയിൽനിന്ന് മുക്തശൃംഖലങ്ങളായ ഒരു സംഘം വേട്ടനായ്ക്കൾ വക്ത്രങ്ങൾ പിളർന്നു രക്തവർണ്ണങ്ങളായ ജിഹ്വകളെ ലംബങ്ങളാക്കിയും അതിശുഭ്രങ്ങളായി കൂർത്തുമൂർത്തുനീണ്ടുള്ള ദന്തങ്ങളെ പുറത്തുകാട്ടിയും കിതച്ചും കുരച്ചും കലാപരംഗത്തിൽ പ്രവേശിച്ച് വ്യാഘ്രങ്ങൾപോലെ തസ്കരഖലന്മാരുടെ പാദങ്ങൾ, തുടകൾ, കഴുത്തുകൾ എന്നിതുകൾ നോക്കി കുതിച്ചും കടിയിട്ടു മാംസക്കഷണങ്ങളെ വലിച്ചു പറിച്ചും കുടഞ്ഞും തുടങ്ങിയ ഈ കാഴ്ചയിൽ തസ്തകരന്മാർ നടുങ്ങുന്നതിനിടയിൽ ശ്വാപ്പടയുടെ ഏതാനും സേനാമുഖങ്ങളും പാണ്ടയെ വളഞ്ഞു ഭയാങ്കരാക്രമണങ്ങൾ തുടങ്ങി. ഈ ജന്തുക്കളെ തുടർന്നു തോക്കുകൾ, ഖഡ്ഗങ്ങൾ, ദീർഘദണ്ഡങ്ങൾ മുതലായ നായാട്ടായുധങ്ങൾ ധരിച്ചുള്ള പത്തിരുനൂറു വേട്ടയാടികളും പാണ്ടയെയും അനുചരസംഘത്തെയും വളഞ്ഞു. അനന്തരസമരം വർണ്ണിക്കേണ്ടതില്ല. ത്രിവിക്രമകുമാരന് അശ്വവിദ്യാവൈദഗ്ദ്ധ്യത്തെ പ്രദർശിപ്പിപ്പാൻ കിട്ടുന്ന അവസരത്തെ നഷ്ടമാക്കരുതെന്നും ശത്രുവിന്റെ അതിസംഖ്യയാൽ ആപദ്ഘട്ടം ഉണ്ടാകുന്നെങ്കിൽമാത്രം പ്രവേശിക്കണമെന്നും പടവീട്ടിൽ വേലുത്തമ്പിയാൽ അനുശാസിതരായിരുന്ന നായാട്ടുകാർ, ആദ്യമേതന്നെ രംഗത്തിൽ പ്രവേശിക്കാതെ താഴ്‌വരയിലെ വനത്തിൽ പതുങ്ങി പാർത്തിരുന്നു. വേട്ടയാടികൾ യുദ്ധരംഗത്തിൽ പ്രേവശിച്ചപ്പോൾ, തസ്കരശിരസ്സുകൾ തകരുന്ന ആരവങ്ങൾ, പാന്ഥദ്രോഹങ്ങളെ സമ്മതിച്ചുള്ള ക്ഷമാപ്രാർത്ഥനകൾപോലെ മുഴങ്ങി. അവരിൽ പലരും ഭുവാസം അവസാനിപ്പിച്ചു നിലംപതിച്ചു. പലരും അധികാരികളുടെ മുമ്പിൽ ഹാജരാ

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/291&oldid=168140" എന്ന താളിൽനിന്ന് ശേഖരിച്ചത്