Jump to content

താൾ:Ramarajabahadoor.djvu/290

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വിന്റെ ആജ്ഞാരവങ്ങളും കേട്ടുതുടങ്ങുന്നു. കണ്ണെത്തുന്നതായ മാർഗ്ഗപരിധിയിൽ അശ്വങ്ങളോടൊന്നിച്ചു സൃഷ്ടിക്കപ്പെട്ടിട്ടുള്ളതുപോലെ മൂന്നു സാദിവീരന്മാർ അതിത്വരയോടും ഭീതികൂടാതെയും ആകാശച്ഛേദനംചെയ്ത് ഉത്തരോന്മുഖമായി പാഞ്ഞുവന്ന് ഇതാ ആപത്സന്ധിയോടണയുന്നു.

നേതാവിന്റെ ഒരു ആജ്ഞാചിഹ്നത്തിൽ മൂന്നുപേരുടെയും ഖഡ്ഗങ്ങൾ ആകാശത്തിൽ ഉയർന്നു വൃക്ഷനിബിഡതകൊണ്ടുള്ള പ്രകാശമാന്ദ്യത്തിനിടയിൽ ദർപ്പണപ്രഭകളെ ദ്രുതസ്ഫുരണംചെയ്യുന്നു. ദശരഥരാമാദികളുടെ സംഹാരത്തിനായിത്തടഞ്ഞ ഭാർഗ്ഗവരാമനെപ്പോലെ ഒരു സത്വം നെടുതായ ശക്തി ദക്ഷിണകരത്തിലും ഊക്കനായ പരിച വാമകരത്തിലും കഠാര, കൈത്തോക്ക് എന്നിതുകൾ അരപ്പട്ടയിലും ധരിച്ചു വാലിട്ടു കെട്ടിയിട്ടുള്ള അരക്കച്ചയാൽ ഉറപ്പിക്കപ്പെട്ട നെടുംചല്ലടത്തിലെ ചെറുചങ്ങലകൾ കിലുങ്ങിച്ചുകൊണ്ട്, കാളമേഘാകൃതിയിൽ മാർഗ്ഗം വിലംഘിച്ചു നിലകൊള്ളുന്നു. നെടിയ താടിയും ഘനംചേർന്ന മീശകളും, ചെമ്പിച്ച കണ്ണുകളും ജടലിച്ചു വിടർന്നുകിടക്കുന്ന കേശവും, പാദങ്ങളിലെ ഇരുമ്പുതളകളും കരദണ്ഡങ്ങളിലെ കടകങ്ങളും കണ്ഠത്തിലെ പാശിശംഖപവിഴങ്ങൾ കോർത്തുള്ള മാലാകലാപവുംകൊണ്ട് അലംകൃതമായ ആ ഭയങ്കരസത്വത്തിൽ, ബഹുജനാന്തകനും, അധികാരവിദ്വേഷിയും ദക്ഷിണാപഥകമ്പനനുമായ പാണ്ട എന്ന ചണ്ഡാലസമ്രാട്ടിന്റെ ദർശനം ത്രിവിക്രമകുമാരനു ലബ്ധമായി. ആ യുവാവിന്റെ മനസാക്ഷികൾ എന്തു ചിത്തഗതിവൈശിഷ്ട്യത്താലോ പെരിഞ്ചക്കോടന്റെ ഭീമാകാരത്തെ തൽക്ഷണം ദർശിച്ചു. ഈ താരകാസുരവിഗ്രഹം ആ ധനാർജ്ജനപ്രമത്തനോടു സഹകരിക്കുമ്പോൾ, ദക്ഷിണതിരുവിതാംകൂർ അപ്പാടെ നടുങ്ങുന്നത് ആശ്ചര്യമല്ലല്ലോ എന്ന് ആ യുവാവു ചിന്തിച്ചു. പാണ്ടയുടെ ധ്യാനനിർമ്മിതമെന്നവണ്ണം പറയുന്നതിനിടയിൽ, വഴിയുടെ പാർശ്വങ്ങളിലും ആ മാന്ത്രികന്റെ പുറകിലും പാറക്കൂട്ടവും നീരാഴിയും പ്രസവിച്ചതുപോലുള്ള ഒരു സേനാപംക്തി അശ്വാരൂഢന്മാരുടെ മാർഗ്ഗനിരോധനത്തിനായി അണിനിരന്നു. ത്രിവിക്രമന്റെ ഒരു ആജ്ഞാഘോഷം അനുചരന്മാരുടെ അശ്വങ്ങളെ നിലകൊള്ളിച്ചു. ആ രണ്ടുപേരും മാർഗ്ഗപാർശ്വങ്ങളിലുള്ള ഭൂതങ്ങളോടു സമരം തുടങ്ങുന്നതിനിടയിൽ ത്രിവിക്രമൻ തന്റെ അശ്വത്തിന്റെ ഉദരത്തിൽ കുതംകൊണ്ടുള്ള പ്രോത്സാഹനക്രിയയെ അനുഷ്ഠിച്ചുകൊണ്ട് അങ്കവടികളിന്മേൽ ഒന്നുയർന്നു; അശ്വത്തിന്റെ ദൈർഘ്യം വർദ്ധിച്ചു; അതിന്റെ നാസാദ്വാരങ്ങൾ വിടർന്നു; നേത്രങ്ങൾ വികസിച്ചു. കടിഞ്ഞാണുകളെ ഓരോ കൈയിലും അമർത്തിക്കൊണ്ടു, അശ്വനേതാവ് ഒന്നു കുനിഞ്ഞപ്പോൾ, ആ ജന്തു തന്റെ ദന്തനിരയെ ക്രൂരതരം പ്രകാശിപ്പിച്ചുകൊണ്ടും കർണ്ണാഗ്രങ്ങളെ സന്ധിപ്പിച്ചും ഭൂമി തൊട്ടുതൊടാതെ ഒരു കുതിയാൽ പാണ്ടയുടെ ശിരോപരിഭാഗത്തുള്ള ആകാശത്തെ ഭേദിച്ച് പിൻഭാഗത്തു നിലകൊണ്ടിരുന്ന ഭൂതസഞ്ചയത്തിൽ പലരുടേയും പല അവയവങ്ങളെയും തകർത്തുകൊണ്ട് വട

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/290&oldid=168139" എന്ന താളിൽനിന്ന് ശേഖരിച്ചത്